Kerala
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ ഉണ്ടായിരുന്നത് സ്വര്‍ണം: മുന്‍ തന്ത്രി കണ്ഠരര് രാജീവര്
'ദ്വാരപാലക ശില്‍പങ്ങള്‍ ശബരിമലയില്‍ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി നല്‍കിയത്. ശില്‍പങ്ങള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല.'

പത്തനംതിട്ട | സ്വര്‍ണപ്പാളി വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ ഉണ്ടായിരുന്നത് സ്വര്‍ണം ആയിരുന്നെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ‘ദ്വാരപാലക ശില്‍പങ്ങള്‍ ശബരിമലയില്‍ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി നല്‍കിയത്. ശില്‍പങ്ങള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല. ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് എന്റെ അനുമതി ഇല്ലാതെയാണ്.’- കണ്ഠരര് രാജീവര് പറഞ്ഞു. താന്‍ നല്‍കിയ കത്തുകളില്‍ എല്ലാം സ്വര്‍ണം എന്നാണ് എഴുതിയിരിക്കുന്നതെന്നും ചെമ്പ് മാത്രമായി ഒരിടത്തും സ്ഥാപിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കള്ളം പറയുകയാണെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ദ്വാരപാലക ശില്‍പങ്ങളുടെ കുറച്ച് ഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. പുറത്തുകൊണ്ടുപോയത് തന്റെ അറിവോടെയല്ല. കോടതി അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തനിക്ക് കോടതിയെ വിശ്വാസമാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.
ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്നു പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണത്തില്‍ കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. 1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന് താന്‍ തുടര്‍ച്ചയായി സംശയം ഉന്നയിച്ചപ്പോള്‍ ഗോള്‍ഡ് സ്മിത്തിന്റെ റിപോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അതിന് അനുമതി വാങ്ങിയെടുത്തത്. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടേയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതെന്നും തന്ത്രി പറഞ്ഞിരുന്നു.
സെപ്തംബര്‍ എട്ടിനാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയത്. കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു ഇത്. ഇതിനിടെ പാളികളുടെ ഭാരത്തില്‍ കുറവ് വന്നതായി ഹൈക്കോടതി കണ്ടെത്തി. 2019ല്‍ അറ്റകുറ്റപ്പണിക്കായി പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം നിലയ്ക്ക് കൊണ്ടുപോയിരുന്നു. ഒരു മാസത്തോളം കൈവശം വച്ച ശേഷമാണ് സ്വര്‍ണം പൂശി തിരികെ എത്തിച്ചത്. 2025ലും സ്വന്തം നിലയ്ക്ക് സ്വര്‍ണപ്പാളി കൊണ്ടുപോകാമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചെങ്കിലും അന്ന് അനുമതി നല്‍കിയിരുന്നില്ല.