Connect with us

Kerala

സര്‍ക്കാറിനെതിരായ കേരളത്തിന്റെ പൊതുവികാരം കൂടിയാണ് പുതുപ്പള്ളിക്കാരുടെ വിധിയെഴുത്തെന്ന് പ്രതിപക്ഷ നേതാവ്

യു ഡി എഫ് ഒരു ടീമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാറിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിച്ചത്. യു ഡി എഫ് ഒരു ടീമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനഃസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി പി എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി പി എം തയാറുണ്ടോ? വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്.

ഗൗരവമായ രാഷ്ട്രീയം യു ഡി എഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി.

53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാറിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്തെന്നും വി ഡി സതീശൻ പറഞ്ഞു.
---- facebook comment plugin here -----

Latest