Connect with us

Bahrain

കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്' ക്യാമ്പയിൻ ആരംഭിച്ചു

23 രാജ്യങ്ങളില്‍ ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ

Published

|

Last Updated

ബഹ്‌റൈൻ | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനായി ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച് ‘ഗ്രീന്‍ പള്‍സ്’ എന്ന പേരില്‍ ആചരിക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 23 രാജ്യങ്ങളില്‍ തുടക്കമായി. ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

64 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക  പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍’ നടക്കും. പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിന് ഷൈനിംഗ് നെസ്റ്റ്, ഗ്രീന്‍ ഗിഫ്റ്റ് തുടങ്ങിയ വ്യത്യസ്ത പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷൈനിംഗ് നെസ്റ്റ് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ‘ഗ്രീന്‍ ഗിഫ്റ്റ്’ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സമ്മാനങ്ങള്‍ കൈമാറ്റം ചെയ്ത് പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

ഗ്രീന്‍ പള്‍സ് ക്യാമ്പയിനിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാനാണ് കലാലയം സാംസ്‌കാരിക വേദി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ സഭകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മരം നടല്‍, മാലിന്യ നിര്‍മാര്‍ജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും.