Ongoing News
തീർഥാടകർക്ക് മികച്ച സേവനമൊരുക്കി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം: തവക്കൽന ആപ്പിൽ മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ
വിദേശ രാജ്യങ്ങളിൽ നിന്നും സഊദിയിലെത്തുന്ന തീർത്ഥാടകർക്ക് ഹജ്ജ് -ഉംറ കർമ്മങ്ങൾ നിർവ്വഹിച്ച് മാതൃ രാജ്യത്തേക്ക് മടങ്ങുന്നതുവരെയുള്ള എല്ലാ ആവശ്യങ്ങളും സുഗമമാക്കുന്നതിനായി മികച്ച സാങ്കേതിക സംവിധാനമാണ് ഡിജിറ്റൽ ആപ്പിലുള്ളത്.
മക്ക | ഹജ്ജ് തീർഥാടകർക്കും ഹജ്ജ് സീസണില്‍ സേവനം ചെയ്യുന്നവർക്കും ആശ്വാസമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി രൂപകൽപന ചെയ്ത ‘തവക്കൽന’ മൊബൈൽ ആപ്ലിക്കേഷൻ വഴി പുണ്യഭൂമിയിലെത്തുന്നവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവനങ്ങൾ എളുപ്പമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾക്ക് പുറമെ ഹിന്ദി, ഉർദു, ഇന്തോനേഷ്യൻ തുടങ്ങി പത്തൊമ്പതോളം ഭാഷകളാണ് തവക്കല്‍നയുടെ ഭാഷാ പട്ടികയിലുള്ളത്.
ഹജ്ജ് അനുമതി പത്രം (തസ്‌രീഹ്), മക്കയിലേക്കുള്ള പ്രവേശനാനുമതി, ജോലി, സന്നദ്ധസേവനം, പുണ്യസ്ഥലങ്ങളിലെ ജീവനക്കാർക്കുള്ള ജോലി അനുമതി, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും മക്കയിലേക്കുള്ള പ്രവേശനം, വളണ്ടിയർ, വാഹന പെർമിറ്റുകൾ എന്നിവ ഇതിലൂടെ ലഭ്യമാകും. വ്യക്തിഗത, കുടുംബം, വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യൽ, പ്രൊഫഷണൽ, ടൂറിസം, വിനോദ സേവനങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിലായി 350 ലധികം സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് 1,300 ലധികം സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നും സഊദിയിലെത്തുന്ന തീർത്ഥാടകർക്ക് ഹജ്ജ് -ഉംറ കർമ്മങ്ങൾ നിർവ്വഹിച്ച് മാതൃ രാജ്യത്തേക്ക് മടങ്ങുന്നതുവരെയുള്ള എല്ലാ ആവശ്യങ്ങളും സുഗമമാക്കുന്നതിനായി മികച്ച സാങ്കേതിക സംവിധാനമാണ് ഡിജിറ്റൽ ആപ്പിലുള്ളത്. ഹജ്ജ് അനുമതി പത്രത്തിനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘തസ്‌റീഹ്’ പ്ലാറ്റ്‌ഫോമുമായി തവക്കല്‍നയെ സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ രേഖകള്‍ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. ഇതോടെ തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾക്കായുള്ള ഏകീകൃതവും സുരക്ഷിതവുമായ ഓൺലൈൻ പ്ലാറ്റ്‌ഫോം എന്ന നിലയിൽ മികച്ച സേവനമാണ് ലഭിക്കുക.
ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, ആപ്പ് ഗാലറി, ഗാലക്സി സ്റ്റോർ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് ഇത് വളരെ വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഉയർന്ന വിശ്വാസ്യതയും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി ഫീച്ചറുകളാണ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത.
Summary
The Saudi Ministry of Hajj and Umrah has enhanced services for pilgrims through the ‘Tawakkalna’ mobile application, which now supports 19 languages including Malayalam, Hindi, and Urdu. Developed by the Saudi Data and Artificial Intelligence Authority, the app integrates over 1,300 services from 350 government institutions, covering travel permits, health, and tourism needs. By linking with the unified digital platform ‘Tasreeh’, the app allows smooth management of digital documents for a secure and hassle-free pilgrimage. The application is readily available for download across major mobile app stores.







