Connect with us

Articles

ആ അവഹേളനം സവര്‍ണ ബോധത്തിന്റെ പ്രകടനമാണ്

കേരളത്തിലറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ 'ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച വിവരദോഷി'യെന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതൊരു വ്യക്തിയെ അവഹേളിക്കലല്ല. ആ വിശേഷണം നടത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവര്‍ ഇതുവരെയുള്ള ജീവിത കാലത്ത് കൊണ്ടുനടന്ന ആഭിജാത്യത്തിന്റെയും സവര്‍ണ ബോധത്തിന്റെയും പ്രകടനമാണ്, നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന അപരമതദ്വേഷത്തില്‍ മുങ്ങിയ മനസ്സിന്റെ പ്രകടനമാണ്. നേര്‍ക്കുനേര്‍ ഹിന്ദുത്വ വര്‍ഗീയത പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരേക്കാള്‍ അപകടകാരികളാണ് ഇക്കൂട്ടര്‍.

Published

|

Last Updated

റിയല്‍ എസ്റ്റേറ്റ് വ്യവസായമായി വളര്‍ന്നിട്ടില്ലാത്ത കാലത്ത്, സ്ഥലക്കച്ചവടത്തിന്റെ ദല്ലാളും ചെറുകിട നിര്‍മാണ കരാറുകാരനുമൊക്കെയായിരുന്നു ശേഖരേട്ടന്‍. ഉത്സവം, പള്ളിപ്പെരുന്നാള്‍, ഗ്രന്ഥശാലാ വാര്‍ഷികം എന്നു തുടങ്ങി എല്ലായിടത്തും സാന്നിധ്യമുണ്ടാകും. ചില്ലറ കൈ സഹായം, ഉച്ചത്തിലുള്ള നിര്‍ദേശങ്ങള്‍ – എല്ലായിടത്തും ശേഖരേട്ടന്റെ കൈയും കണ്ണുമുണ്ടായിരുന്നുവെന്ന് എല്ലാവരും പിന്നെ പറയും. രാഷ്ട്രീയത്തില്‍ ചായ്വ് കോണ്‍ഗ്രസ്സിനോടായിരുന്നു, വലിയ നേതാവ് ഇന്ദിരാ ഗാന്ധിയും. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ മക്കളെ പങ്കെടുപ്പിച്ചിരുന്നു, ശ്രീകൃഷ്ണ വേഷത്തില്‍ മക്കളങ്ങനെ നടക്കുന്നത് ആനന്ദാഭിമാനത്തോടെ നോക്കിനില്‍ക്കും. അതായിരുന്നു എനിക്കേറ്റം അസൂയയുണ്ടാക്കിയത്. ശോഭായാത്രയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത അച്ഛനോട് ദേഷ്യവും. സമപ്രായക്കാരനായിരുന്നു ശേഖരേട്ടന്റെ മൂന്നാമത്തെ മകന്‍. പ്രീ ഡിഗ്രി വരെ പഠിച്ചത് ഒരുമിച്ച്. (ടി എം ജേക്കബ് കൊണ്ടുവന്ന പ്രീ ഡിഗ്രി ബോര്‍ഡിനെ സമരം ചെയ്ത് തോല്‍പ്പിച്ച സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം പിന്നീട് പ്ലസ്ടു കൊണ്ടുവന്ന് പ്രീ ഡിഗ്രി ഇല്ലാതാക്കുന്നതിന് മുമ്പുള്ള കാലമാണ്) സര്‍ക്കാര്‍ എയിഡഡ് സ്‌കൂളിലെ മലയാളം മീഡിയത്തില്‍ നിന്ന് ആംഗലേയത്തിലേക്കുള്ള മാറ്റം എളുപ്പമായിരുന്നില്ല. രണ്ട് പേരും മുടന്തി. പ്രീ ഡിഗ്രി ഒന്നാം വര്‍ഷത്തിന്റെ ഫലം വന്നതോടെ കലാപമായി. മക്കളുടെ ഭാവിയില്‍ ആശങ്ക പൂണ്ട പിതാക്കളുടെ ഉച്ചകോടി. ചാര്‍മിനാറും ദിനേശ് ബീഡിയും പുകഞ്ഞു. മക്കള്‍ക്കുമേല്‍ ശകാരം തിരുവാതിര ഞാറ്റുവേല പോലെ ഏറിയും കുറഞ്ഞും പെയ്തു. ഒടുവില്‍ ദീര്‍ഘശ്വാസത്തിന്റെ അകമ്പടിയില്‍ ശേഖരേട്ടന്റെ ഭാവി പ്രവചനം. ഈ പോക്കാണെങ്കില്‍ ഇവനെ വല്ല ബി എ ഇസ്ലാമിക് ഹിസ്റ്ററിക്കും ചേര്‍ക്കേണ്ടിവരും, മഹാരാജാസിലുണ്ടല്ലോ….ഒരു ഡിഗ്രിയെങ്കിലും വേണ്ടേ….

