Connect with us

National

ബി ജെ പിയെ രാജ്യ തലസ്ഥാനം പുറന്തള്ളുന്നത് ദിശാ സൂചകം

കേന്ദ്ര ഭരണത്തില്‍ 2024 ലും തുടര്‍ച്ച ഉണ്ടാവുന്നതിലൂടെ അധികാരക്കുത്തക തുടരാമെന്ന കണക്കുകൂട്ടലുമായി മുന്നോട്ടു പോകുന്ന ബി ജെ പിക്ക് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്ന തിരിച്ചടി ചെറുതല്ല.

Published

|

Last Updated

കോഴിക്കോട് |  രാജ്യ തലസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഒന്നര പതിറ്റാണ്ടു നീണ്ട  ഭരണത്തില്‍ നിന്നു ബി ജെ പി പുറന്തള്ളപ്പെടുമ്പോള്‍ അത് ഭാവിയിലെ ദിശാ സൂചിയെന്നു വിലയിരുത്തപ്പെടുന്നു.കേന്ദ്ര ഭരണത്തില്‍ 2024 ലും തുടര്‍ച്ച ഉണ്ടാവുന്നതിലൂടെ അധികാരക്കുത്തക തുടരാമെന്ന കണക്കുകൂട്ടലുമായി മുന്നോട്ടു പോകുന്ന ബി ജെ പിക്ക് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്ന തിരിച്ചടി ചെറുതല്ല.
ആകെയുള്ള 250 സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ്  ആം ആദ്മി പാര്‍ട്ടി ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. ഒമ്പത് സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലംപരിശായതും ഗൗരവതരമായ വിശകലനം ആവശ്യപ്പെടുന്നു. ഒന്നരക്കോടിയോളം വോട്ടര്‍മാരുള്ള ദില്ലിയില്‍ 50 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.
ബി ജെ പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യം മുതലാക്കാന്‍ എ എ പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു കഴിയുന്നു എന്ന സൂചനയിലേക്കാണു ഡല്‍ഹി കോര്‍പറേഷന്‍ വിരല്‍ ചൂണ്ടുന്നത്.
കോണ്‍ഗ്രസ്സിലെ  തമ്മിലടി മുതലാക്കി പഞ്ചാബില്‍ കോണ്‍ഗ്രസ്, ബി ജെ പി വിരുദ്ധ വോട്ടുകള്‍ പെട്ടിയിലാക്കി അധികാരമേറാന്‍ കഴിഞ്ഞതിന്റെ ആത്മ വിശ്വാസത്തിലാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എ എ പി പോരിനിറങ്ങിയത്.  ഗുജറാത്തിലെ വ്യക്തമായ ബി ജെ പി വര്‍ഗീയ വോട്ടുബാങ്കിനെ തകര്‍ക്കാന്‍ എ എ പിക്ക് എത്രമാത്രം കഴിയും എന്ന ചോദ്യം നിലനില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്തു നിലനില്‍ക്കുന്ന ബി ജെ പി വിരുദ്ധ വികാരത്തെ ഗുജറാത്തിലും പ്രതിഫലിപ്പിക്കാന്‍ എ എ പിക്കു കഴിയുമെന്നാണ് അവര്‍ കണക്കാക്കുന്നത്.
 2024 ലെ  ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള നീക്കങ്ങള്‍ ബി ജെ പിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും  ആരംഭിച്ചു കഴിഞ്ഞു.  ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി സഖ്യം ഉപേക്ഷിച്ച് ആര്‍ ജെ ഡി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തിയതോടെ 2019 ലേതിനേക്കാള്‍ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുമെന്നാണു കരുതുന്നത്.
എന്നാല്‍ ഇരു മുന്നണികളോടുമുള്ള  ജനങ്ങളുടെ മടുപ്പു മുതലാക്കുന്ന തന്ത്രം മെനയാനാണ് എ എ പി  ശ്രമിക്കുന്നത്.
മതേതര സഖ്യത്തിന്റെ ഭാഗമാകാതെ  ബി ജെ പിയെ ഒറ്റക്കു വീഴ്ത്താമെന്ന  കോണ്‍ഗ്രസ് മോഹങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കുന്നുണ്ട് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍.
