Connect with us

ആത്മായനം

പൊറുക്കലിനെ തേടുന്നതിൻ്റെ നേട്ടങ്ങൾ

തെറ്റ് ചെയ്യുന്നത് മനുഷ്യപ്രകൃതമാണ്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാർക്ക് മാത്രമാണ് പാപസുരക്ഷിതത്വമുള്ളത്.ചുറ്റുപാടും തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങളുണ്ട്. പിശാചിന്റെ പ്രേരണയാൽ മനുഷ്യമനസ്സ് തെറ്റിക്കൊണ്ടേയിരിക്കും. പൈശാചിക പ്രേരണകൾക്കും സ്വന്തം ദേഹേച്ഛകൾക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യൻ തെറ്റുകൾ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാൽ ഉടൻ അല്ലാഹുവിനെ ഓർക്കുകയും ആ തെറ്റിൽ നിന്ന് പിന്മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്.

Published

|

Last Updated

സൂക്ഷ്മശാലിയായ വിശ്വാസിയുടെ നല്ല ശീലമാണ് പൊറുക്കലിനെ തേടൽ. ആരെങ്കിലും തിന്മ ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ് (ഖുർആൻ: 4/110).

അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. പാപമോചനം തേടുക (ഖുർആൻ: 47/19). തുടങ്ങി പാപമോചനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധിയിടങ്ങൾ ഖുർആനിൽ കാണാം (ഉദാ:110/3,16/119,3/135).

അടിമയുടെ പാപമോചനം അല്ലാഹുവിനേറെ പ്രിയങ്കരമാണ്. അവനോടുള്ള വിധേയത്വത്തിന്റെ പരമമായ പ്രകടനങ്ങളിലൊന്നാണത്. അതുകൊണ്ടാണ് തൗഹീദിനൊപ്പം തന്നെ പാപമോചനത്തെയും ഖുർആനിൽ പരിചയപ്പെടുത്തിയത് (47/19). നബി (സ്വ) പറഞ്ഞത് നോക്കൂ: യാത്രാമധ്യേ മരുഭൂമിയിൽ നിങ്ങളിലൊരാളുടെ ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നഷ്ടപ്പെട്ടു. തിരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിൽ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയർ പിടിച്ച് അതിരറ്റ സന്തോഷത്താൽ അവൻ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാൻ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താൽ വാക്കുകൾ മാറിയതാണ്. അയാളേക്കാൾ ഉപരിയായി തന്റെ ദാസന്റെ പശ്ചാതാപത്തിൽ സന്തോഷിക്കുന്നവനാണ് അല്ലാഹു (മുസ്്ലിം: 2747).

തെറ്റ് ചെയ്യുന്നത് മനുഷ്യപ്രകൃതമാണ്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാർക്ക് മാത്രമാണ് പാപസുരക്ഷിതത്വമുള്ളത്. ചുറ്റുപാടും തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങളുണ്ട്. പിശാചിന്റെ പ്രേരണയാൽ മനുഷ്യമനസ്സ് തെറ്റിക്കൊണ്ടേയിരിക്കും. പൈശാചിക പ്രേരണകൾക്കും സ്വന്തം ദേഹേച്ഛകൾക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യൻ തെറ്റുകൾ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാൽ ഉടൻ അല്ലാഹുവിനെ ഓർക്കുകയും ആ തെറ്റിൽ നിന്ന് പിന്മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്. സ്വർഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതിൽ ഒന്ന്, അവർ ഇപ്രകാരം പൊറുക്കലിനെ തേടുന്നവരാണെന്നാണ്.

ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ പാപങ്ങൾ ഇസ്തിഗ്‌ഫാറിലൂടെ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ അവ ഒരുമിച്ചുകൂടി നമ്മെ നശിപ്പിച്ചു കളയും. ചെറുപാപങ്ങൾ ഒരുമിച്ച് കൂട്ടിയാൽ വൻപാപമായി മാറും. ചെറിയ മരക്കഷണങ്ങൾ ഒരുമിച്ച് കൂട്ടിയാൽ തീക്കുണ്ഠം ഒരുക്കാൻ കഴിയുമല്ലോ. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണമെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.

ഒരു സത്യവിശ്വാസി യാതൊരു കാരണവശാലും ഇസ്തിഗ്ഫാർ വൈകിപ്പിക്കാൻ പാടില്ല. നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുകയെന്നാണ് വേദോപദേശം.

ഹസനുൽ ബസ്വരി (റ) പറഞ്ഞു: നിങ്ങളുടെ വീടുകളിലും തീൻമേശകളിലും വഴികളിലും അങ്ങാടികളിലും സദസ്സുകളിലും നിങ്ങൾ എവിടെയാണെങ്കിലും ഇസ്തിഗ്ഫാർ (പാപ മോചന പ്രാർഥന) വർധിപ്പിക്കുക. കാരണം, എപ്പോഴാണ് മഗ്ഫിറത്ത് (പാപമോചനം) ഇറങ്ങുക എന്ന് നിങ്ങൾക്കറിയില്ല. (ജാമിഉൽ ഉലൂം 344) ഇസ്തിഗ്‌ഫാർ ചൊല്ലുന്ന സത്യവിശ്വാസി താൻ ചെയ്തു പോയ തെറ്റുകളെ ഓർത്ത് ഖേദിക്കുന്നതോടൊപ്പം അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിൽ നല്ല പ്രതീക്ഷയുള്ളവനായിരിക്കുകയും വേണം. പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്.

അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. തീർച്ച, അവൻ ഏറെ പൊറുക്കുന്നവനും കരുണ്യവാനുമാകുന്നു. (ഖുർആൻ: 39/53) മനുഷ്യോത്പത്തി മുതൽ (7/23) പ്രവാചക ന്മാരുടെ ചരിത്രത്തിലും ഇസ്തിഗ്‌ഫാർ നടത്തി യിട്ടുള്ളതായി വിശുദ്ധ ഖുർആനിൽ കാണാവുന്നതാണ്. (നൂഹ് നബി 11/47, ഇബ്റാഹിം നബി 26/82, മൂസാ നബി 28/16)ഇസ്തിഗ്‌ഫാർ ചൊല്ലുന്നവർക്കുള്ള പ്രതിഫലങ്ങൾ കൂടി അറിഞ്ഞിരിക്കൽ നന്നാവും:

