സാഹിത്യം
അണഞ്ഞുപോകാതെ, അക്ഷരവെളിച്ചം...
സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവും നൈതികവുമായ അന്തരങ്ങൾ സൃഷ്ടിക്കുന്ന ഭയാനകമായ ജീവിതാവസ്ഥകളുടെ നേർച്ചിത്രങ്ങൾ ആൽഫ്രഡോ ബ്രെയ്സ് എച്ചെനിക്കെ വായനക്കാരുടെ മുന്നിൽ വരച്ചിടുന്നു.
വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ ആൽഫ്രഡോ ബ്രെയ്സ് എച്ചെനിക്കെ ഇക്കഴിഞ്ഞ മാർച്ച് പത്താം തിയ്യതി അന്തരിച്ചു. പെറുവിലെ ഈ മുൻനിര എഴുത്തുകാരൻ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത് എൺപത്തിയേഴാം വയസ്സിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ആകസ്മികമായിരുന്നില്ല. എങ്കിലും ലാറ്റിനമേരിക്കൻ സാഹിത്യലോകത്ത് അത് സൃഷ്ടിച്ച ശൂന്യത വളരെ വലുതാണെന്നതിൽ സംശയമില്ല.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഉപന്യാസകാരൻ എന്നീ നിലകളിൽ അക്ഷരലോകത്ത് സജീവമായിരുന്നു ആൽഫ്രഡോ ബ്രെയ്സ് എച്ചെനിക്കെ (Alfredo Bryce Echenique). അദ്ദേഹത്തിന്റെ മിക്ക രചനകളും ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പെറുവിലെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ എച്ചെനിക്കെയെ തേടിയെത്തിയിരുന്നു.
1939ൽ പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ആൽഫ്രഡോ ബ്രെയ്സ് എച്ചെനിക്കെ ജനിച്ചത്. നിയമവിദ്യാർഥിയായിരിക്കുമ്പോൾ തന്നെ എഴുത്തിനോടുള്ള അഭിനിവേശംമൂലം അദ്ദേഹം സാഹിത്യവും പഠിച്ചു. ഹെമിംഗ് വേയുടെ രചനകളെ അധികരിച്ച് എച്ചെനിക്കെ രചിച്ച പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതിക്കൊണ്ടിരുന്നു.
പ്രതിഭാധനന്മാരായ ലാറ്റിനമേരിക്കൻ എഴുത്തുകാർക്ക് ഫ്രഞ്ച് സർക്കാർ നൽകുന്ന ധനസഹായത്തിന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എച്ചെനിക്കെ പരീസിലേക്കു പോയി. അവിടെ സോർബോൺ സർവകലാശാലയിൽ ഫ്രഞ്ച് സാഹിത്യം പഠിച്ചു ; തുടർന്ന് പി എച്ച് ഡി നേടി വിവിധ കലാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അതിനിടെ ഇറ്റലിയിലും ജർമനിയിലും കുറച്ചുകാലം താമസിച്ചു. 1999ൽ സ്വന്തം രാജ്യത്ത് തിരിച്ചെത്തി, മുഴുവൻ സമയ എഴുത്തിൽ മുഴുകി.
ആൽഫ്രഡോ ബ്രെയ്സ് എച്ചെനിക്കെയുടെ ആദ്യ പുസ്തകം Closed Orchard എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച ചെറുകഥകളുടെ സമാഹാരമാണ്. ആദ്യ പുസ്തകം തന്നെ മികച്ച എഴുത്തുകാരൻ എന്ന അംഗീകാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. 1970 ൽ ആദ്യനോവൽ “A World for Julius’ വെളിച്ചം കണ്ടു. ഈ നോവൽ എച്ചെനിക്കെയുടെ മാസ്റ്റർപീസ് ആയാണ് പരിഗണിക്കുന്നത്. സാഹിത്യനിരൂപകരെയും സാധാരണ വായനക്കാരെയും ഒരുപോലെ ആകർഷിച്ച രചനയാണിത്. പത്തിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, പെറുവിലെ ദേശീയ പുരസ്‌കാരത്തിന് അർഹമായ ഈ നോവൽ ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കൃതികളിൽ ഒന്നായി നിരൂപകലോകം വിലയിരുത്തുന്നു. The Exaggerated Life of Martin Romana, The Garden of my Beloved, So many Times of Pedro, Sad Guide to Paris, Peruvian Magdalena and Other Stories, Penultimate Writings എന്നിവ ഈ എഴുത്തുകാരന്റെ മറ്റു പ്രധാന പുസ്തകങ്ങളിൽ ചിലതാണ്.
