Kuwait
കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് മൂന്ന് ടണ്‍ മയക്കുമരുന്നുകള്‍
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 1,197 പേരെ ഈ കാലയളവില്‍ രാജ്യത്തുനിന്ന് നാടുകടത്തിയതായും മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് കബാസര്‍ദ്
കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം മൂന്ന് ടണ്ണോളം വിവിധ തരം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. രാജ്യത്ത് പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള കണക്കാണിത്. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് കബാസര്‍ദ് അറിയിച്ചതാണ് ഇക്കാര്യം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 1,197 പേരെ ഈ കാലയളവില്‍ രാജ്യത്തുനിന്ന് നാടുകടത്തിയതായും അദ്ദേഹം അറിയിച്ചു.
കുവൈത്തില്‍ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ഫലപ്രാപ്തി കൈവരിച്ചു വരികയാണെന്ന് കബാസര്‍ദ് പറഞ്ഞു. പുതിയ മയക്കുമരുന്ന് നിയമം വ്യാപാരികള്‍ക്കും പ്രചാരകര്‍ക്കും ശക്തമായ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിയമം നടപ്പിലാക്കിയതിനു ശേഷം ലഹരി വിമുക്ത ചികിത്സക്കായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. പുതിയ വിവരമനുസരിച്ച് 150 പേരാണ് ഇക്കാലയളവില്‍ ലഹരിമുക്ത ചികിത്സക്കായി എത്തിയത്. എല്ലാ കേസുകളും പൂര്‍ണമായ രഹസ്യ സ്വഭാവത്തില്‍ കൈകാര്യം ചെയ്തുകൊണ്ട്, ഇവരെ ലഹരി വിമുക്ത ചികിത്സാ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചതായും ഡയറക്ടര്‍ ജനറല്‍ വെളിപ്പെടുത്തി.
രക്ഷിതാക്കള്‍ അവരുടെ മക്കളുടെ പെരുമാറ്റം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്നും ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മയക്കുമരുന്ന് വിരുദ്ധ ഹെല്‍പ്പ് ലൈനിന്റെ 1884141 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലഹരി മയക്കുമരുന്നുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.




