Kerala
ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ച് അമ്മയും വിവാഹിതയായ മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കി
കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ്. രാജ്(30) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്
തിരുവനന്തപുരം | ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ച് അമ്മയും വിവാഹിതയായ മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കി. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സയനൈഡ് കഴിച്ചു മരിക്കുകയാണെന്ന ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കള്‍ അയല്‍വാസികള്‍ക്ക് നല്‍കിയ വിവരം അനുസരിച്ച് പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ്. രാജ്(30) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഗ്രീമയുടെ മൃതദേഹത്തിന് മുകളില്‍ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹമുണ്ടായിരുന്നത്.
ഇവര്‍ സയനൈഡ് കഴിച്ചുവെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സജിതയും മകളും ബന്ധുക്കള്‍ക്ക് സന്ദേശം അയയ്ക്കുന്നത്. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകന്‍ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്. ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായി. ഭര്‍ത്താവ് അയര്‍ലാന്‍ഡില്‍ ജോലി ചെയ്യുകയാണ്. പ്രവാസിയായ ഭര്‍ത്താവു മൊന്നിച്ച് ഒരു മാസത്തില്‍ താഴെ മാത്രമാണ് മകള്‍ കഴിഞ്ഞത്.
200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു വിവാഹം. എന്നാല്‍ ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങില്‍ വച്ച് കണ്ടപ്പോള്‍ വിവാഹ മോചനം നേടുന്ന കാര്യം ഭര്‍ത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികളില്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗിനായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

