Connect with us

Prathivaram

സകലകലാധ്യാപകൻ

അധ്യാപകൻ ഒരു മികച്ച കലാകാരൻ കൂടി ആയിരുന്നാൽ ആ ഗുരുമുഖത്തു നിന്നു ശിഷ്യഗണങ്ങൾക്ക് ഏറെ പഠിച്ചെടുക്കാൻ സാധിക്കുമെന്ന തിരിച്ചറിവിലൂടെയായിരുന്നു പുസ്തകങ്ങളിലെ അക്ഷരക്കൂട്ടുകൾക്കൊപ്പം സുരേഷ് അന്നൂർ എന്ന അധ്യാപകൻ കലയെ ഒപ്പം കൂട്ടിയത്.

Published

|

Last Updated

പ്യൂണിൽ നിന്നും അധ്യാപകനിലേക്കുള്ള ഒരു സ്വപ്നദൂരത്തിലാണ് സുരേഷ് അന്നൂർ എന്ന കലാകാരന്റെ ജീവിതത്തിലെ വലിയ മാറ്റങ്ങൾ വഴിതുറന്നത്. സ്കൂൾ പ്യൂണിന്റെ നീട്ടി അടിച്ച ലോംഗ് ബെല്ലിൽ നിന്നും സംസ്ഥാനത്തെ മികച്ച അധ്യാപകനിലേക്കുള്ള യാത്രയിൽ കഠിനപ്രയത്നമുണ്ടായിരുന്നു. കലയോടുള്ള അഭിനിവേശം ആഗ്രഹങ്ങൾക്ക് മൂർച്ച കൂട്ടിയപ്പോൾ സുരേഷ് അന്നൂർ എന്ന സകലകലാധ്യാപകന്റെ ജീവിത വഴികളിൽ അധ്യാപനത്തോടൊപ്പം കലയും വളരുകയായിരുന്നു. അധ്യാപനം ഒരു കലയാണ്. അധ്യാപകൻ ഒരു മികച്ച കലാകാരൻ കൂടി ആയിരുന്നാൽ ആ ഗുരുമുഖത്തു നിന്നു ശിഷ്യഗണങ്ങൾക്ക് ഏറെ പഠിച്ചെടുക്കാൻ സാധിക്കുമെന്ന തിരിച്ചറിവിലൂടെയായിരുന്നു പുസ്തകങ്ങളിലെ അക്ഷരകൂട്ടങ്ങൾക്കൊപ്പം സുരേഷ് അന്നൂർ എന്ന അധ്യാപകൻ കലയെ ഒപ്പം കൂട്ടിയത്.

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകനാണ് ഇപ്പോൾ. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് സുരേഷ് അന്നൂരിനെ തേടി എത്തിയത് ഏതാനും മാസം മുമ്പാണ്. 1999ൽ ചെറുതാഴം ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് അസിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് 2006ൽ തിരുമേനി ഗവ.ഹൈസ്കൂളിൽ ഹിന്ദി അധ്യാപകനായി. പേനകുത്തുകൾ കൊണ്ടുള്ള ഡോട്ട് ചിത്ര രചനരംഗത്ത് കഴിഞ്ഞ 30 വർഷങ്ങളായി സജീവ സാന്നിധ്യം. അന്താരാഷ്ട്ര അംഗീകാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനും നിർമാതാവും ആണ്. ഹാർമോണിയം, കീബോർഡ്, തബല, ചെണ്ട എന്നിവയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് മുമ്പേ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി പാഠങ്ങളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങൾ ഒരുക്കി. എല്ലാം സംസ്ഥാന തലത്തിൽ അംഗീകാരങ്ങളും നേടി.കലയെ അധ്യാപനത്തോടൊപ്പം ഇഴചേർത്ത് വിദ്യാർഥികൾക്ക് പകർന്നു നൽകുമ്പോൾ ലഭിക്കുന്ന അനുഭൂതി മറ്റെന്തിലും മുകളിലാണെന്ന് അദ്ദേഹം പറയുന്നു

