Connect with us

From the print

കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ വളരുന്നതായി തോന്നിയിട്ടില്ല:ഡി ജി പി

ലഹരി വ്യാപനത്തെ നേരിടാൻ പ്രത്യേക നയം രൂപവത്കരിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ചയുള്ളതായി തോന്നിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കുമെന്നും പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും കൃത്യമായി അന്വേഷിക്കുകയും ശക്തമായ നടപടിയെടുക്കുകയും ചെയ്യും. ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികളുണ്ടാകും. ലഹരിവ്യാപനം തടയാൻ പ്രത്യേക നയം രൂപവത്കരിക്കാനാണ് ആലോചിക്കുന്നത്.
രാജ്യത്ത് ക്രമസമാധാന പാലനം ഏറ്റവും നന്നായി നടക്കുന്നത് കേരളത്തിലാണ്. ക്രമസമാധാനം ശക്തിപ്പെടുത്തും. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതോടൊപ്പം ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റം സൗഹാര്‍ദ പൂര്‍ണമാക്കും. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ നടപടിയുണ്ടാകും.

സൈബര്‍ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. പൊതുജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് നടപടികള്‍ കര്‍ശനമാക്കും. സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും റവാഡ ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.

സംസ്ഥാന പോലീസ് മേധാവിയാകാന്‍ അവസരം നല്‍കിയതിന് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാഡ ചന്ദ്രശേഖര്‍ സംസാരം തുടങ്ങിയത്.
അതേസമയം, കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു പ്രതികരണം. സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. സേവനം മാത്രമാണ് ലക്ഷ്യമെന്നും പോലീസ് മേധാവി വ്യക്തമാക്കി.
പ്രൊഫഷനല്‍ യാത്ര നന്നായി പോകുന്നുണ്ട്. വിവാദങ്ങള്‍ക്കിടയിലൂടെ പോകുന്നുവെന്ന് തോന്നുന്നില്ലെന്നും ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും റവാഡ പറഞ്ഞു.