മറ്റ് വിഷയങ്ങളിലൊന്നും ഡിഗ്രിക്ക് പ്രവേശനം ലഭിക്കാനിടയില്ലാത്തവര്‍ക്കുള്ള അഭയ കേന്ദ്രമായി, അന്ന് മുന്നില്‍ അവതരിച്ച ഇസ്ലാമിക് ഹിസ്റ്ററി, പിന്നീട് പല തവണ മുന്നിലേക്ക് വന്നു. അവരൊക്കെ ‘ഇസ്ലാമിക് കെമിസ്ട്രി’ക്ക് പഠിക്കുന്നവരാണെന്ന പരിഹാസച്ചുവ ചേര്‍ന്ന വിശേഷണം ബിരുദാനന്തര ബിരുദത്തിന് എറണാകുളം മഹാരാജാസിലെത്തിയ കാലത്തും അതിന് മുമ്പും കേട്ടു. എന്തുകൊണ്ട് ഇസ്ലാമിക് ഹിസ്റ്ററി, ക്രിസ്ത്യന്‍ ഹിസ്റ്ററിയോ ബുദ്ധിസ്റ്റ് ഹിസ്റ്ററിയോ പഠന വിഷയമാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും. അതിനുള്ള ഉത്തരം കണ്ടെത്തിയത്, അവര്‍ക്ക് സ്വന്തമായൊരു ചരിത്രമുണ്ട്, ആ ചരിത്രത്തിന്റെ തുടര്‍ച്ച നമ്മുടെയൊക്കെ ജീവിതത്തെ, ജീവിത വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ചരിത്രം പ്രത്യേകമായി പഠിപ്പിക്കണമെന്ന തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടായിട്ടുണ്ടാകണം. അതുകൊണ്ടാകാം ഇസ്ലാമിക് ഹിസ്റ്ററിയിലൊരു ബിരുദ കോഴ്സെന്ന ആശയമുണ്ടായിട്ടുണ്ടാകുക. അക്ബറിന്റെ, ഷെര്‍ഷായുടെ, ഹുമയൂണിന്റെയൊക്കെ ഭരണപരിഷ്‌കാരങ്ങള്‍ പൊതുചരിത്രത്തിന്റെ ഭാഗമായി മൗര്യരുടെയും ശാക്യരുടെയും ശിവജിയുടെയുമൊക്കെ ഭരണപരിഷ്‌കാരങ്ങള്‍ക്കൊപ്പം പഠിപ്പിക്കുന്നത് അതുകൊണ്ടാകണമെന്നും ധരിച്ചു.