  1. ഹൃദയം ശുദ്ധീകരിക്കപ്പെടും- നബി(സ്വ)പറഞ്ഞു: അടിമ, പാപം ചെയ്താൽ അതവന്റെ ഹൃദയത്തിൽ കറുത്ത പുള്ളിയാവും. പാപത്തിൽനിന്ന് ഖേദിച്ച് വിരമിക്കുകയും പാപമോചനത്തിന് പ്രാർഥിക്കുകയും പശ്ചാതപിക്കുകയും ചെയ്താൽ അവന്റെ ഹൃദയം പാപത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടും. പാപം വർധിപ്പിക്കുകയാണെങ്കിൽ ആ കറുത്ത പുള്ളിയും വർധിക്കും. അതിനെക്കുറിച്ചാണ് അല്ലാഹു (ഖുർആനിൽ) പറഞ്ഞത്: “അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത് അവരുടെ ഹൃദയങ്ങളിൽ കറയുണ്ടാക്കിയിരിക്കും. (ഖുർആൻ 83/14 )
  2.  പാപം പൊറുക്കപ്പെടും – വിശ്വാസിയുടെ ആത്മാർഥമായ ഇസ്തിഗ്‌ഫാറിലൂടെ അവന്റെ പാപങ്ങൾ പൊറുത്തുകിട്ടുന്നതാണ് (ഖുർആൻ 4/110). എന്നാൽ (നബിയേ) താങ്കൾ അവർക്കിടയിൽ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല (ഖുർആൻ: 8/33 )
  3. ശത്രുക്കൾക്കെതിരെ വിജയം ലഭിക്കും – എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാർ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നു കൊണ്ടും അവർ തളർന്നില്ല. അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. അവർ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. തന്മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവർക്ക് നൽകി. അല്ലാഹു സത്കർമകാരികളെ സ്നേഹിക്കുന്നു (ഖുർആൻ : 3/146-148).
  4.  ഐഹിക ജീവിതത്തിൽ സൗഖ്യം ലഭിക്കും – നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ നിർണിതമായ ഒരു അവധിവരെ അവൻ നിങ്ങൾക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും ഉദാരമനസ്ഥിതിയുള്ള എല്ലാവർക്കും തങ്ങളുടെ ഉദാരതക്കുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു (ഖുർആൻ 11/3).
  5.  നരകമോചനം ലഭിക്കും – നബി (സ്വ) പറഞ്ഞു: “സ്ത്രീ സമൂഹമേ, നിങ്ങൾ ദാനധർമങ്ങൾ ചെയ്യുക. ഇസ്തിഗ്‌ഫാർ വർധിപ്പിക്കുക. കാരണം, നിങ്ങളിൽ കൂടുതൽ പേരെയും നരകാവകാശികളായാണ് ഞാൻ കാണുന്നത്. അപ്പോൾ ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളിൽ കൂടുതൽ പേരും നരകാവകാശികളാകാൻ കാരണമെന്താണെ ന്ന് പറഞ്ഞുതന്നാലും. അവിടുന്ന് പറഞ്ഞു: ശാപവാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരി ക്കുകയും ഭർത്താക്കന്മാരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർ നിങ്ങൾ സ്ത്രീകളാണ്’ (മുസ്്ലിം:79).
  6. സ്വർഗം ലഭിക്കും – സ്വർഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതിൽ ഒന്ന്, അവർ രാത്രിയുടെ അന്ത്യവേളകളിൽ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്. രാത്രിയിൽ നിന്ന് അൽപ്പ ഭാഗമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു (ഖുർആൻ: 51/17-18).
  7.  ശക്തി വർധനവ് – ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:
    “എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി ചേർത്തുതരികയും ചെയ്യുന്നതാണ്. നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്’ (ഖുർആൻ: 11/52).
  8. കാരുണ്യം ലഭിക്കും – അദ്ദേഹം (സ്വാലിഹ് നബി) പറഞ്ഞു: “എന്റെ ജനങ്ങളേ, നിങ്ങൾ എന്തിനാണ് നന്മ യെക്കാൾ മുമ്പായി തിന്മക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങൾക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കിൽ നിങ്ങൾക്കു കാരുണ്യം നൽകപ്പെട്ടേക്കാം’ (ഖുർആൻ: 27/46).നബി(സ്വ)പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാർ ചെയ്താൽ എല്ലാ വിഷമങ്ങളിൽ നിന്നും അല്ലാഹു അവന് രക്ഷ നൽകുന്നതും എല്ലാ ദുഃഖത്തിൽ നിന്നും സമാധാനം നൽകുന്നതും അവനുദ്ദേശിക്കാത്ത മാർഗത്തിലൂടെ അവന് ആഹാരം നൽകുന്നതുമാകുന്നു (അബൂദാവൂദ്:1518).

വിശ്വാസി അവന്റെ ജീവിതത്തിന്റെ ശീലമായി കൊണ്ടുനടക്കേണ്ട ഇസ്തിഗ്ഫാർ അവനെ അതിജാഗ്രതയുള്ളവനാക്കും. അത് സുഖശീതളിമയുടെ വശ്യസുന്ദര സ്വർഗത്തിൽ അവന് പരിലസിക്കാൻ അവസരമൊരുക്കുകയും ചെയ്യും. അല്ലാഹു സഹായിക്കട്ടെ.

---- facebook comment plugin here -----

Latest