Connect with us

Editors Pick

ഒറ്റ ചാർജിൽ 440 കിമീ; കുറഞ്ഞ വിലയിൽ വിപണി കീഴടക്കാൻ സ്കോഡയുടെ ഇലക്ട്രിക് എസ്‌ യു വി എത്തി

ഏറ്റവും ആധുനികവും എന്നാൽ പ്രായോഗികവുമായ ക്യാബിനാണ് വാഹനത്തിന്റേത്. ആൻഡ്രോയിഡ് അധിഷ്ഠിതമായ 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ് ഡാഷ്‌ബോർഡിൽ പ്രധാന ആകർഷണം.

Published

|

Last Updated

ന്യൂഡൽഹി | ആഗോള വാഹന വിപണിയിൽ ഇലക്ട്രിക് കാറുകളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഓട്ടോമൊബൈൽ നിർമാതാക്കളായ സ്കോഡ തങ്ങളുടെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് എസ്‌ യു വി ‘എപിക്’ അവതരിപ്പിച്ചു. സ്കോഡയുടെ ആഗോള ഇലക്ട്രിക് വാഹന നിരയിൽ എൽറോക്ക് എന്ന മോഡലിന് താഴെയാണ് എപിക്കിന്റെ സ്ഥാനം. രണ്ട് വർഷം മുൻപ് ആദ്യമായി കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ച ഈ വാഹനം 2025 മ്യൂണിക് മോട്ടോർ ഷോയിലാണ് പ്രൊഡക്ഷൻ രൂപത്തിലേക്ക് മാറിയത്. ഇപ്പോൾ എല്ലാവിധ മാറ്റങ്ങളോടെയും പൂർണ്ണ സജ്ജമായ പ്രൊഡക്ഷൻ പതിപ്പാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

സ്കോഡയുടെ പുത്തൻ മോഡേൺ സോളിഡ് ഡിസൈൻ കൺസപ്റ്റിലാണ് എപിക് നിർമിച്ചിരികുന്നത്.  മുൻവശത്ത് ബോണറ്റിൽ വലിയ അക്ഷരങ്ങളിൽ സ്കോഡ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തിളക്കമാർന്ന ബ്ലാക്ക് ഗ്രില്ലും സ്ലീക്ക് എൽ ഇ ഡി ഡിആർഎല്ലുകളും വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ എൽ ഷേപ്പിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബമ്പറിൽ ഒന്നിലധികം സ്ലിറ്റുകളും സിൽവർ സ്കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. വശങ്ങളിൽ 17 മുതൽ 19 ഇഞ്ച് വരെയുള്ള എയറോ ഒപ്റ്റിമൈസ്ഡ് അലോയ് വീലുകൾ, നേർത്ത ബോഡി ക്ലാഡിംഗ്, ചെറുതായി ചരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈൻ എന്നിവയാണുള്ളത്. റൂഫ് റെയിലുകളും സി പില്ലറിലെ സ്കോഡ ബ്രാൻഡിംഗും ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. പിന്നിൽ ടി ഷേപ്പ് എൽ ഇ ഡി ടെയിൽ ലാമ്പുകളും റൂഫ് സ്പോയിലറും നൽകിയിരിക്കുന്നു.

അളവുകളുടെ കാര്യത്തിൽ 4171 എംഎം നീളവും 1798 എംഎം വീതിയും 1581 എംഎം ഉയരവുമാണ് സ്കോഡ എപിക്കിനുള്ളത്. വാഹനത്തിന്റെ വീൽബേസ് 2601 എംഎം ആണ്. മികച്ച എയറോഡൈനാമിക് കാര്യക്ഷമത ഉറപ്പാക്കുന്നതിനായി 0.275 ഡ്രാഗ് കോഫിഫിഷ്യന്റിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏറ്റവും ആധുനികവും എന്നാൽ പ്രായോഗികവുമായ ക്യാബിനാണ് വാഹനത്തിന്റേത്. ആൻഡ്രോയിഡ് അധിഷ്ഠിതമായ 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ് ഡാഷ്‌ബോർഡിൽ പ്രധാന ആകർഷണം. ക്ലൈമറ്റ് കൺട്രോൾ പോലുള്ള പ്രധാന ഫീച്ചറുകൾക്കായി ഫിസിക്കൽ ബട്ടണുകൾ നിലനിർത്തിയിട്ടുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ധാരാളം സ്റ്റോറേജ് സ്പേസുകൾ എന്നിവയും ഉള്ളിലുണ്ട്. വകഭേദങ്ങൾക്കനുസരിച്ച് ഗ്രേ, മിന്റ് ഗ്രീൻ, ബ്രൗൺ എന്നീ നിറങ്ങളിൽ ഇന്റീരിയർ അപ്ഹോൾസ്റ്ററി ലഭ്യമാകും.

വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, 10 സ്പീക്കറുകളുള്ള കാന്റൺ ഓഡിയോ സിസ്റ്റം എന്നിവ എപിക്കിലുണ്ട്. മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള വി ടു എൽ സാങ്കേതികവിദ്യയും മറ്റൊരു വാഹനത്തിലേക്ക് ചാർജ് പങ്കുവെക്കാനുള്ള വി ടു വി ഫീച്ചറും ഇത് പിന്തുണയ്ക്കും. സുരക്ഷയ്ക്കായി അഡാസ് (ADAS) സാങ്കേതികവിദ്യ, 7 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ നൽകിയിട്ടുണ്ട്. 475 ലിറ്റർ ബൂട്ട് സ്പേസും മുൻവശത്ത് 25 ലിറ്റർ ഫ്രങ്കും വാഹനത്തിനുണ്ട്.

വോക്സ്‌വാഗൺ ഗ്രൂപ്പിന്റെ എം ഇ ബി പ്ലസ് പ്ലാറ്റ്‌ഫോമിലാണ് എപിക് നിർമ്മിച്ചിരിക്കുന്നത്. 38.5 കെഡബ്ല്യുഎച്ച്, 55 കെഡബ്ല്യുഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. ചെറിയ ബാറ്ററി ഉപയോഗിക്കുന്ന എപിക് 35 പതിപ്പ് 116 എച്ച്പി കരുത്തും എപിക് 40 പതിപ്പ് 135 എച്ച്പി കരുത്തും ഉത്പാദിപ്പിക്കും. രണ്ടിലും 267 എൻഎം ടോർക്ക് ലഭിക്കും.

വലിയ ബാറ്ററിയുള്ള എപിക് 55 മോഡൽ 211 എച്ച്പി കരുത്തും 290 എൻഎം ടോർക്കും നൽകും. ചെറിയ ബാറ്ററിയിൽ 310 കിലോമീറ്ററും വലിയ ബാറ്ററിയിൽ 440 കിലോമീറ്ററും റേഞ്ച് ലഭിക്കുമെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. ഡി സി ഫാസ്റ്റ് ചാർജിംഗ് വഴി വെറും 24 മിനിറ്റ് കൊണ്ട് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

Content Highlights:

Skoda has officially unveiled its production-ready compact electric SUV, the Skoda Epiq, which is poised to be the brand’s most affordable EV yet. Built on Volkswagen Group’s MEB+ platform, the vehicle features Skoda’s modern solid design language and high-tech additions like a 13-inch touchscreen and ADAS. It offers two battery capacities—38.5kWh and 55kWh—delivering driving ranges of up to 310 km and 440 km respectively. The top-tier variant boasts 211 hp and supports fast DC charging, capable of powering up from 10 to 80 percent in approximately 24 minutes.

Latest