2024 ല്‍ അധികാരത്തുടര്‍ച്ച ലക്ഷമിട്ട്  കടന്നു ചെല്ലാന്‍ കഴിയാത്തതും അകന്നു നില്‍ക്കുന്നതുമായ മേഖലകളില്‍ എത്തിപ്പെടാന്‍ പുതിയവഴികള്‍ തേടുകയായിരുന്നു ബി ജെ പി. ഈ ശ്രമങ്ങള്‍ രാജ്യ തലസ്ഥാനത്തു പോലും നിഷ്ഫലമാണെന്നു ബി ജെ പിക്കു തിരിച്ചറിവു പകരുന്നതാണു തിരഞ്ഞെടുപ്പു ഫലം.
വര്‍ഗീയ ധ്രുവീകരണത്തേക്കള്‍ വലിയൊരു മരുന്നും തങ്ങളുടെ വോട്ട് ബാങ്ക് ഉത്തേജിപ്പിക്കാന്‍ കൈയ്യിലില്ലെന്നും ബി ജെ പിക്ക് നല്ല ഉറപ്പുണ്ട്. എന്നാല്‍ രാജ്യ ഭരണത്തില്‍ ഇരുന്നുകൊണ്ടു വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിലുള്ള അങ്കലാപ്പിലാണ് അവര്‍. പൗരത്വ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ഡല്‍ഹിയില്‍ ബി ജെ പി വര്‍ഗീയ കലാപം അഴിച്ചു വിട്ടിരുന്നു. ആ വര്‍ഗീയ കലാപത്തിന്റെ ഫലം തിരഞ്ഞെടുപ്പില്‍ കൊയ്യാന്‍ കഴിഞ്ഞിട്ടില്ല.
ബി ജെ പിക്ക്  കോണ്‍ഗ്രസ് മുക്തഭാരതം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിപുലീകരിച്ച രാഷ്ട്രീയ പദ്ധതികളുണ്ടെങ്കിലും അതൊന്നും ജനങ്ങളെ ഇത്തേജിപ്പിക്കാന്‍ പര്യാപ്തമല്ലെന്നാണ് ഡല്‍ഹി ചൂണ്ടിക്കാണിക്കുന്നത്.
ഹിന്ദുക്കളില്‍ മാത്രം പരിമിതപ്പെടാതെ മറ്റ് സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പിന്നാക്കക്കാരുമായ ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയും അവിടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യണമെന്നു നരേന്ദ്രമോഡി  ആഗ്രഹിക്കുന്നുണ്ടെങ്കിലും ബി ജെ പിയുടെ വര്‍ഗീയ പ്രതിച്ഛായ അതിനെല്ലാം തടസ്സമായി നില്‍ക്കുകയാണെന്നു ഡല്‍ഹി വ്യക്തമാക്കുന്നു.
ഹിന്ദുക്കളുടെ പാര്‍ട്ടി എന്ന മുദ്രയില്‍ മാത്രം ഒതുങ്ങി നിന്നാല്‍ ബി ജെ പിയുടെ അധികാര കുത്തക എളുപ്പമല്ലെന്നകാര്യം നേതൃത്വം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് നിലവില്‍ സ്വാധീനമില്ലാത്ത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലേക്ക് കടന്നു കയറുകയും പുതിയ വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കുകയും ചെയ്യണമെന്നു പാര്‍ട്ടി ആഗ്രഹിച്ചത്.  എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്തും ഗുജറാത്തില്‍ വംശഹത്യ നടത്തിയും രാജ്യത്തെ ന്യൂനപക്ഷങ്ങളെ അരക്ഷിതരാക്കി നേടിയ അധികാരം ഇപ്പോഴും ന്യൂനപക്ഷ-മതേതര സമൂഹങ്ങളില്‍ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലേക്ക് പുതിയ രാഷ്ട്രീയപാത നിര്‍മിക്കാന്‍ ബി ജെ പി ശ്രമിച്ചു വരികയാണ്.  ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ 2017 മുതല്‍ ബി ജെ പി ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട്.
എന്നാല്‍ ബി ജെ പി ഭരണം സമസ്ത ജീവിത മേഖലയിലും സൃഷ്ടിച്ച ആഘാതം ജനങ്ങളെ ഭരണത്തിനെതിരാക്കിയിരിക്കുന്നു. എന്നാല്‍ അവര്‍ക്കു കോണ്‍ഗ്രസില്‍ ബദല്‍ ദര്‍ശിക്കാനും കഴിയുന്നില്ല. ഈ സാഹചര്യം മുതലാക്കാമെന്ന എ എ പി യുടെ പ്രതീക്ഷയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലും സഫലമായിരിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest