Connect with us

International

ഹോര്‍മുസ് കടലിടുക്കിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറിലധികം കണ്ടെയ്നര്‍ കപ്പലുകളും 450 എണ്ണ ടാങ്കറുകളും

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ വിപണിയെ സാരമായി ബാധിക്കും.

Published

|

Last Updated

മനാമ/ദോഹ | ഇറാനെതിരായ യു എസ്-ഇസ്‌റാഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് നൂറിലധികം കണ്ടെയ്നര്‍ കപ്പലുകളും 450 എണ്ണ ടാങ്കറുകളും. ഷിപ്പിംഗ് ഏതാണ്ട് സ്തംഭിച്ചതിനാല്‍ എണ്ണവില ഉയരുകയും ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ വിപണിയെ ഇത് സാരമായി ബാധിക്കുകയും ചെയ്യും.

അമേരിക്ക, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ ടാങ്കര്‍ സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. കയറ്റുമതി മേഖലയിലെ നിലവിലെ പ്രതിസന്ധിമൂലം എണ്ണവില വില ബാരലിന് 100 ഡോളറിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ത്തന്നെ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ചെക്ക്പോയിന്റിലൂടെയുള്ള കയറ്റുമതി ടാങ്കര്‍ ഉടമകളും എണ്ണ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇറാനെതിരായ യു എസിന്റെയും ഇസ്‌റാഈലിന്റെയും ആക്രമണങ്ങളും ടെഹ്റാന്റെ പ്രതികാര നടപടികളും ആഗോള ഊര്‍ജ വിപണികളെ പ്രതിസന്ധിയിലാക്കിയതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള അസംസ്‌കൃത എണ്ണ, ഇന്ധന കയറ്റുമതി നിര്‍ത്തിവച്ചു. ഹോര്‍മുസ് കടലിടുക്കിനുള്ളില്‍ നിലവില്‍ 100-ലധികം കണ്ടെയ്‌നര്‍ കപ്പലുകള്‍, 450 എണ്ണ-വാതക ടാങ്കറുകള്‍, 200 ബള്‍ക്ക് കാരിയറുകള്‍ എന്നിവ കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്റലിജന്‍സ് സേവന ദാതാവായ സ്‌കൈടെക് റിപോര്‍ട്ട് ചെയ്തു. കെപ്ലര്‍ ഡാറ്റയുടെ റിപോര്‍ട്ട് പ്രകാരം ഓര്‍ബിറ്റര്‍, യൂണിവേഴ്‌സല്‍ വിക്ടര്‍, മിറ്റേക്ക്, ട്രിക്വോങ് വെഞ്ച്വര്‍ എന്നീ നാല് വലിയ അസംസ്‌കൃത എണ്ണ വാഹിനികള്‍ മാര്‍ച്ച് മൂന്നിനും ഏഴിനും ഇടയില്‍ ലോഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഏകദേശം എട്ട് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വരെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ 70 ശതമാനം കുറവ് രേഖപ്പെടുത്തിയതായി മറൈന്‍ ട്രാഫിക്കിന്റെ മാതൃ കമ്പനിയായ കെപ്ലറിലെ സീനിയര്‍ റിസ്‌ക് ആന്‍ഡ് കംപ്ലയന്‍സ് അനലിസ്റ്റ് ദിമിട്രിസ് അംപാറ്റ്‌സിഡിസ് പറഞ്ഞു. ജര്‍മന്‍ കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഗ്രൂപ്പായ ഹപാഗ്-ലോയ്ഡും ഗള്‍ഫിലേക്ക് പോകുന്ന കപ്പലുകളോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ആദ്യ വ്യോമാക്രമണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ആഗോള ബെഞ്ച്മാര്‍ക്ക് ഇതിനകം തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുകയും വെള്ളിയാഴ്ച ബാരലിന് 73 ഡോളറായി ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഓവര്‍-ദി-കൌണ്ടര്‍ വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് വില ഏകദേശം 10 ശതമാനം ഉയര്‍ന്ന് ബാരലിന് 80 ഡോളറിലെത്തുകയും ചെയ്തിരുന്നു.

വിലകളിലെ സമ്മര്‍ദം പെട്ടെന്ന് കുറയാന്‍ സാധ്യതയില്ലെന്നാണ് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ആഗോളതലത്തില്‍ വ്യാപാരം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗത്തെ ഒറ്റരാത്രികൊണ്ട് തടസ്സപ്പെടുത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ ഇറാന്‍ പ്രോജക്ട് ഡയറക്ടര്‍ അലി വീസ് പറഞ്ഞു. ഇതിനു പുറമെ വില കുതിച്ചുയരാനും ഈ ആഘാതം ഊര്‍ജ വിപണികള്‍ക്ക് അപ്പുറത്തേക്ക് പ്രതിഫലിക്കാനും ആഗോള സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കാനും പണപ്പെരുപ്പം വര്‍ധിപ്പിക്കാനും ദുര്‍ബലമായ സമ്പദ്വ്യവസ്ഥകളെ ആഴ്ചകള്‍ക്കുള്ളില്‍ മാന്ദ്യത്തിലേക്ക് തള്ളിവിടാനും ഇതിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest