Connect with us

സാഹിത്യം

ആലസ്യത്തിന്റെ മഹാഗാഥ

ഒബ്ലമോവ് എന്ന കൃതി അതിന്റെ സവിശേഷമായ പ്രമേയത്തിൽ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട നോവലാണ്. ചെഖോവിന്റെയും ടോൾസ്റ്റോയിയുടെയും തുർഗനേവിന്റെയും സമകാലീനനായ ഗഞ്ചറോവിനെ ആ മഹാരഥന്മാരോടൊപ്പം റഷ്യൻ സാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിച്ച രചനയാണിത്. റഷ്യൻ ഭാഷയിൽ നാല് വോള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ അലസതയും നിഷ്ക്രിയത്വവും സൃഷ്ടിക്കുന്ന സാമൂഹിക, ധാർമിക പ്രതിസന്ധികളെ സത്യസന്ധമായി അവതരിപ്പിക്കുന്നു. ആലസ്യത്തിന്റെ മഹാഗാഥയെന്ന് ഈ നോവലിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

Published

|

Last Updated

ലോക ക്ലാസ്സിക്കുകളിൽ ഏറെ ശ്രദ്ധേയമായൊരു രചനയാണ്‌ വിശ്രുത റഷ്യൻ എഴുത്തുകാരൻ ഇവാൻ ഗഞ്ചറോവിന്റെ ഒബ്ലമോവ്. അലസതയുടെ മൂർത്തീമദ്്രൂപമായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഹാസത്തിന്റെ മേമ്പൊടി ചേർത്ത് ഇതിൽ ആവിഷ്കരിക്കുന്നത്. റിയലിസത്തിന്റെ സാധ്യതകളെ വിദഗ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു സിംബോളിക് രചന നടത്തുകയായിരുന്നു ഗഞ്ചറോവ്. റഷ്യയിൽ മാത്രമല്ല എണ്ണമറ്റ വിവർത്തനങ്ങളിലൂടെ ലോക ഭാഷകളിലെല്ലാം ഈ നോവൽ വായിക്കപ്പെടുകയുണ്ടായി.

ഇവാൻ അലക്‌സാന്ദ്രവിച്ച് ഗഞ്ചറോവ് (Ivan Alexandrovich Gonchorov) 1812 ൽ റഷ്യയിലെ സിംബിർസ്‌കിൽ ഒരു സമ്പന്ന വണിക് കുടുംബത്തിലാണ് ജനിച്ചത്. മോസ്‌കോ സർവകലാശാലയിൽനിന്നും ബിരുദം നേടിയശേഷം അദ്ദേഹം സിംബിർസ്കിലെ ഗവർണറുടെ ഓഫീസിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ചു. പിന്നീട് സെന്റ് പീറ്റേഴ്‌സ് ബർഗിലെത്തിയശേഷം അവിടെ സർക്കാർ സർവീസിൽ ചേർന്നു. ആ സമയത്തുതന്നെ ആനുകാലികങ്ങളിൽ അദ്ദേഹം കവിതകളും കഥകളും എഴുതുന്നുണ്ടായിരുന്നു.

1847 ൽ ആദ്യ നോവൽ Common Story പ്രസിദ്ധീകരിച്ചു. ആദർശവാദിയായ ഒരു ചെറുപ്പക്കാരന്റെ മോഹഭംഗങ്ങളുടെ കഥ പറയുന്ന ഈ രചന അക്കാലത്തെ നിരൂപകപ്രതിഭയായ വിസാറിൻ ബെലിൻസ്കിയുടെ മുക്തകണ്ഠമായ പ്രശംസ നേടുകയുണ്ടായി. റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തമമാതൃകയായി വിശേഷിപ്പിച്ച ഈ നോവൽ ദസ്തയേവ്സ്കിയുടെ ഏഴകൾ (The Poor Folk) ക്കുശേഷം റഷ്യയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രചനയായിത്തീർന്നു. 1855 മുതൽ ഗഞ്ചറോവ് നിരവധി യാത്രാക്കുറിപ്പുകൾ എഴുതിയിരുന്നു. ഒദ്യോഗിക ആവശ്യങ്ങൾക്കായി ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച സമയത്തെ അനുഭവങ്ങളായിരുന്നു അവയിൽ മിക്കവയും. 1891 ൽ അദ്ദേഹം അന്തരിച്ചു.
ഗഞ്ചറോവിനെ രാജ്യാന്തര തലത്തിൽ പ്രശസ്തനാക്കിയത് ഒബ്ലമോവ് (Oblomov) എന്ന രണ്ടാമത്തെ നോവലാണ്. 1849 ൽ പ്രസിദ്ധീകരിച്ച ഒബ്ലമോവിന്റെ സ്വപ്നം എന്ന രചനയാണ്‌ ഈ നോവലിന്റെ ആദ്യരൂപം. ഒരു പൂർണനോവലായി ഇത് പുറത്തുവന്നത് പിന്നെയും പത്ത് വർഷം കഴിഞ്ഞ് 1859 ലായിരുന്നു. (ആകെ മൂന്ന് നോവലുകൾ മാത്രം എഴുതിയിട്ടുള്ള ഗഞ്ചറോവിന്റെ മൂന്നാമത്തെ നോവൽ The Precipice (1869) ശ്രദ്ധിക്കപ്പെട്ടില്ല.)

