ആത്മായനം
വിശ്വാസിയുടെ ആത്മബന്ധങ്ങൾ
വിനയത്തിന്റെ ഭാവമാണെങ്കിലും ഉപദേശിക്കുക വഴി താൻ കൂടി നന്നാകാനുള്ള നല്ല അവസരത്തെ കളയാതിരിക്കലാണ് ബുദ്ധി. ആത്മാർഥമായ ഉപദേശങ്ങൾ കുറിക്കുകൊള്ളും. അതുവഴി വല്ലവനും സന്മാർഗം തിരഞ്ഞെടുത്താൽ അവന്റെ കർമഫലങ്ങൾക്ക് സമാനമായി തന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടും. ഞാനാണ് ഉപദേശിക്കാനർഹൻ എന്ന അഹന്തയുടെ ഭാവം വിപരീത ഫലം മാത്രമേ തരൂ.

ഹൃദയഹാരിയായ സുദൃഢബന്ധമാണ് വിശ്വാസികൾക്കിടയിലുള്ളത്. ഒരു കെട്ടിടം കണക്കെ, അവരിലോരോരുത്തരും അപരന് താങ്ങാണ്. നുഅ്മാനുബ്‌നു ബശീറില്‍ (റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും.
കാലിനു മുറിവു പറ്റിയാല്‍ ചിലപ്പോള്‍ നമുക്ക് ഉറക്കം വരാറില്ലല്ലോ.? തലവേദനയുണ്ടായാല്‍ എഴുതാനും വായിക്കാനും പ്രയാസം തോന്നാറില്ലേ? യാത്ര ചെയ്യാനും ജോലി ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ. എന്താണിതിനു കാരണം? ഒരവയവത്തിനു വേദനയോ പ്രയാസമോ ഉണ്ടായാല്‍ ശരീരം മുഴുവന്‍ അതിന്റെ പ്രതിഫലനമുണ്ടാകുന്നു എന്നതുകൊണ്ടാണിത്. പനി വന്നാല്‍ ശരീരം മുഴുവന്‍ ക്ഷീണം ബാധിക്കും. വായക്ക് രുചിയുണ്ടാകില്ല. ചിലപ്പോള്‍ തലവേദനയും തോന്നും. ഇതുപോലെയാണ് സത്യവിശ്വാസികള്‍. സത്യവിശ്വാസികള്‍ പരസ്പര സഹോദരങ്ങളാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. ഇസ്‌ലാമിക സമൂഹം എന്ന ശരീരത്തിലെ അവയവങ്ങളാണ് ഓരോ മുസ്‌ലിമും.
ഈ പാരസ്പര്യത്തെ വിളക്കിച്ചേർക്കുന്നതിന് ചില ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്. തിരുദൂതർ അക്കാര്യം നമ്മെ പഠിപ്പിച്ചതാണ്. അബൂ ഹുറൈറയില്‍ നിന്നും നിവേദനം. റസൂല്‍ (സ) പറയുന്നു. “ഒരു വിശ്വാസിക്ക് മറ്റൊരുവനോട് ആറ് കാര്യങ്ങൾ നിറവേറേണ്ടതുണ്ട്. അഭിവാദ്യത്തിനു പ്രത്യഭിവാദ്യം ചെയ്യൽ (സലാം മടക്കൽ). ക്ഷണം സ്വീകരിക്കൽ. ഉപദേശം തേടിയാല്‍ ഉപദേശം നല്‍കൽ. തുമ്മിയവന്റെ സ്തുതിക്ക് പ്രോത്സാഹനം നൽകൽ. രോഗിയെ സന്ദര്‍ശിക്കൽ. ജനാസയെ അനുഗമിക്കൽ തുടങ്ങിയവയത്രേ അവ (മുസ്‌ലിം)ഈ ആറ് ബാധ്യതകളെ ഹ്രസ്വമായി വായിക്കാം.
