Connect with us

Ongoing News

യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം തടസ്സപ്പെടുത്തുന്നതായി ബന്ധുക്കള്‍

മരണപ്പെട്ട ജോജന്‍ അലക്‌സിന്റെ സഹോദരി ജിസ അലക്സും ഭര്‍ത്താവ് കെ ജെ റോയിയുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തടസ്സപ്പെടുത്തുന്നതായി ബന്ധുക്കള്‍. മരണപ്പെട്ട ജോജന്‍ അലക്‌സിന്റെ സഹോദരി ജിസ അലക്സും ഭര്‍ത്താവ് കെ ജെ റോയിയും പത്തനംതിട്ട പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണമുന്നയിച്ചത്.

തുമ്പമണ്‍ പാണ്ടിയാംതുണ്ടില്‍ കിഴക്കേതില്‍ പി ഒ അലക്സാണ്ടര്‍-മേരിക്കുട്ടി ദമ്പതികളുടെ മകനായ ജോജന്‍ അലക്സ്(36)നെ കഴിഞ്ഞ മാസം രണ്ടിനാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജോജന്‍ അവിവാഹിതനായിരുന്നു. മരണം നടന്ന് 47 ദിവസം കഴിഞ്ഞിട്ടും കുടുംബത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് രേഖപ്പെടുത്തിയ വിവരങ്ങളൊന്നും എഫ് ഐ ആറിന്റെ പകര്‍പ്പില്‍ ഇല്ലെന്നും സഹോദരി പറഞ്ഞു.

ബാലിശമായ വിവരങ്ങളാണ് കേസന്വേഷിക്കുന്ന പന്തളം പോലീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതെന്നും പന്തളം സ്റ്റേഷനില്‍ എത്തുമ്പോള്‍ കുറ്റവാളികളെ പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും കുടുംബം പറയുന്നു. നിര്‍ധന കുടുംബത്തിലെ വയോധിക മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു ജോജന്‍.

ജനുവരില്‍ 31ന് രാവിലെ ജോലിക്ക് പോയ ജോജനെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെ ഫെബ്രുവരി രണ്ടിന് തുമ്പമണ്‍ പമ്പ് പാലത്തിന് സമീപത്തായി തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേഹമാസകലം മുറിവുകളും പാടുകളും ഉണ്ടായിരുന്നു. തലക്ക് പിന്നില്‍ കണ്ടെത്തിയ മുറിവ് ആമ കടിച്ചതെന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ജോജന്റെ ചെരുപ്പുകള്‍ സമീപത്തെ കടയ്ക്ക് സമീപം കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അടിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു മരക്കഷണവും മൃതദേഹത്തിന് മേല്‍ നിന്ന് കണെത്തി. വെള്ളത്തില്‍ നിന്ന് മൃതദേഹം പൊന്തിവരാതിരിക്കാനാണ് മരക്കഷണം വെച്ചതെന്നും സംശയിക്കുന്നു.

കാണാതാകുന്ന ദിവസം വൈകിട്ട് ജോജന്‍ തുമ്പമണ്‍ പഞ്ചായത്ത് ഓഫീസിന് സമീപം വരെ എത്തുന്നത് പഞ്ചായത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കുടുംബം സംശയിക്കുന്ന വ്യക്തി രണ്ട് ദിവസം കൈവശം സൂക്ഷിച്ചു. ഇതിലേക്ക് നാട്ടുകാര്‍ തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. പല പ്രാവശ്യം വീട്ടില്‍ എത്തിയിട്ടും ഫോണ്‍ കൈവശമുള്ള വിവരം ഇയാള്‍ കുടുംബത്തിനെ അറിയിച്ചതുമില്ല. കാണാതായ ദിവസം ഇവര്‍ നാലുപേര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. വ്യാപാരിയായ, പ്രതിയെന്ന സംശയിക്കുന്നയാള്‍ അന്നേദിവസം രാത്രി 8.30ന് വീട്ടിലെത്തിയെന്ന് അവകാശപ്പെടുമ്പോള്‍ രാത്രി 11 മണിക്ക് എത്തിയെന്നാണ് ഇയാളുടെ ഭാര്യ പോലീസിന് നല്‍കിയ മൊഴി.

സ്ഥലം എം എല്‍ എയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ അവസാനം മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറിയതെന്ന് കുടുംബം പറയുന്നു. മൊബൈലിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായും ജോജന്റെ സഹോദരിയും ഭര്‍ത്താവും പറഞ്ഞു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ജോജനും സഹപ്രവര്‍ത്തകനുമായി പഞ്ചായത്ത് ജങ്ഷന് സമീപം തര്‍ക്കം നടന്നിരുന്നതായും വിവരമുണ്ട്.

എം എല്‍ എ എത്തുമെന്ന് അറിയിച്ചതല്ലാതെ ഇതുവരെ എത്തിയിട്ടില്ല. പഞ്ചായത്തംഗം ഉള്‍പ്പെടെ ആരും തങ്ങളുടെ വീട്ടില്‍ വന്നിട്ടില്ലെന്നും കുടുംബം പറയുന്നു. 47 ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറാന്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറായിട്ടില്ല. സാധാരണ ഒരാഴ്ച കഴിയുമ്പോള്‍ റിപ്പോര്‍ട്ട് കൈമാറാറുള്ളതാണ്. ഇതിലെല്ലാം ദുരൂഹത ആരോപിക്കുകയാണ് കുടുംബം.

Latest