അക്കാലം, ഇസ്ലാമിക് ഹിസ്റ്ററിയെ ചെറുതായി കാണുന്നതിലും ‘ഇസ്ലാമിക് കെമിസ്ട്രി’യെന്ന് പരിഹസിക്കുന്നതിലും വലിയ തകരാര്‍ തോന്നിയിരുന്നില്ല, അതിലപ്പോഴും ഉള്‍ചേര്‍ന്ന രാഷ്ട്രീയം സംഘ വിരചിതമായിരുന്നുവെങ്കിലും. ഒരു കൂട്ടച്ചിരിക്കപ്പുറത്ത് (അതില്‍ പോലും അപകടമുണ്ടായിരുന്നു) വെറുപ്പുത്പാദിപ്പിക്കാനുള്ള ഉപാധിയായിരുന്നില്ല അതൊന്നും. പക്ഷേ, പുതിയകാലം അങ്ങനെയാണോ? ചരിത്രം കാവിമഷിയില്‍ തിരുത്തിയെഴുതാന്‍ വലിയ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മുഗള്‍ രാജവംശത്തെക്കുറിച്ച് പഠിപ്പിക്കുന്നത് പോലെ മൗര്യ, ഗുപ്ത രാജവംശങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നില്ല എന്ന് (വസ്തുത അങ്ങനെയല്ലെങ്കിലും) കേന്ദ്രത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അമിത് ഷാ ആക്ഷേപിക്കുന്നു. രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പുതിയ തലമുറയിലേക്ക് എത്തിക്കും വിധത്തിലാകണം ചരിത്ര പഠനമെന്ന് ഉദ്ഘോഷിക്കുന്നു. അതിന് വേണ്ടി, മുഗള്‍ ഭരണകാലത്തെ തമസ്‌കരിച്ച് വേണം പാഠ്യപദ്ധതിയുണ്ടാകാനെന്ന് നിര്‍ദേശിക്കുന്നു. ആ മട്ടില്‍ പാഠ്യപദ്ധതി തയ്യാറാക്കാന്‍ യു ജി സി മുതല്‍ താഴേക്കുള്ള സകല ഏജന്‍സികളും മത്സരിക്കുന്നു. ഇത് കാവിവത്കരണമാണെന്നും മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിക്കാതെ എങ്ങനെയാണ് രാജ്യത്തിന്റെ ചരിത്ര പഠനം പൂര്‍ത്തിയാവുക എന്നും ചോദ്യമുയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നു.

രാമന്‍ ജനിച്ച ഭൂമിയില്‍, അവിടെ നിലനിന്ന ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന പുതുചരിത്രവും അതിനെ സാധൂകരിക്കും വിധത്തിലുള്ള പരമോന്നത കോടതിയുടെ വിധിയും ഇസ്ലാമിക് ഹിസ്റ്ററിയിലെ തിരുത്തായിരുന്നു. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നും അതിന്റെ ശേഷിപ്പുകള്‍, ശിവലിംഗമുള്‍പ്പെടെ, ഇപ്പോഴുമുണ്ടെന്ന വാദവും അഭിഭാഷക കമ്മീഷന്റെ സര്‍വേക്ക് അനുമതി നല്‍കലും സര്‍വേയിലെ കണ്ടെത്തലുകള്‍ കോടതിക്ക് നല്‍കിയതിന് പിറകെ ചോര്‍ന്നതുമൊക്കെ പുതിയ തിരുത്തലുകളുടെ ഭാഗമായി കാണണം. മഥുരയിലെ മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍, ശ്രീരംഗപട്ടണത്തും മംഗലാപുരത്തുമൊക്കെ മസ്ജിദുകള്‍ക്കു മേല്‍ അവകാശമുന്നയിച്ച് നടത്തുന്ന പ്രസ്താവനകള്‍, അതിന്റെ തുടര്‍ച്ചയിലെടുക്കുന്ന നടപടികള്‍ ഒക്കെ തിരുത്തലുകള്‍ക്കുള്ള ശ്രമങ്ങളാണ്. രാജ്യത്താകെയുള്ള മസ്ജിദുകളും ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചതാണോ എന്ന് പഠിക്കണമെന്ന ആവശ്യവും മറ്റൊന്നല്ല.