റഷ്യൻ സാഹിത്യത്തിലെ ഏറ്റവും ശക്തമായ സിംബോളിക് രചനകളിൽ ഒന്നാണ് ഒബ്ലമോവ്. ഇതിലെ പ്രധാന കഥാപാത്രമായ ഒബ്ലമോവ് മടിയനായ ഒരു ചെറുപ്പക്കാരനാണ്. ഒബ്ലമോവ് വെറുമൊരു കഥാപാത്രം മാത്രമല്ല, ഒരു പ്രതീകം കൂടിയാണ്. അക്കാലത്തെ അലസതയിലും ഭോഗലാലസതയിലും മുങ്ങിപ്പോയ റഷ്യൻ മധ്യവർഗത്തിന്റെ ശരിയായ പ്രതിനിധിയായാണ് ഈ കഥാപാത്രത്തെ ഗഞ്ചറോവ് ആവിഷ്കരിക്കുന്നത്. കുലീനവർഗത്തിൽപ്പെട്ട ഒബ്ലമോവ് അങ്ങേയറ്റത്തെ അലസനും നിഷ്ക്രിയനുമാണ്.

ജീവിതത്തിന്റെ ഏറിയ പങ്കും തന്റെ മുറിയിലെ കട്ടിലിൽ കിടക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത്. ഈ കഥാപാത്രത്തിൽനിന്നുമാണ് റഷ്യയിൽ അക്കാലത്ത് വലിയ പ്രസിദ്ധി നേടിയ ഒബ്ലമോവിസം എന്ന പദം ഉദ്ഭവിച്ചത്. അലസതയുടെ ഉച്ചസ്ഥായിലുള്ള അവസ്ഥയാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. നോവലിസ്റ്റിന്റെ തന്നെ വാക്യത്തിൽ പറഞ്ഞാൽ ഓരോ കാലുറയും ശരിയായ കാലിൽ തന്നെ ഇടുക എന്നതുപോലും ശ്രമകരമായ യത്നമായി കാണുന്ന ഒരു ജീവിതവീക്ഷണമാണിത്.

ഒരു കത്തെഴുതണമെങ്കിൽ കുറെ ദിവസം മുൻപു തന്നെ തയ്യാറെടുത്ത് ഒടുവിൽ എഴുതാതിരിക്കുക എന്ന തീരുമാനത്തിലെത്തുന്ന ഒരു സ്വഭാവം. പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യയിൽ ഏറെ പ്രതാപത്തോടെ നിലനിന്നിരുന്ന ജന്മിവ്യവസ്ഥയിൽ സമ്പന്ന ഭൂവുടമകൾക്ക് വന്നു ചേർന്ന കർമവിമുഖതയുടെ ബീഭത്സമുഖം ഈ നോവലിൽ അനാവൃതമാകുന്നു. പകൽക്കിനാവുകളിൽ മുഴുകി ഉത്തരവാദിത്വങ്ങൾ മറന്ന് അലസതയുടെയും ഭോഗലാലസതയുടെയും നിഷ്ക്രിയലോകത്ത് അഭിരമിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യവർഗ, ബുദ്ധിജീവികളെ ഈ നോവലിൽ ഗഞ്ചറോവ് കണക്കറ്റ് കളിയാക്കുന്നുണ്ട്.

ഒബ്ലമോവ് എന്ന കൃതി അതിന്റെ സവിശേഷമായ പ്രമേയത്തിൽ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട നോവലാണ്. ചെഖോവിന്റെയും ടോൾസ്റ്റോയിയുടെയും തുർഗനേവിന്റെയും സമകാലീനനായ ഗഞ്ചറോവിനെ ആ മഹാരഥന്മാരോടൊപ്പം റഷ്യൻ സാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിച്ച രചനയാണിത്. റഷ്യൻ ഭാഷയിൽ നാല് വോള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ അലസതയും നിഷ്ക്രിയത്വവും സൃഷ്ടിക്കുന്ന സാമൂഹിക, ധാർമിക പ്രതിസന്ധികളെ സത്യസന്ധമായി അവതരിപ്പിക്കുന്നു. ആലസ്യത്തിന്റെ മഹാഗാഥയെന്ന് ഈ നോവലിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

Latest