Kerala
താന്‍ ബി ജെ പിയില്‍ ചേരുമെന്ന് അന്‍വറിനെ അറിയിച്ചിരുന്നു; തൃണമൂല്‍ പുറത്താക്കിയ എന്‍ കെ സുധീര്‍
പി വി അന്‍വര്‍ യു ഡി എഫിലേക്ക് വരാന്‍ സാധ്യതയില്ല

കൊച്ചി | ബി ജെ പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന കാര്യം പി വി അന്‍വറിനെ താന്‍ നേരത്തേ
അറിയിച്ചിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പുറത്താക്കിയ തൃശൂര്‍ ജില്ലാ മുന്‍ ചീഫ് കൊ- ഓര്‍ഡിനേറ്റര്‍ എന്‍ കെ സുധീര്‍. പി വി അന്‍വര്‍ യു ഡി എഫിലേക്ക് വരാന്‍ സാധ്യതയില്ലെന്നും സുധീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഞാന്‍ ബി ജെ പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ കഴിഞ്ഞിട്ടില്ല, തുടങ്ങാന്‍ പോകുന്നേയുള്ളൂവെന്നും അന്‍വറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സ് അടഞ്ഞ അധ്യായമാണ്. സതീശന്‍ നൂറ് സീറ്റ് കിട്ടുമെന്നാണ് പറയുന്നത്. എവിടുന്നാണ് ഈ നൂറ് സീറ്റെന്നും എന്‍ കെ സുധീര്‍ ചോദിച്ചു.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ടി എം സി നേതാവ് പി വി അന്‍വര്‍ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്. പിന്നാലെയാണ് ബി ജെ പി പ്രവേശനം സംബന്ധിച്ച് പരസ്യമായി പ്രതികരിച്ചത്. എ ഐ സി സി മുന്‍ അംഗവുമായിരുന്നു സുധീര്‍.