Connect with us

Editors Pick

രൂപമാറ്റത്തോടെ പുതിയ ടാറ്റ ടിയാഗോ ഫേസ്‌ലിഫ്റ്റ് മെയ് 28ന് വിപണിയിലേക്ക്

പരീക്ഷണ ഓട്ടത്തിനിടെ പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം 2026 ടാറ്റ ടിയാഗോ ഫേസ്‌ലിഫ്റ്റിൽ വൻ ഡിസൈൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. തങ്ങളുടെ ജനപ്രിയ എൻട്രി ലെവൽ മോഡലായ ടിയാഗോയുടെ പുത്തൻ ഫേസ്‌ലിഫ്റ്റ് പതിപ്പ് മെയ് 28ന് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. അടുത്തിടെയായി രാജ്യത്തെ വിവിധ റോഡുകളിൽ ഈ കാറിന്റെ പരീക്ഷണ ഓട്ടങ്ങൾ വ്യാപകമായി നടന്നിരുന്നു. എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഈ പുത്തൻ അപ്ഡേറ്റ് വിപണിയിൽ എത്തിക്കുന്നത്. നിലവിൽ ടാറ്റയുടെ നിരയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന മോഡലാണ് ടിയാഗോ. ദീർഘനാളുകൾക്ക് ശേഷമാണ് ഈ മോഡലിന് വലിയൊരു മാറ്റം കമ്പനി നൽകുന്നത്.

പരീക്ഷണ ഓട്ടത്തിനിടെ പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം 2026 ടാറ്റ ടിയാഗോ ഫേസ്‌ലിഫ്റ്റിൽ വൻ ഡിസൈൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. എൽ ഇ ഡി ഹെഡ്‌ലൈറ്റുകൾക്കും എൽ ഇ ഡി ടെയിൽ ലൈറ്റുകൾക്കും പുതിയ രൂപഭംഗി നൽകിയിട്ടുണ്ട്. ജ്യാമിതീയ പാറ്റേണിലുള്ള (Geometric pattern) പുതിയ അലോയ് വീലുകളാകും വാഹനത്തിൽ ഉണ്ടാകുക. ടെസ്റ്റ് മോഡലുകൾ പൂർണ്ണമായും മറച്ചുവെച്ച നിലയിലായിരുന്നെങ്കിലും ഹെഡ്‌ലൈറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പ്ലാക്ക് ഇതിൽ ദൃശ്യമായിരുന്നു. കൂടാതെ ഫോഗ് ലൈറ്റുകൾ മുൻപത്തേക്കാൾ താഴ്ന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

നിലവിലെ ടിയാഗോ മോഡലിൽ ടു സ്പോക്ക് സ്റ്റീയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. എന്നാൽ മുൻവശത്തെ സെന്റർ ആംറെസ്റ്റ്, റിയർ എ സി വെന്റുകൾ, ക്രമീകരിക്കാൻ കഴിയുന്ന റിയർ ഹെഡ്റെസ്റ്റുകൾ, റിയർ ആംറെസ്റ്റ്, വയർലെസ് ചാർജിംഗ് പാഡ് തുടങ്ങിയ സൗകര്യങ്ങൾ നിലവിലെ മോഡലിൽ ലഭ്യമല്ല. പുത്തൻ ഫേസ്‌ലിഫ്റ്റ് പതിപ്പിൽ ഈ പോരായ്മകൾ പരിഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള എം ഐ ഡിക്ക് പകരം 7 ഇഞ്ച് ടി എഫ് ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ടാറ്റ നൽകിയേക്കും. സിംഗിൾ പെയ്ൻ സൺറൂഫ് ഓപ്ഷനും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്.

വാഹനത്തിന്റെ എഞ്ചിൻ കരുത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. നിലവിലുള്ള 1.2 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാകും ഈ പതിപ്പിലും തുടരുക. ഇത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എ എം ടി ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിന് പുറമെ ഐ സി എൻ ജി ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുള്ള സി എൻ ജി പതിപ്പും ഇലക്ട്രിക് പതിപ്പും ടിയാഗോയ്ക്കുണ്ട്. വിപണിയിൽ ഹ്യുണ്ടായ് ഐ 10 ഹാച്ച്ബാക്ക്, മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നിവയോടായിരിക്കും ടാറ്റ ടിയാഗോ ഫേസ്‌ലിഫ്റ്റ് പ്രധാനമായും മത്സരിക്കുക.

Content Highlights:

Tata Motors is scheduled to launch the highly anticipated Tiago facelift in the Indian market on May 28, 2026. The updated hatchback is expected to feature significant cosmetic upgrades, including redesigned LED lighting and geometric alloy wheels, to strengthen its grip on the entry-level segment. Inside, it could borrow advanced tech like a 7-inch TFT instrument cluster and a single-pane sunroof option while retaining its efficient 1.2-litre petrol, CNG, and electric powertrain options. Once launched, it will renew its fierce rivalry with the Maruti Suzuki Swift and Hyundai i10.

Latest