umra
ഉംറ നിര്‍വഹിച്ചു ആദ്യ മലയാളി സംഘം തിരിച്ചെത്തി
കൊവിഡ് മാനദണ്ഡപ്രകാരം യു എ ഇ, സൗദി സര്‍ക്കാറുകളുടെ അംഗീകാരമുള്ള ഏജന്‍സികള്‍ വഴി മുന്‍കൂട്ടി ഹോട്ടല്‍ റൂം ബുക്ക് ചെയ്ത് മാത്രമേ ഉംറ നിര്‍വഹിക്കാനാകുക
അബൂദബി | കൊവിഡ് കാരണം നിര്‍ത്തലാക്കിയ ഉംറ സിയാറത്ത് പുനരാരംഭിച്ചതോടെ യു എ ഇ യില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ പോയ ആദ്യ മലയാളി സംഘം ഉംറ നിര്‍വഹിച്ചു ദുബൈയില്‍ തിരിച്ചെത്തി. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യര്‍മൂക് ട്രാവല്‍സ് വഴി ദുബൈയില്‍ നിന്നും വിമാനത്തില്‍ പോയ 25 അംഗ സംഘമാണ് ഉംറ നിര്‍വഹിച്ചു തിരിച്ചെത്തിയത്. കൊവിഡ് മാനദണ്ഡപ്രകാരം യു എ ഇ, സൗദി സര്‍ക്കാറുകളുടെ അംഗീകാരമുള്ള ഏജന്‍സികള്‍ വഴി മുന്‍കൂട്ടി ഹോട്ടല്‍ റൂം ബുക്ക് ചെയ്ത് മാത്രമേ ഉംറ നിര്‍വഹിക്കാനാകുക.
സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രമാണ് ഉംറ വിസ അനുവദിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ ഏജന്‍സിയുടെ പി ആര്‍ ഒ ക്ലിയറന്‍സിന് ശേഷം മാത്രമാണ് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യമാകുകയുള്ളൂ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച യു എ ഇ റസിഡന്‍സ് വിസയുള്ളവര്‍ക്ക് മാത്രമാണ് ഉംറ വിസ ലഭിക്കുക. ഇവരുടെ പാസ്പോര്‍ട്ടിന് ആറ് മാസവും വിസക്ക് മൂന്ന് മാസവും കാലാവധി വേണം.
സൗദി അംഗീകൃത വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പുതിയ നിബന്ധന പ്രകാരം വിസ ലഭിക്കുക. യു എ ഇ യില്‍ നിന്നും സിനോഫാം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നിലവില്‍ വിസ ലഭിക്കില്ല. ഇത്തരക്കാര്‍ ബൂസ്റ്റര്‍ ഡോസായി ഫൈസര്‍- ബയോഎന്‍ടെക് കുത്തിവെക്കണം. ഇന്ത്യയില്‍ നിന്നും കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉംറ വിസ ലഭിക്കും . സഊദിയില്‍ എത്തിയതിന് ശേഷം മദീനയില്‍ റൗള ശരീഫില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ ഹറമില്‍ തവാഫ് ചെയ്യുന്നതിനും തവക്കല്‍ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത് മുന്‍കൂര്‍ അനുമതി നേടണം.
സ്വകാര്യ വാഹനം വഴി യാത്രചെയ്ത് നിലവില്‍ ഉംറ നിര്‍വഹിക്കാനാകില്ലെന്ന് യര്‍മൂക് ട്രാവല്‍സ് എം ഡി ഉസ്മാന്‍ സഖാഫി തിരുവത്ര അറിയിച്ചു. പ്രഗത്ഭരായ മലയാളി അമീറുമാരുടെ കീഴില്‍ എയര്‍ സര്‍വീസിന് പുറമെ ബസ്സ് വഴിയും യര്‍മൂക്ക് ഉംറ സര്‍വീസ് ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
പുതിയ നിബന്ധന പ്രകാരം ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ യര്‍മൂക് ട്രാവല്‍സില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വിശദ വിവരങ്ങള്‍ക്ക് 0504910490, 026384556 നമ്പറില്‍ ബന്ധപ്പെടാം.


