Connect with us

Prathivaram

സംതൃപ്തിയുടെ താക്കോൽ

Published

|

Last Updated

മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്, സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്ള ആഡംബര വാഹനങ്ങളിലേക്ക്… ഇങ്ങനെയാണ് അവന്റെ ഭാവനാ ലോകം സൃഷ്ടിക്കപ്പെടുന്നത്. തിരുനബി(സ) പറയുന്നു: “മനുഷ്യർക്ക് സമ്പത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍ രണ്ടാമതൊന്നിനെ അവർ ആഗ്രഹിക്കും. രണ്ടാമത്തേത് ലഭിച്ചാലോ മൂന്നാമതൊന്നിനെ ആഗ്രഹിക്കും.

അവന്റെ വയര്‍ മണ്ണുകൊണ്ടല്ലാതെ നിറയുകയില്ല’ (അഹ്്മദ്)
പരാജയവും പരീക്ഷണവും അഭിമുഖീകരിക്കുകയെന്നത് പുതിയ കാലത്തെ മനുഷ്യന്റെ അജൻഡയിൽ ഇല്ല തന്നെ. പരീക്ഷണങ്ങൾക്കും ദുരിതങ്ങൾക്കും ഇരയാകുമ്പോൾ നിരാശയും നിഷ്‌ക്രിയത്വവും അവരിൽ ഉടലെടുക്കുകയും ഒടുവിൽ ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന ചിന്ത പിടികൂടുകയും ചെയ്യുന്നു.
ജീവിതത്തില്‍ കഷ്ടതകളും ദുരിതങ്ങളുമനുഭവിക്കാത്തവർ വളരെ വിരളമാണ്. എല്ലാ ദുഃഖങ്ങളും പ്രശ്നങ്ങളും അവസാനിച്ച ശേഷം സന്തോഷ ജീവിതം നയിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. മഹത്തുക്കളായ പ്രവാചകന്മാരും സാത്വികരായ പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം നിരവധി പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയരായിട്ടുണ്ട്. ജീവിതത്തിന്റെ ലക്ഷ്യത്തെയും അർഥതലങ്ങളെയും തിരിച്ചറിഞ്ഞവരെല്ലാം പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും പുഞ്ചിരിയോടെയും സംതൃപ്തിയോടെയും അഭിമുഖീകരിക്കുകയാണ് ചെയ്തത്. കാരണം, സത്യവിശ്വാസികളില്‍ സദാസമയവും പ്രകടമാകേണ്ട ഒരു സദ്ഗുണമായിട്ടാണ് സംതൃപ്തിയെ വിശുദ്ധ ഖുര്‍ആനും പ്രവാചക മൊഴികളും പരിചയപ്പെടുത്തിയത്.

പരീക്ഷണ ഘട്ടങ്ങളില്‍ ഭീരുക്കളായി മാറിനിൽക്കാതെ, പരാജയം സമ്മതിച്ച് പിന്മാറാതെ തന്നേക്കാൾ പ്രയാസമനുഭവിക്കുന്നവരെക്കുറിച്ചോര്‍ക്കുകയാണ് വേണ്ടത്. അത് വിഷമങ്ങളുടെയും വേദനകളുടെയും കാഠിന്യം കുറക്കാനും സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ ഓർക്കാനും നന്ദി ചെയ്യാനും അവസരം ഒരുക്കും. അബൂഹുറൈറ (റ) വിൽ നിന്നും നിവേദനം. നബി(സ) പറഞ്ഞു: “നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക. നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ നിസ്സാരവത്കരിച്ച് തള്ളാതിരിക്കാന്‍ അതാണ് കരണീയം’ (ബുഖാരി, മുസ്‌ലിം).

ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും ഉള്ളതിൽ സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. എത്ര വലിയ ധനികനാണെങ്കിലും സംതൃപ്തിയില്ലെങ്കില്‍ അവന്‍ പരമ ദരിദ്രനാണ്. തിരുനബി (സ) പറഞ്ഞു. “ഭൗതിക വിഭവങ്ങളിലെ വര്‍ധനവല്ല ഐശ്വര്യം, പ്രത്യുത മനഃസംതൃപ്തിയാണ് ഐശ്വര്യം’ (ബുഖാരി, മുസ്‌ലിം). പ്രശസ്ത ചിന്തകൻ ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം: “സംതൃപ്‌തി ദരിദ്രനെ ധനികനാക്കുന്നു; അതൃപ്‌തി ധനികനെ ദരിദ്രനാക്കുന്നു’.
അലി(റ)വിന് തിരുനബി (സ) നൽകിയ നാൽപ്പത് ഉപദേശങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയെന്നത്. ബൈബിൾ വചനങ്ങളിലും ഇത് കാണാവുന്നതാണ്. “നിങ്ങളു​ടെ ജീവിതം പണസ്നേഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തിപ്പെടുക.’ (എബ്രായർ 13:5)

