International
കാനഡയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊള്ള: ഇന്ത്യയിലേക്ക് കടന്ന മുഖ്യപ്രതിയെ കൈമാറണമെന്നാവശ്യപ്പെട്ട് കാനഡ
180 കോടിയിലേറെ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കൊള്ള പുറത്ത് വന്നത്.
ഒട്ടാവ | കാനഡയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി സിമ്രാന്‍ പ്രീത് പനേസാറിനെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ. മോഷണത്തിന് ശേഷം മുങ്ങിയ പ്രീത് നിലവില്‍ ഇന്ത്യയിലാണെന്ന് കനേഡിയന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
2023ല്‍ സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചില്‍ നിന്ന് ടൊറന്റോ വിമാനത്താവളത്തില്‍ കാര്‍ഗോയായി എത്തിയ 400 കിലോ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. 180 കോടിയിലേറെ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കൊള്ള പുറത്ത് വന്നത്.
സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യ ആസൂത്രിതന്‍ എയര്‍ കാനഡയിലെ മുന്‍ ജീവനക്കാരനായിരുന്ന സിമ്രാനാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വിമാനക്കമ്പനിയിലെ സംവിധാനങ്ങളില്‍ തിരിമറി നടത്തി സ്വര്‍ണ്ണക്കട്ടികള്‍ വഴിതിരിച്ചു വിട്ടതില്‍ സിമ്രാന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആര്‍ചിത് ഗ്രോവര്‍, പ്രാംപാല്‍ സിദ്ധു, മുന്‍ എയര്‍ കാനഡ ജീവനക്കാരനായ അമിത് ജലോഝ, പ്രശാന്ത് പരമലിംഗം, അലി റാസ, അമ്മാദ് ചൗധരി, ദുരന്തേ കിങ് മക്ക്‌ലീന്‍ എന്നിവരാണ് കവര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായവര്‍.