ചരിത്രം മാത്രമല്ല, ആ ചരിത്രത്തിന്റെ സ്വാധീനത്തില്‍ വികസിക്കുകയും പില്‍ക്കാലത്ത് അധിനിവേശത്താല്‍ ചുരുങ്ങുകയും ചെയ്ത രാജ്യം, സ്വതന്ത്രമായതിന് ശേഷം രാജ്യത്ത് നിലവില്‍ വന്ന ഭരണഘടനയെ അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ മറികടക്കുകയോ മാറ്റിയെഴുതാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട് സംഘ്പരിവാരവും അവരുടെ ഭരണകൂടവും. അധികാരത്തിന്റെ ഇടപെടലുകള്‍ക്ക് അപ്പുറം നിന്നിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തീവ്ര ഹിന്ദുത്വത്തിന്റെ ഇംഗിതാനുസാരികളാക്കി മാറ്റുകയും ചെയ്യുന്നു. അതിന്റെ ദൂഷ്യം നേരിട്ടും അല്ലാതെയും അനുഭവിക്കുന്ന ജനത്തെ, ഹിന്ദുത്വ വികാരത്തിന്റെ തീവ്രതയിലേക്ക് ഉയര്‍ത്തി, ഉന്മാദത്തിന്റെ ആവേഗത്തില്‍ ജീവിത ദുരിതങ്ങളെ മറക്കാന്‍ പഠിപ്പിക്കുന്നു. ഭരണകൂടമാണ് രാജ്യമെന്നും അവരുടെ ചെയ്തികളെ തുണയ്ക്കുക എന്നതാണ് ദേശസ്നേഹമുള്ളവരുടെ കടമയെന്നും മറക്കരുതെന്ന പാഠം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത്തരമൊരു കാലത്ത് ഇസ്ലാമിക് ഹിസ്റ്ററി പഠിച്ചതോ പഠിക്കുന്നതോ രാജ്യവിരുദ്ധമാകാതെ തരമില്ല! ഇസ്ലാമിക് ഹിസ്റ്ററി പഠിച്ചൊരാള്‍ കേന്ദ്രാധികാരത്തെ വിമര്‍ശിക്കുന്നതോ ആ അധികാരത്തിന്റെ ഏജന്‍സികളോട് നിയമവിധേയമായി തന്നെ കലഹിക്കുന്നതോ രാജ്യസ്നേഹത്തിന് നിരക്കുന്നതുമാകില്ല!

വെറും ചരിത്രം പഠിച്ച ഇസ്ലാം വിശ്വാസി പോലും ഈ ഘട്ടത്തില്‍ ‘ഇസ്ലാമിക് ഹിസ്റ്ററി’ പഠിച്ചവര്‍ മാത്രമായി മാറും, മാറണം. കേരളത്തിലറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ (അദ്ദേഹത്തോടുള്ള സകല വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട്) ‘ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച വിവരദോഷി’യെന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതൊരു വ്യക്തിയെ അവഹേളിക്കലല്ല. ആ വിശേഷണം നടത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവര്‍ ഇതുവരെയുള്ള ജീവിത കാലത്ത് കൊണ്ടുനടന്ന ആഭിജാത്യത്തിന്റെയും സവര്‍ണ ബോധത്തിന്റെയും പ്രകടനമാണ്, നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന അപരമതദ്വേഷത്തില്‍ മുങ്ങിയ മനസ്സിന്റെ പ്രകടനമാണ്. നേര്‍ക്കുനേര്‍ ഹിന്ദുത്വ വര്‍ഗീയത പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരേക്കാള്‍ അപകടകാരികളാണ് ഇക്കൂട്ടര്‍. പൊതുസമൂഹത്തിന് മുന്നില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ പാകത്തില്‍ ജനാധിപത്യത്തെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുകയും അങ്ങനെ സ്വന്തമാക്കുന്ന വിശ്വാസ്യത മറയാക്കി, വര്‍ഗീയ അജന്‍ഡകള്‍ സമൂഹമനസ്സില്‍ വേരുറപ്പിക്കുന്നതിന് വളമിടുന്നവരുമാണ് അവര്‍.

നിര്‍ദോഷമെന്ന് തോന്നിപ്പിച്ചിരുന്ന ശോഭായാത്രകള്‍ റിക്രൂട്ടിംഗ് റാലികളായിരുന്നുവെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുത്തു. വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്നതല്ല ഇക്കാലത്ത് റിക്രൂട്ടിംഗ് റാലികള്‍. അത് എല്ലാ സമയത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നതാണ്. അതിനുള്ള ദല്ലാളന്മാര്‍ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ മുഖംമൂടിയണിഞ്ഞും മാധ്യമ പ്രവര്‍ത്തനത്തിന്റെ മേന്മയണിഞ്ഞുമെത്തും. മാരീച വേഷങ്ങള്‍ വംശഹത്യാ ശ്രമത്തിന് വഴിമരുന്നിടുന്നവരാണെന്ന് മനസ്സിലാക്കണമെങ്കില്‍ ലങ്കയുടെ ഐതീഹ്യം (ചരിത്രമല്ല) പഠിക്കണം.

 

Latest