കലതന്നെ ജീവിതം

കലയെ ജീവവായു പോലെ കാണുന്ന സുരേഷ് അന്നൂർ കൈതൊടാത്ത മേഖലകൾ കുറവാണ്. പെയിന്റിംഗും ചിത്രരചനയും, സംഗീതോപകരണങ്ങളിലെ വൈദഗ്ദ്ധ്യവും അവയിൽ ചിലതു മാത്രം. നിരവധിയായ ഓയിൽ പെയിന്റിംഗുകൾ ഇതിനകം വരച്ചു തീർത്തിട്ടുണ്ട്. 2020ലെ പ്രളയ കാലത്ത് മാഷ് വരച്ച “ഗീതോപദേശം’ ഓയിൽ പെയിന്റിംഗ് ലേലം ചെയ്ത് ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകി മാതൃകയായി.
അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിലെ ഗാന്ധിജിയുടെ ഓയിൽ പെയിന്റിംഗിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും അംഗീകാരം ലഭിച്ചു. കൂടാതെ തെയ്യങ്ങളുടെ നിരവധി പെയിന്റിംഗുകളും വരച്ചിട്ടുണ്ട്.

ഹാർമോണിയം, കീബോർഡ്, തബല, ചെണ്ട എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. സ്‌കൂളുകൾ ഉൾപ്പെടെ അനേകം വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ച് കഴിവ് തെളിയിച്ചു കഴിഞ്ഞു.

പയ്യന്നൂർ ശങ്കര മാരാർ, കോറോം രാമകൃഷ്ണ മാരാർ, തൃക്കരിപ്പൂർ ജയരാമ മാരാർ ഇവരുടെ കീഴിൽ ചെണ്ട അഭ്യസിച്ചു. ഉത്തര കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ തായമ്പക, ചെണ്ടമേളം അവതരിപ്പിച്ചു. തിരുമേനി ഹൈസ്കുളിലും കണ്ടങ്കാളി ഹൈസ്‌കൂളിലും വിദ്യാർത്ഥികൾക്ക് ചെണ്ടയിൽ പരിശീലനം നൽകി.
സുരേഷ് അന്നൂരിനെ ഏറെ ശ്രദ്ധേയനാക്കിയത് അദ്ദേഹം രചനയും സംവിധാനവും ചെയ്ത് പുറത്തിറങ്ങിയ ഹ്രസ്വ ചിത്രങ്ങളാണ്. കേവലം വിനോദങ്ങൾക്കപ്പുറം പാഠ്യ വിഷയമായും സമൂഹത്തിനുള്ള മുന്നറിപ്പായും ഗുണപാഠമായും സുരേഷ് അന്നൂരിന്റെ ഹ്രസ്വ ചിത്രങ്ങൾ നിലനിൽക്കുന്നുണ്ട്.

ഹൈസ്കൂൾ വിഭാഗം ഹിന്ദി പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി അൻമോൽ യാദേം (അമൂല്യ സ്മരണകൾ), നിർഝർ (വെള്ളച്ചാട്ടം), മഛുആരെ(മുക്കുവർ) എന്നിവ ഒരുക്കി. ഇവ എല്ലാം കുട്ടികളുടെ സംസ്ഥാന തല ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും കേരളത്തിലെയും ലക്ഷദ്വീപിലെയും സ്‌കൂളുകളിൽ പഠന സാമഗ്രികളായി വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും ചെയ്തു. 2020-21 വർഷത്തെ സംസ്ഥാനത്തെ മികച്ച അധ്യാപക അവാർഡിന് പുറമെ 2018ലെ പ്രതിഭാപുരസ്കാരം, 2020 ലെ നളിനാ ഫൗണ്ടേഷൻ പുരസ്കാരം, 2022ലെ റോട്ടറി ക്ലബ്ബ് അധ്യാപക പ്രതിഭാ പുരസ്കാരം, ലയൺസ് ക്ലബ്ബ് ഛായാ ശ്രേഷ്ഠ പുരസ്കാരം എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരി കെ കെ സന്ധ്യയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗോപികയും രാധികയും മക്കളാണ്.

---- facebook comment plugin here -----

Latest