Connect with us

Kerala

തലശേരി ഫസല്‍ വധക്കേസ്; നിര്‍ണായക തെളിവായ തൂവാല കോടതിയില്‍ നിന്നും കാണാതായി

തൂവാല സൂക്ഷിച്ച കടലാസ് കവറിനു മുകളില്‍ 'ടൗവല്‍ കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി' എന്ന് എഴുതിവച്ചിരുന്നു

Published

|

Last Updated

കൊച്ചി |  തലശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍ നിന്നും കാണാതായി. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ ഇന്നലെ നടന്ന വിസ്താരത്തിനിടെയാണ് ഇക്കാര്യം വ്യക്തമായത്. തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്.സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ കോടതിയില്‍ തുറന്നുനോക്കിയപ്പോഴാണ് തൂവാല അതിലില്ലെന്ന് മനസ്സിലായത്. തൂവാല സൂക്ഷിച്ച കടലാസ് കവറിനു മുകളില്‍ ‘ടൗവല്‍ കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി’ എന്ന് എഴുതിവച്ചിരുന്നു.

ധര്‍മ്മടം- ആണ്ടല്ലൂര്‍ ഭാഗത്ത് റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ യൂവാല കിട്ടിയത്. ഇവിടെ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുണ്ട്. കൊലപാതകം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണ് എന്നാണ് സിബിഐയുടെ വാദം. ഫസലിന്റെ തൂവാല മൃതദേഹത്തില്‍നിന്നു കണ്ടെടുത്തിരുന്നു.

തൂവാല ആസൂത്രിതമായി എടുത്തു മാറ്റിയതാണെന്നാണ് സിബിഐ പറയുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് സിബിഐ തെളിവായി സമര്‍പ്പിച്ചിട്ടുള്ളതിനാല്‍, തൂവാല നഷ്ടപ്പെട്ടാലും കേസ് തെളിയിക്കാനാവുമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങിയവരാണ് പ്രതികള്‍.

 

Latest