Kerala
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
രണ്ട് കള്ളന്‍മാര്‍ വ്യക്തിപരമായി നേരില്‍ക്കണ്ടത് സോണിയാ ഗാന്ധിയെ ആണെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ട് കള്ളന്‍മാര്‍ വ്യക്തിപരമായി നേരില്‍ക്കണ്ടത് സോണിയാ ഗാന്ധിയെ ആണെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ഉണ്ണികൃഷണന്‍ പോറ്റിയുടെ വീട്ടില്‍ പോയ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിച്ചിരുന്നു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പോറ്റിയെ കണ്ടത് തെറ്റാണെങ്കില്‍ സോണിയാ ഗാന്ധിക്കും പങ്കുണ്ടെന്ന് പറയേണ്ടിവരില്ലേ എന്നായിരുന്നു ഭരണപക്ഷത്തിന്റെ ചോദ്യം. തുടര്‍ന്ന് ഭരണപക്ഷവും സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
താന്‍ പങ്കെടുത്ത എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് കടകംപള്ളിയുടെ വിശദീകരണം. എന്ത് കാര്യത്തിനാണ് പോറ്റിയുടെ വീട്ടില്‍ പോയത് എന്ന് ഓര്‍ക്കുന്നില്ല. പോറ്റിയെ നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട്. 2025 വരെ പോറ്റി കളങ്കിതനാണെന്ന് അറിയില്ലായിരുന്നു. കളങ്കിതനായ വ്യക്തിയെ സോണിയാ ഗാന്ധി വീട്ടില്‍ കയറ്റുമെന്ന് കരുതുന്നില്ല. സി പി എമ്മിനെതിരെ സ്വര്‍ണക്കൊള്ള ആയുധമാക്കുമ്പോള്‍ സോണിയയെ കണ്ടതും ചര്‍ച്ചയാവും. ഇത് സ്വാഭാവിക പ്രതിരോധമാണെന്നും കടകംപള്ളി പറഞ്ഞു.


