Connect with us

articles

പിഴുതെറിയണം വിഷമാഫിയയെ

രക്ഷിതാക്കൾ അതീവ ശ്രദ്ധ ചെലുത്തണമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മറ്റൊരു മുന്നറിയിപ്പ്. മക്കളെ ഉന്നത നിലവാരത്തിലുള്ള, മികച്ച സൗകര്യങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും ഹോസ്റ്റലിലും ചേർക്കുന്നതോടെ ഉത്തരവാദിത്വം തീർന്നെന്ന് കരുതരുത്. ഹോസ്റ്റലുകളിൽ താമസിക്കുന്നവരടക്കമുള്ള കുട്ടികളെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം. ഫോണിൽ കാര്യങ്ങൾ തിരക്കണം. അവരോട് സ്‌നേഹത്തോടെ പെരുമാറണം.

Published

|

Last Updated

കൊറിയർ സർവീസ് വഴി മാരക ലഹരി വസ്തുവായ എം ഡി എം എ കടത്തിയ കേസിൽ പിടിയിലായ കൊല്ലംകാരനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ എക്‌സൈസ് വകുപ്പ് ഇന്നലെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ബെംഗളൂരുവിലെ കോളജിൽ നഴ്‌സിംഗിന് പഠിക്കുകയാണ് പിടിയിലായ വിദ്യാർഥി. ഇയാൾ ലഹരിമാഫിയയുടെ വലയിൽ എങ്ങനെ അകപ്പെട്ടു എന്ന അന്വേഷണത്തിൽ ചുരുളഴിഞ്ഞത് അത്യധികം ഭീതിപ്പെടുത്തുന്ന വസ്തുതകളാണെന്നായിരുന്നു എക്‌സൈസിന്റെ വെളിപ്പെടുത്തൽ.

ലഹരി റാക്കറ്റിലുൾപ്പെട്ട ഈ കോളജിലെ വിദ്യാർഥികളെല്ലാം മലയാളികളാണെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. കോളജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ചില മുൻ വിദ്യാർഥികൾ നടത്തുന്ന ഈ റാക്കറ്റിലേക്ക് ലഹരി പാർട്ടികൾ വഴിയാണ് വിദ്യാർഥികളെ കണ്ടെത്തുന്നത്. പിന്നീട് ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നു. ഈ മലയാളികളെ കുടുക്കിട്ട് പിടിച്ച ലഹരിമാഫിയ അത്ര നിസ്സാരക്കാരല്ലെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.

ലഹരിക്കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർഥികളുടെയും അതേ കോളജിൽ പഠിക്കുന്ന ലഹരി ഉപയോഗിക്കുന്ന മറ്റ് വിദ്യാർഥികളുടെയും ബേങ്ക് എ ടി എം കാർഡ് ഉൾപ്പെടെ കൈക്കലാക്കി, അതുവഴി പണമിടപാടുകൾ നടത്തിയാണ് സംഘം തടിച്ചുകൊഴുക്കുന്നത്. ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കും. എ ടി എം കാർഡ് ഉപയോഗിച്ച് പിന്നീട് പിൻവലിച്ചെടുക്കും. ഇതാണ് ഇവരുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കേസുകളോ മറ്റോ വന്നാൽ തങ്ങളിലേക്ക് യാതൊരു വിധ അന്വേഷണവും എത്താതിരിക്കാനുള്ള ലഹരി മാഫിയയുടെ അടവാണിത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ആണ് ഈ അക്കൗണ്ടുകൾ വഴി നടന്നതത്രെ. നാട്ടിലും മറുനാട്ടിലും മലയാളികളെ മാത്രം നോട്ടമിട്ട് വേരുറപ്പിച്ച, ലഹരിപ്പണം കൊണ്ട് തടിച്ചു കൊഴുത്ത ഇത്തരം മാഫിയാ സംഘങ്ങളുടെ എത്രയോ കഥകൾ നമ്മുടെ എക്‌സൈസ് വകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ദിനേന പറയാനുണ്ടാകും. വീട്ടിലെ ദുരിതങ്ങൾക്കും പ്രാരാബ്ദങ്ങൾക്കുമിടയിൽ സ്വരുക്കൂട്ടിവെക്കുന്ന പണം മറുനാടുകളിൽ പഠിക്കുന്ന മക്കൾക്ക് ആവലാതിയേതുമില്ലാതെ മാതാപിതാക്കൾ പകുത്ത് നൽകുമ്പോൾ അവരൊരിക്കലും അറിയാറില്ല മക്കൾ അകപ്പെടുന്ന ചതിക്കുഴികളെക്കുറിച്ച്. വീണ്ടും വീണ്ടും പണമാവശ്യപ്പെടുമ്പോഴൊക്കെ മറുത്തൊന്നും പറയാതെ കടം വാങ്ങിയും വീട് പണയപ്പെടുത്തിയും മക്കളുടെ ഉന്നമനം മാത്രം ലക്ഷ്യമിടുന്ന എത്രയോ രക്ഷിതാക്കൾ നമുക്കിടയിലുണ്ട്.

എന്നാൽ ഈ പണം കൊണ്ട് മകൻ അല്ലെങ്കിൽ മകൾ എന്തു ചെയ്യുന്നുവെന്ന് അറിയാൻ മാതാപിതാക്കൾ പലപ്പോഴും മെനക്കെടാറുമില്ല. പോലീസിന്റെ വലയികപ്പെടുമ്പോഴോ ലഹരിയുടെ ഉന്മാദത്തിൽ പേക്കൂത്തുകൾ കാട്ടുമ്പോഴോ ആയിരിക്കാം മക്കളുടെ അപഥ സഞ്ചാരം ബോധ്യപ്പെടുക. കൈവിട്ടുപോയാൽ പിന്നെ തിരിച്ചുകിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് രാവും പകലും കുഞ്ഞുങ്ങൾക്ക് നേരെ കണ്ണും കാതും തുറന്നുവെക്കേണ്ട കാലമാണിതെന്ന് അനഭവങ്ങൾ നമ്മെ നിരന്തരം ഉണർത്തുകയാണ്.

പാഠം കുടുംബത്തിൽ നിന്ന്

ലഹരി മരുന്ന് ഉപയോഗിച്ചതിനോ കടത്തിയതിനോ പിടിക്കപ്പെട്ടവരുടെ പശ്ചാത്തലം പരിശോധിച്ചിട്ടുണ്ടോ?. അതേക്കുറിച്ച് വിശദ പഠനം ഇപ്പോൾ നടത്തിത്തുടങ്ങിയെന്നാണ് അധികൃതരുടെ മറുപടി. സർക്കാർ പഠനം ആ വഴിക്ക് നടക്കട്ടെ. പക്ഷേ ചെയ്യാൻ നമുക്ക് കാര്യങ്ങൾ നിരവധിയുണ്ട്. ആദ്യ പാഠങ്ങൾ കുടുംബത്തിൽ നിന്നാകണമെന്നാണ് സംസ്ഥാനത്ത് ബോധവത്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്ന ഉയർന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ പറയുന്നത്. കുട്ടികൾക്കുള്ള പാഠം കുടുംബത്തിലാണ് ആദ്യം നൽകേണ്ടത്.