പെറുവിലെ ഒരു സമ്പന്ന കുടുംബത്തിലെ നാല് മക്കളിൽ ഏറ്റവും ഇളയവനായ ഒരു ആൺകുട്ടിയുടെ ജീവിതമാണ് “A World for Julius’ എന്ന നോവലിന്റെ പ്രധാന ഇതിവൃത്തം. പിതാവിന്റെ ആകസ്മികമരണത്തിനുശേഷം അമ്മയുടെ പുനർവിവാഹം അവന്റെ മനസ്സിൽ സൃഷ്‌ടിച്ച അരക്ഷിതത്വവും അന്യതാബോധവും വീട്ടിലെ വേലക്കാരുമായി അടുക്കാൻ അവനെ പ്രേരിപ്പിക്കുന്നു. അവരെ തന്റെ സംരക്ഷകരായി കാണുന്നതോടെ അവന്റെയുള്ളിൽ മാതാവിനോടുള്ള വൈകാരികമായ അകൽച്ചക്ക് ആക്കം കൂടുന്നു. അതിനെത്തുടർന്ന് കുടുംബത്തിൽ ഉടലെടുക്കുന്ന അസ്വാരസ്യങ്ങൾ ആവിഷ്കരിക്കുന്നതിലൂടെ പെറുവിലെ കുലീന വർഗങ്ങൾക്ക് സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ളവരോടുണ്ടായിരുന്ന അവജ്ഞയുടേയും അവഗണനയുടേയും ആഴങ്ങളിലേക്കും അത് സമൂഹത്തിലുണ്ടാക്കിയ വിഭാഗീയതയുടേയും അസമത്വങ്ങളുടെയും തീക്ഷ്‌ണതയിലേക്കും നോവലിസ്റ്റ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
കടുത്ത വർഗ വിഭജനം നടമാടുന്ന പെറുവിലെ സാമൂഹികാന്തരീക്ഷവും അവിടുത്തെ ഉന്നതകുലജാതരുടെ പൊങ്ങച്ചവും കാപട്യവും നിറഞ്ഞ ഭോഗലാലസമായ ജീവിതവുമാണ് ഐറണിയും ആക്ഷേപഹാസ്യവും ചേർത്തുകൊണ്ട് ഈ നോവലിൽ എച്ചെനിക്കെ ആവിഷ്കരിക്കുന്നത്. സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവും നൈതികവുമായ അന്തരങ്ങൾ സൃഷ്ടിക്കുന്ന ഭയാനകമായ ജീവിതാവസ്ഥകളുടെ നേർച്ചിത്രങ്ങൾ അദ്ദേഹം വായനക്കാരുടെ മുന്നിൽ വരച്ചിടുന്നു.
ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രചുരപ്രചാരം നേടിയ “ബൂം’ (Boom) എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു ആൽഫ്രഡോ ബ്രെയ്സ് എച്ചെനിക്കെ. ആ പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്നു മാർക്വെസും കാർലോസ് ഫ്യുവെന്ത്‌സും യോസെയും മറ്റും. എഴുത്തിന്റെ പരമ്പരാഗത രീതിശാസ്ത്രങ്ങളെ നിരാകരിച്ചുകൊണ്ട് ലാറ്റിനമേരിക്കൻ സാഹിത്യം അതുവരെ കാണാത്തവിധം പുതുമയാർന്ന ഭാഷയും ആഖ്യാനശൈലിയും പ്രമേയാവിഷ്കാരവും കൊണ്ട് അവർ നടത്തിയ പരീക്ഷണങ്ങൾ ലോകമെമ്പാടുമുള്ള വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആ എഴുത്തുകാരുടെ പാത പിന്തുടർന്നുകൊണ്ടാണ് എച്ചെനിക്കെയും എഴുതിത്തുടങ്ങിയത്. മാജിക്കൽ റിയലിസവും ഐറണിയും ആക്ഷേപഹാസ്യവും എല്ലാം ചേർത്തുകൊണ്ട് അദ്ദേഹം രചിച്ച ചെറുകഥകളും നോവലുകളും വളരെ പെട്ടെന്നുതന്നെ അക്ഷരലോകത്ത് പ്രിയപ്പെട്ടതായി. അദ്ദേഹത്തിന്റെ ഓരോ കൃതിയും ഒരാഘോഷമായാണ് വായനക്കാർ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ എഴുത്തുകാരൻ വിടചൊല്ലിയെങ്കിലും സവിശേഷമായ തന്റെ രചനകളിലൂടെ അദ്ദേഹം ലാറ്റിനമേരിക്കയുടെ അക്ഷരലോകത്ത് ഇനിയും ഏറെ കാലം വിരാജിക്കുക തന്നെ ചെയ്യും.

