International
നാലു സഞ്ചാരികളുമായി പുറപ്പെട്ട ക്രൂ-11 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി
ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ് നാലുസഞ്ചാരികളെയും തിരികെ കൊണ്ടുവന്നത്.
കാലിഫോര്‍ണിയ| നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് സഞ്ചാരികളുമായി പുറപ്പെട്ട ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്. ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ് നാലുസഞ്ചാരികളെയും തിരികെ കൊണ്ടുവന്നത്.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വരുന്നത്. സീന കാര്‍ഡ്മന്‍, മൈക്ക് ഫിന്‍കെ, ജപ്പാനില്‍ നിന്നുള്ള കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും. ആര്‍ക്കാണ് രോഗം ബാധിച്ചതെന്ന് നാസ വ്യക്തമാക്കിയിട്ടില്ല.
2025 ഓഗസ്റ്റിലാണ് ക്രൂ 11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ദൗത്യസംഘത്തില്‍ ഒരാള്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ് മടക്കം നേരത്തേയാക്കിയത്.






