International
അടച്ച വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിനു ശേഷം തുറന്ന് ഇറാന്‍
വ്യോമാതിര്‍ത്തി അടച്ചിട്ടത് അന്താരാഷ്ട്ര വിമാനക്കമ്പനികളെ സാരമായി ബാധിച്ചതോടെയാണ് നടപടി.
തെഹ്റാന്‍ | ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്ന് ഇറാന്‍.
വ്യോമാതിര്‍ത്തി അടച്ചിട്ടത് അന്താരാഷ്ട്ര വിമാനക്കമ്പനികളെ സാരമായി ബാധിക്കുകയും ചില വിമാനങ്ങള്‍ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ വൈകിപ്പിക്കാനോ നിര്‍ബന്ധിതരാകുകയും ചെയ്തതോടെയാണ് നടപടി. ഇന്നലെ വൈകിട്ടാണ് വ്യോമാതിര്‍ത്തി താത്ക്കാലികമായി അടച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ, ഇറാന്റെ പെട്ടെന്നുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ തങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു,
ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, തെഹ്റാനിലെ ബ്രിട്ടീഷ് എംബസിയും താത്ക്കാലികമായി അടച്ചു. ഖത്വറിലെ ഒരു വ്യോമത്താവളത്തില്‍ നിന്ന് അമേരിക്ക ചില ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ തുടങ്ങിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സ്പെയിന്‍, ഇറ്റലി, പോളണ്ട് എന്നിവ തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഇറാനെതിരെ സൈനികാക്രമണം നടത്തുമെന്ന് യു എസ് ഭീഷണി മുഴക്കിയതോടെ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സഊദി അറേബ്യ വ്യക്തമാക്കി. ഇപ്പോള്‍ ശാന്തതയുണ്ട്. എല്ലാം നിയന്ത്രണത്തിലാണെന്നും പിരിമുറുക്കത്തിന്റെ സാഹചര്യത്തിലേക്ക് നാം ചെന്നുചേരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഇറാനിയന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.



