Organisation
ഐ സി എഫ് ഇടപെട്ടു; കാരുണ്യച്ചിറകിലേറി ഹംസ നാട്ടിലെത്തി
ഐ സി എഫിൻ്റെ സാന്ത്വന വിഭാഗമായ വെൽഫെയർ സമിതിയാണ് മേൽനോട്ടം വഹിച്ചത്.

ഹായിൽ | കഴിഞ്ഞ നവംബർ മുതൽ ഗുരുതര അസുഖത്തെ തുടർന്ന് സഊദി അറേബ്യയിലെ കിംഗ് സൽമാൻ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ അഡ്മിറ്റ് ചെയ്തിരുന്ന തൃശൂർ കൈപമംഗലം സ്വദേശിയായ ഹംസയെ തുടർ ചികിത്സക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹായിൽ സിറ്റിയിൽ ടെയ്ലറിംഗ് വർക്ക് നടത്തിവന്നിരുന്ന ഹംസയെ ശ്വാസതടസ്സത്തെ തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടരെയുണ്ടായ കാർഡിയാക്ക് അറസ്റ്റ് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും സ്ഥിതി വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകമായയിരുന്നു.
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ ഐ സി എഫ് ഹായിൽ സെൻട്രൽ വെൽഫെയർ സമിതി ഇടപെടുകയും വെൻ്റിലേറ്റർ സംവിധാനത്തിൽ തന്നെ എയർലിഫ്റ്റ് ചെയ്യാൻ തിരുമാനിക്കുകയും ചെയ്തിരുന്നു. നാട്ടിലെത്തിക്കാനുള്ള ഭീമമായ ചിലവ് ഹായിൽ നവോദയ സാംസ്കാരിക വേദി, ബെസ്റ്റ് വേ ഡ്രേവേഴ്സ് ഹായിൽ യൂനിറ്റ്, രിസാല സ്റ്റഡി സർക്കിൾ, വിവിധ മത, സാമൂഹിക, സോഷ്യൽ മീഡിയ കൂട്ടായ്മകൾ ചേർന്ന് ഹായിൽ പ്രവാസികളായ സുമനസ്സുകളിൽ നിന്ന് വലിയ സംഖ്യ സ്വരൂപിച്ചു. ഹംസയുടെ താമസരേഖ കാലാവധി വർഷങ്ങളായി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസിയുടെ ഇടപെടലും ജിവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ചാൻസ അബ്ദുർറഹ്മാൻ തുടങ്ങിയവരുടെ സഹായത്താൽ നാട്ടിലേക്ക് പോകാനുള്ള നിയമ രേഖകളും പൂർത്തിയാക്കി.
ലക്ഷക്കണക്കിന് റിയാലിൻ്റെ ആശുപത്രി ചെലവുകൾ സൗജന്യ ചികിത്സയിൽ ഉൾപ്പെടുത്തി ഒഴിവാക്കിയിരുന്നു. സഊദി ആരോഗ്യ വിഭാഗത്തിൻ്റെ വെൻ്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിലാണ് മെഡിക്കൽ സംഘത്തോടെപ്പം റിയാദ് എയർപോർട്ടിൽ എത്തിച്ചത്. കേരളത്തിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘത്തോടൊപ്പം വെൻ്റിലേറ്ററിൽ തന്നെ നാട്ടിലെത്തിക്കുകയും ചെയ്തു. ഹംസയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ഐ സി എഫ് ഹായിൽ സെൻട്രൽ നേതാക്കളായ ബശീർ സഅദി കിന്നിംഗാർ, ബശീർ നെല്ലളം, ഷാജഹാൻ അഹ്സനി, അബ്ദുസ്സലാം റശാദി ആലുവ, റഫീഖ് കൊടുവള്ളി, അഫ്സൽ കായംകുളം, നൗഫൽ പറക്കുന്ന്, ബാസിത് മുക്കം നേതൃത്വം നൽകി. ഐ സി എഫിൻ്റെ സാന്ത്വന വിഭാഗമായ വെൽഫെയർ സമിതിയാണ് മേൽനോട്ടം വഹിച്ചത്.