International
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം വിച്ഛേദിച്ച് ഇറാൻ
പാര്‍ലിമെന്റ് പാസ്സാക്കിയ ബില്ലിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ അംഗീകാരം

തെഹ്‌റാന്‍ | അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐ എ ഇ എ) ഇറാന്‍ സഹകരണം അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച ബില്ലിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അംഗീകാരം നല്‍കി. ഇറാന്‍ പാര്‍ലിമെന്റ് കഴിഞ്ഞ ആഴ്ച പാസ്സാക്കിയ ബില്ലാണ് പ്രസിഡന്റ് അംഗീകരിച്ചത്.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിക്കുന്നതാണ് ബില്ല്. പ്രസിഡന്റ് കൂടി അംഗീകരിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷകര്‍ക്ക് ഇനി ഇറാനിലേക്ക് പ്രവേശിക്കാനാകില്ല.
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അപലപിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം ഇറാന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇസ്‌റാഈലുമായുള്ള സംഘര്‍ഷത്തിനിടെ ജൂണ്‍ 13നായിരുന്നു ഇറാനിയന്‍ സൈനിക, ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്‌റാഈലും യു എസും വ്യാമാക്രമണം നടത്തിയത്.
യു എസ് മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ബോംബിടുകയും ഇതിന് പ്രതികാരമെന്നോണം ഖത്തറിലെ യു എസ് സൈനിക താവളം ഇറാന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 24ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് പശ്ചിമേഷ്യയെ ആശയങ്കയിലാഴ്ത്തിയ 12 ദിവസത്തെ ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷമൊഴിഞ്ഞത്.