എങ്ങനെയെങ്കിലും സമ്പത്ത്‌ ഉണ്ടാക്കുക എന്നതാ​യി​രി​ക്ക​രുത്‌ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ ശാരീരിക ഇഛകളെയും ആർഭാടത്തെയും ഉപേക്ഷിക്കുക വഴി ലഭ്യമായതിൽ തൃപ്‌തി​പ്പെ​ടാൻ പഠിക്കണം. ലളിതജീവിതം നയിക്കുന്നവര്‍ക്കാണ് ആത്മസംതൃപ്തിയുണ്ടാകുന്നത്. നന്മയും തിന്മയും ഉയർച്ചയും താഴ്ചയും ഐശ്വര്യവും ക്ഷാമവും സന്തോഷവും സന്താപവും അല്ലാഹുവിന്റെ നിശ്ചയപ്രകാരം സംഭവിക്കുന്നതാണെന്ന ദൃഢവിശ്വാസമുള്ളവർ ദുഃഖമുണ്ടാകുമ്പോള്‍ അവനില്‍ ഭരമേൽപ്പിക്കുകയും സന്തോഷമുണ്ടാകുമ്പോൾ അവന് നന്ദി പ്രകടിപ്പിച്ച് വിനയാന്വിതനായി കഴിയുകയും ചെയ്യുന്നു. അല്ലാഹു നൽകിയതില്‍ സംതൃപ്തിയടയാന്‍ കഴിയുന്നവനാണ് യഥാർഥ വിശ്വാസി. നബി(സ) പറഞ്ഞു: “മുസ്‌ലിമായവന്‍ വിജയിച്ചു. ഉപജീവനത്തിന് മാത്രമുള്ളത് അവന് നല്‍കപ്പെട്ടിരിക്കുന്നു. അവന് ലഭിച്ചതു കൊണ്ട് അല്ലാഹു അവനെ സംതൃപ്തനാക്കുകയും ചെയ്തിരിക്കുന്നു’ (മുസ്‌ലിം). ലഭ്യമായതില്‍ സന്തുഷ്ടിയുണ്ടാകുന്ന മനസ്സ് ലഭിക്കുന്നതിനു വേണ്ടി പ്രാർഥിക്കാൻ പ്രവാചകർ (സ) പഠിപ്പിച്ചിട്ടുണ്ട്. താഴേക്കിടയിലുള്ളവരെ അനുകരിക്കാനും മേലേക്കിടയിലുള്ളവരിലേക്ക് നോക്കാതിരിക്കാനും തിരുനബി (സ) തന്റെ അനുചരരെ നിരന്തരം ഉപദേശിക്കുമായിരുന്നു.

ഖനാഅത്ത് (ഉള്ളതുകൊണ്ട് തൃപ്തിപ്പെടല്‍) ഒരു വിശ്വാസിയുടെ ഉത്തമ ലക്ഷണങ്ങളില്‍ പെട്ടതാണ്. എത്ര കിട്ടിയാലും മതിവരാത്ത സ്വഭാവം വിശ്വാസിക്ക് ഭൂഷണമല്ല. പ്രപഞ്ചവും അതിലെ സർവ ചരാചരങ്ങളും നശ്വരമാണെന്നും സ്രഷ്ടാവിന്റെ സാന്നിധ്യമാണ് ശാശ്വതമായതെന്നും മനസ്സിലുറപ്പിച്ച ഒരാൾക്ക് ഭൗതികതയുടെ അതിപ്രസരങ്ങളോട് അമിതഭ്രമം തോന്നില്ല. കാരണം, ദുനിയാവിലെ സുഖങ്ങൾ ശാശ്വതമല്ലെന്ന് അവന് ഉറച്ച ബോധ്യമുണ്ട്. ശൂന്യമായ കരങ്ങളോടെ ജനിക്കുന്നവൻ തുറന്ന കൈകളുമായാണ് മടങ്ങുന്നത്. ലോകം മുഴുവൻ അടക്കിവാണ അലക്സാണ്ടർ ചക്രവർത്തി തന്റെ അന്ത്യയാത്രയിൽ ശുന്യമായ ഇരുകരങ്ങൾ ശവപ്പെട്ടിക്ക് പുറത്തേക്ക് മാലോകർ കാണത്തക്കവിധത്തിൽ തൂക്കിയിടണമെന്ന് നിർദേശം നൽകിയിരുന്നത്രെ.

ആര്‍ത്തിയിലും ധൂര്‍ത്തിലുമായി നശ്വരമായ ഭൂമിയിലെ സുഖലോലുപതകളിൽ മതിമറന്ന് ആസ്വദിക്കുന്നതിനിടയിലാകും മരണമാസന്നമാകുന്നത്. അപ്പോൾ അവൻ വിരൽ കടിക്കുകയും അവധി നീട്ടിക്കിട്ടാൻ വേണ്ടി പ്രപഞ്ച നാഥനോട് കേണപേക്ഷിക്കുകയും ചെയ്യും. അതിനുവേണ്ടി അവന്റെ സകലസമ്പത്തും സർവസ്വവും സമർപ്പിക്കാൻ സന്നദ്ധനാകും. പക്ഷേ, ആത്മാവ് തൊണ്ടക്കുഴിയിലെത്തിയ ശേഷം പിന്നെന്ത് ക്ഷമാപണം.

Latest