നന്മ തിന്മകൾ വേർത്തിരിച്ചറിയാനുള്ളവയായിരിക്കണം ആദ്യ അധ്യായങ്ങൾ. ലഹരി ഉപയോഗം ഒരു നന്മയും കുടുംബത്തിനോ വ്യക്തിക്കോ സമൂഹത്തിനോ പ്രദാനം ചെയ്യുന്നില്ലെന്ന് കുഞ്ഞുങ്ങളെ തുടക്കം തൊട്ടേ പഠിപ്പിക്കണം. ജീവിതത്തിൽ സന്തോഷത്തിന് വഴികൾ ഒട്ടേറെയുണ്ട്. കുടുംബം, നല്ല ഭക്ഷണം, നല്ല ജോലി, വ്യയാമം, നല്ല സൗഹൃദങ്ങൾ അങ്ങനെയങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇവയെല്ലാം സന്തോഷം പ്രദാനം ചെയ്യും. ജീവിതമാണ് ലഹരിയെന്ന് തിരിച്ചറിയണം. ലഹരിക്കടിപ്പെട്ട് ജിവിച്ച ഒരാളുടെ മക്കളോ പേരക്കിടാങ്ങളോ എളുപ്പത്തിൽ ലഹരി പഥാർഥങ്ങളിലേക്ക് വഴുതി വീഴാമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധരും പറയുന്നു. മദ്യപരുടെ മക്കൾ മദ്യപന്മാരാകാനുള്ള സാധ്യത ഏറെയാണ്. സ്വന്തം വീട്ടിൽ നിന്നാണ് എഴുപത് ശതമാനം കുട്ടികളും ലഹരിയുടെ ആദ്യ പാഠം നുകരുന്നതെന്ന് കൗൺസലിംഗ് കേന്ദ്രങ്ങളിലെ അനുഭവങ്ങൾ പറയുന്നു.

ലഹരിക്ക് അടിമയായി ചികിത്സക്കെത്തുന്ന കുട്ടികളിൽ പലരുടെ കഥയിലും സൃഹൃത്തുക്കൾക്കും മുഖ്യപങ്കുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ അതീവ ശ്രദ്ധ ചെലുത്തണമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മറ്റൊരു മുന്നറിയിപ്പ്. മക്കളെ ഉന്നത നിലവാരത്തിലുള്ള, മികച്ച സൗകര്യങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും ഹോസ്റ്റലിലും ചേർക്കുന്നതോടെ ഉത്തരവാദിത്വം തീർന്നെന്ന് കരുതരുത്. ഹോസ്റ്റലുകളിൽ താമസിക്കുന്നവരടക്കമുള്ള കുട്ടികളെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം. ഫോണിൽ കാര്യങ്ങൾ തിരക്കണം. സ്‌നേഹത്തോടെ അവരോട് പെരുമാറണം.

എക്‌സൈസിന് വേണം കൈത്താങ്ങ്

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിൽ മയക്കുമരുന്ന് പിടികൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലെ മയക്കുമരുന്ന് ലോബിയുടെ വേരറുക്കാൻ രാപ്പകൽ എക്‌സൈസ് വിഭാഗം നല്ല പോരാട്ടം നടത്തുന്നുണ്ട്. എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ടെന്ന കാര്യം പറയാതിരിക്കാനാകില്ല. എന്നാൽ പിടിക്കുന്നതിലും എത്രയോ അധികമാണ് വ്യാപരിക്കുന്നതെന്നതാണ് മറ്റൊരു സത്യം. കേരളത്തിലെ ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം നേരിടാനുള്ള അംഗബലമില്ലാത്തതാണ് എക്‌സൈസിനെ അലട്ടുന്ന വലിയ പ്രശ്‌നം.

അതിർത്തി പരിശോധന മുതൽ രഹസ്യാന്വേഷണം, ബൈക്ക് പെട്രോളിംഗ്, സ്‌പെഷ്യൽ ഡ്രൈവുകൾ തുടങ്ങിയവയൊക്കെ സജീവമാണെങ്കിലും ജീവനക്കാരില്ലാത്തതിനാൽ കിതക്കുകയാണ് എക്‌സൈസ് വകുപ്പ്. പാറാവ്, ക്ലറിക്കൽ, രാസപരിശോധന, ലാബ് ഡ്യൂട്ടി, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ അങ്ങനെ നിരവധി കാര്യങ്ങൾക്കായി ജീവനക്കാർക്ക് നിന്നുതിരിയാൻ സമയമില്ല.

അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകളാണ് എക്‌സൈസ് വകുപ്പിന് ഇനി വേണ്ടത്. മയക്കുമരുന്ന് വേട്ട, കോടതി കേസുകൾ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ, നിരവധി സ്‌കൂളുകൾ, കോളജുകൾ, റസിഡൻസ് അസ്സോസിയേഷനുകൾ എന്നിവടങ്ങളിലെല്ലാം വിമുക്തി മിഷൻ ലഹരി വിരുദ്ധബോധവത്കരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ ഏറ്റെടുത്ത് നടത്തേണ്ട ഒരു പാട് ജോലികൾ എക്‌സൈസിനുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമായ കെട്ടിട സൗകര്യങ്ങളോ ആയുധങ്ങളോ വാഹനങ്ങളോ ഇല്ലാതെ പരിമിത സാഹചര്യത്തിൽ വീർപ്പുമുട്ടുന്ന എക്‌സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നു കഴിഞ്ഞു. കേരളത്തിൽ ലഹരി എത്തിക്കുന്നത് ഇവിടെയുള്ളവർ മാത്രമല്ല.

ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന മലയാളികൾക്ക് പുറമെ മറുനാടൻ തൊഴിലാളികൾ വഴിയും ലഹരി വളരെയധികമെത്തുന്നുണ്ട്. വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നതിനാൽ ലഹരിക്ക് അടിമയാകാത്തവരും ലഹരിക്കടത്തുകാരായി മാറുന്നുണ്ട്. അതിനാൽ സൂക്ഷ്മമായ പരിശോധന തന്നെ വേണം. ഇതിനായി സ്‌കാനർ പോലുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും എക്‌സൈസ് വകുപ്പിന് ഒരുക്കി നൽകണം.

വേണ്ട ഈ”ലഹരിപ്പെരുമ’

കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം കൂടിവരുന്നു എന്ന ഭയാനകമായ യാഥാർഥ്യം ഇനിയെങ്കിലും നാം അംഗീകരിച്ചേ പറ്റൂ. നാട്ടിലും നഗരത്തിലുമുള്ള ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ കേട്ട് ഭയന്ന് തരിച്ചിരിക്കാൻ ഇനി നമുക്ക് സമയമില്ല. ബോധവത്കരണം ഇക്കാര്യത്തിൽ പ്രധാനമാണ്. എന്നാൽ നാടിളക്കിയുള്ള പ്രചാരണം കൊണ്ടു മാത്രം തടുക്കാവുന്ന മഹാമാരിയല്ല ലഹരി ഉപയോഗം. സർക്കാറിന്റെയും സമൂഹത്തിന്റെയും സൂക്ഷ്മ ജാഗ്രതക്കൊപ്പം, ശക്തമായ നിയമനിർമാണവും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കുക കൂടി വേണം.

പൊതുവിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, യുവജന പ്രസ്ഥാനങ്ങൾ മത സാമൂഹിക സംഘടനകൾ എന്നിവരെല്ലാം ചേർന്ന് നല്ല ഇടപെടൽ നടത്തണം. ഗ്രാമ പ്രദേശങ്ങളിലേതുപോലെയുള്ള കൂട്ടായ്മകളോ സഹകരണമോ ഇല്ലാത്തത് ലഹരി വഴിയിലേക്ക് നഗരങ്ങളിലെ ആളുകളെ കൊണ്ടു ചെന്നിക്കുന്നുണ്ടെന്ന് പോലീസിന്റെ വിലയിരുത്തലുണ്ട്.

ഇതിന് പരിഹാരം കാണാൻ നഗരങ്ങളിലെ ഫ്ലാറ്റുകളിൽ കഴിയുന്ന സ്ത്രീകളെ കുടുംബശ്രീ പോലുള്ള കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്ന പദ്ധതികൾക്ക് ഇതിനകം തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കു മരുന്ന് ഉപയോഗവും വിൽപ്പനയും കൈമാറലുമൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ പോലീസിന് പലപ്പോഴും അറിയാനും കഴിയുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കൊച്ചിയിൽ കുടുംബശ്രീ ശ്രമം തുടങ്ങിയത്. ഫ്ലാറ്റുകളിൽ താമസിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ട് പ്രവർത്തനം തുടങ്ങാനാണ് കുടുംബശ്രീയുടെ ആലോചന.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest