teachers dress code
അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; മന്ത്രി ആര്‍ ബിന്ദു
സാരിയടക്കമുള്ള ഏതെങ്കിലും വസ്ത്രം അധ്യാപകരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്

തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഏതെങ്കിലും വസ്ത്രം അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്തക്ക് ചേര്‍ന്നതല്ലെന്നും ഉത്തരവിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി പറഞ്ഞു.
കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വേണമെങ്കില്‍ അധ്യാപിക എല്ലാ ദിവസം സാരി ധരിച്ച് വരണമെന്ന അധികൃതരുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഒരു അധ്യാപികക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഈ പട്ടികയില്‍ വരില്ല. വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല. താന്‍ അധ്യാപികയായിരുന്ന കാലത്ത് നിരന്തരം ചുരിദാര്‍ ധരിച്ചായിരുന്നു പഠിപ്പിക്കാന്‍ കോളേജിലെത്തിയതെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാലഞ്ചു ദിവസം മുന്‍പ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. ചഋഠ ക്ലിയര്‍ ചെയ്തിട്ടുള്ള, ങഅയും ആ.ഋറഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കില്‍, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല.
ഞാനും ഒരു അധ്യാപികയാണ്. കേരള വര്‍മയില്‍ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാര്‍ ധരിച്ച് പോകുമായിരുന്നു.
ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല.
വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല. 2014ല്‍ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചുവരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.