Kerala
അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
ദമ്പതിമാർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഒരറിവും ഇല്ലെന്ന് ബന്ധുക്കൾ
കോട്ടയം | അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ദുരൂഹതകൾ ഏറുന്നു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീര (32) യെയാണ് ഭർത്താവ് അമൽ റെജി ഷിക്കാഗോയിൽവെച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. ദമ്പതിമാർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഒരറിവും ഇല്ലെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. വെടിവെപ്പ് സംഭവത്തിന് പിന്നാലെയാണ് ഇരുവർക്കും ഇടയിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് അറിയുന്നതെന്നാണ് കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കുടുംബപ്രശ്നവും സാമ്പത്തിക പ്രശ്നവുമാണ് കഴിഞ്ഞ ദിവസം രാവിലെ അമൽറെജി ഗർഭിണിയായ ഭാര്യയെ വെടിവെക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ദമ്പതിമാർക്കിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങളുള്ളതായി ആർക്കും തന്നെ അറിവില്ല. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽവന്ന ദമ്പതിമാർ സന്തോഷത്തോടെയാണ് മടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം മീരയുടെ രണ്ട് സഹോദരന്മാരുടെ പേരുകൾ പറഞ്ഞാണ് പ്രതി വെടിയുയർത്തിയതെന്നും വിവരമുണ്ട്. ഇവർ കാരണം സമാധാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ഒരു വീഡിയോ അമൽ റെജി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വെടിയേറ്റ മീര ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.