പ്രത്യഭിവാദ്യം
ഏത് വൈകാരികാവസ്ഥയിലും ആരുടെ ഹൃദയത്തിലേക്കും കടന്ന് ചെല്ലാൻ പറ്റുന്ന താക്കോൽ വാചകമാണ് സലാം. നിങ്ങൾ വിശ്വാസികളാകാതെ സ്വർഗ പ്രവേശനം സാധ്യമല്ല. പരസ്പര സ്നേഹമില്ലാതെ വിശ്വാസവും സാധ്യമല്ല, സ്നേഹം വളർത്താനുള്ള മാർഗമിതാ… നിങ്ങൾ സലാം പറയലിനെ വിപുലമാക്കുകയെന്നാണ് തിരുദൂതരുടെ സന്ദേശം. വിശ്വാസിക്ക് ഇതരന്റെ സുരക്ഷയിലും ജാഗ്രത വേണം. എല്ലാവർക്കും ഇഹ – പര സുരക്ഷ ലഭ്യമാകാനുള്ള ഉത്കടമായ ആഗ്രഹം അവനുണ്ട്. തിരുദൂതരിൽ നിന്ന് പകർത്തേണ്ട സ്വഭാവം കൂടിയാണത്. നിങ്ങൾക്ക് വരുന്ന ക്ലേശങ്ങളിൽ വ്യഥ പൂണ്ട് നിൽക്കുന്നവൻ എന്ന് അവിടുത്തെ സ്വഭാവത്തെ പരിചയപ്പെടുത്തിയത് വിശുദ്ധ ഖുർആനാണ്.
സലാം പറയൽ സുന്നത്താണെങ്കിലും പ്രത്യഭിവാദ്യം അനിവാര്യ ബാധ്യതയാണ്. ‘നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതി ബൃഹത്തായി പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കിൽ തത്തുല്യമായി പ്രതികരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കർമഫലം കൃത്യമായി നൽകുന്നവനത്രേ.’ (4:86) എന്നാണ് ഖുർആനിന്റെ പാഠം. ഇംറാന്‍ ബിന്‍ ഹുസൈന്‍(റ) പറയുന്നു. ഒരാള്‍ നബി(സ) യുടെ അടുത്ത് വന്നു അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്തു. റസൂല്‍ സലാം മടക്കുകയും അദ്ദേഹം ഇരിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു. പത്ത് പ്രതിഫലം ഉണ്ട്. പിന്നെ മറ്റൊരാള്‍ വന്നു. അസ്സലാമു അലൈക്കും വറഹ്്മതുല്ലാ എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ) സലാം മടക്കിക്കൊണ്ട് പറഞ്ഞു. ഇരുപത്. പിന്നെ മറ്റൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്്മത്തുല്ലാഹി വബറകാതുഹു എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ) പ്രത്യാഭിവാദ്യം ചെയ്തു കൊണ്ട് പറഞ്ഞു. നിങ്ങൾക്ക് മുപ്പത് പ്രതിഫലമുണ്ട്. (തിര്‍മുദി, അബൂദാവൂദ്)
വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ നടക്കുന്നവനും നടക്കുന്നവന്‍ ഇരിക്കുന്നവനും കൊച്ചുസംഘം വലിയ സംഘത്തോടുമാണ് സലാം പറയേണ്ടത് (ബുഖാരി, മുസ്‌ലിം).ബൂഖാരിയുടെ റിപ്പോര്‍ട്ടില്‍ ചെറിയവൻ വലിയവര്‍ക്ക് സലാം പറയുക എന്നതും കൂടിയുണ്ട്. ഒരിക്കല്‍ നബി(സ) എന്റെ അടുക്കല്‍ വന്നു. ഒരു സഭയിൽ നിന്ന് പിരിയുമ്പോള്‍ എന്താണ് ചെയ്യേണ്ടത്? അബീ ഹുറൈറയില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു. നിങ്ങളിലാരെങ്കിലും ഒരു സദസ്സില്‍ നിന്ന് പിരിയുന്ന പക്ഷം സലാം പറഞ്ഞുകൊണ്ട് പിരിയണം. തീര്‍ച്ചയായും പ്രവാചകന്‍(സ) ഹസ്തദാനം ചെയ്ത് സലാം പറയുന്നതിനെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. (അബൂദാവൂദ്, തിര്‍മുദി)
ക്ഷണം സ്വീകരിക്കല്‍
സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കുന്നതിനുള്ളമറ്റൊരവസരമാണ് ക്ഷണം സ്വീകരിക്കുകയെന്നത്. ക്ഷണിക്കപ്പെട്ട സദസ്സിന്റെ ശ്ലീലാശ്ലീലങ്ങളെ കൂടി വിശ്വാസി പരിഗണിക്കണം. മോശം സദസ്സുകളിൽ പങ്കെടുക്കല്‍ അനുവദനീയമല്ല.
ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ് പരസ്പരമുള്ള ഗൃഹ സന്ദര്‍ശനങ്ങള്‍. ക്ഷണിക്കുമ്പോള്‍ അതിനെ സന്തോഷപൂർവം സ്വീകരിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്യണം. ഇനി ക്ഷണം വല്ല കാരണങ്ങളാലോ നിരസിക്കേണ്ടി വന്നാല്‍ പോലും മാന്യമായിട്ടായിരിക്കണം. നേരെ മറിച്ച് സന്തോഷപൂർവം ക്ഷണിക്കുകയും യാതൊരു കാരണവുമില്ലാതെ അവഗണിക്കുകയും ചെയ്യുന്നത് അകല്‍ച്ചകളെ ഉണ്ടാക്കും. ആയതിനാലാണ് വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബാധ്യതകളില്‍ പ്രധാനമായി തന്നെ ഇക്കാര്യം സൂചിപ്പിച്ചത്. അതിഥിയായെത്തുന്നവൻ അവിടെതന്നെ അനാവശ്യമായി ചുറ്റിത്തിരിഞ്ഞ് നില്‍ക്കുന്നതും ഭൂഷണമല്ല. നമ്മുടെ സാന്നിധ്യം കൊണ്ടും അസാന്നിധ്യം കൊണ്ടും ആർക്കും ബുദ്ധിമുട്ടുണ്ടാവരുത്. നമ്മുടെ സാന്നിധ്യം കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിൽ അത്തരം സദസ്സുകളിൽ പോകരുത്. ആതിഥ്യം സ്വീകരിച്ച് മടങ്ങിപ്പോരുമ്പോള്‍ ആതിഥേയത്വത്തിന് കൃതജ്ഞത അറിയിക്കുകയും ആതിഥേയർക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണം. ആതിഥ്യം സ്വീകരിക്കുന്നിടത്ത് ദരിദ്രരെന്നോ സമ്പന്നൻ എന്നോ വേർതിരിവ് ഉണ്ടാകരുത്.
ഉപദേശം തേടിയാൽ ഉപദേശം നൽകൽ
“കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ’. (വിശുദ്ധ ഖുര്‍ആന്‍ )ഗുണകാംക്ഷയാണ് ഇസ്്ലാമിന്റെ മുഖമുദ്ര. എല്ലാവർക്കും നന്മയുണ്ടാകണമെന്ന ആലോചനയുള്ളവരാണ് ഉപദേശങ്ങൾക്ക് മുതിരുക. നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് വിരോധിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. ഉപദേശങ്ങളിൽ തലയറിഞ്ഞ് എണ്ണ തേക്കണം. ഉപദേശമാവശ്യപ്പെടുന്നവന്റെ സാഹചര്യങ്ങളും മാനസികാവസ്ഥകളും വ്യക്തിത്വവും വരുംവരായ്കകളും പരിഗണിച്ചു കൊണ്ടാണ് നിർദേശങ്ങൾ കൈമാറേണ്ടത്.
അസാധ്യമായതോ മോശമായതോ ആയ ഉപദേശങ്ങൾ പാടില്ല. അത് വലിയ ദുരന്തങ്ങൾക്കുള്ള തിരികൊളുത്തലാണ്. ഒരേ ആവശ്യങ്ങൾക്ക് തന്നെ വ്യക്തികൾക്കനുസരിച്ചാണ് നബി (സ) ഉപദേശിച്ചത്. ഉദാഹരണങ്ങൾ ചരിത്രത്തിൽ ധാരാളമുണ്ട്. ചോദിച്ചു വരുന്നവരെ അവഗണിക്കരുതെന്ന ഖുർആനിന്റെ നിർദേശത്തിലകപ്പെട്ടതാണ് ഉപദേശവും. ഉപദേശിക്കാൻ ഞാനർഹനല്ലെന്ന് പറയുന്നവരുണ്ട്. വിനയത്തിന്റെ ഭാവമാണെങ്കിലും ഉപദേശിക്കുക വഴി താൻ കൂടി നന്നാകാനുള്ള നല്ല അവസരത്തെ കളയാതിരിക്കലാണ് ബുദ്ധി. ആത്മാർഥമായ ഉപദേശങ്ങൾ കുറിക്കുകൊള്ളും. അതുവഴി വല്ലവനും സന്മാർഗം തിരഞ്ഞെടുത്താൽ അവന്റെ കർമഫലങ്ങൾക്ക് സമാനമായി തന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടും. ഞാനാണ് ഉപദേശിക്കാനർഹൻ എന്ന അഹന്തയുടെ ഭാവം വിപരീത ഫലം മാത്രമേ തരൂ.