Connect with us

Editors Pick

നികുതി ബഹിഷ്‌കരണം: കെ സുധാകരന്റെ യു ടേണ്‍ സമരത്തെ തളര്‍ത്തും

പിന്‍മടക്കത്തോടെ മറ്റു സമരങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്

Published

|

Last Updated

കോഴിക്കോട് | കൂടിയാലോചന ഇല്ലാതെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച നികുതി ബഹിഷ്‌കരണ പ്രഖ്യാപനം പിന്‍വലിച്ചു.
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ നിയമസഭക്കു പുറത്തു പ്രഖ്യാപിച്ച സമരങ്ങളുടെ ശക്തി ചോരുന്നതിന്റെ സൂചനയാവുകയാണ് ഈ പിന്‍മടക്കം. നികുതി അടക്കരുത് എന്നു പ്രഖ്യാപിച്ചത് പിണറായിയുടെ മുന്‍ പ്രഖ്യാപനത്തെ പരിഹസിക്കാനാണെന്നായിരുന്നു എന്ന വിശദീകരണത്തോടെയാണ് തലയൂരല്‍. നികുതി നല്‍കരുതെന്ന പ്രഖ്യാപനത്തിന് മുന്‍പ് പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ബഹിഷ്‌ക്കരണം സംബന്ധിച്ചു ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.

നികുതി നല്‍കരുതെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തരമൊരു തീരുമാനം അറിഞ്ഞിട്ടില്ലെന്നു വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ യു ടേണ്‍.  അധിക നികുതി അടയ്ക്കരുതെന്ന് കോണ്‍ഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മുസ്്‌ലിം ലീഗ് അടക്കം യു ഡി എഫ് ഘടക കക്ഷികളും നികുതി ബഹിഷ്‌കരണ തീരുമാനം അറിഞ്ഞിരുന്നില്ല. സുധാകരന്റെ പ്രഖ്യാപനം കോണ്‍ഗ്രസ്സിലും മുന്നണിയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നികുതി അടക്കരുതെന്ന കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമോ എന്നും ചോദ്യം ഉയര്‍ന്നിരുന്നു.

നികുതിയിനത്തിലോ മറ്റോ സര്‍ക്കാറിലേക്ക് അടക്കാനുള്ള തുക യഥാസമയം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, അത് കുടിശ്ശികയായി കണക്കാക്കി, കുടിശ്ശികയായ തീയതി മുതലുള്ള പലിശ സഹിതം ഈടാക്കുന്നതിന് 1968-ലെ കേരള റവന്യൂ റിക്കവറി നിയമവും അതിന്‍മേലുള്ള ചട്ടങ്ങളും സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയതോടെ പാര്‍ട്ടിയിലോ മുന്നണിയിലോ കൂടിയാലോചനയില്ലാതെ കെ സുധാകരന്‍ നടത്തിയ നികുതി ബഹിഷ്‌കരണ ആഹ്വാനത്തിന്റെ ഭാവി ത്രിശങ്കുവിലായിരുന്നു.

 

സര്‍ക്കാറിനെതിരായ രൂക്ഷ സമരത്തില്‍ നിന്നുള്ള ഈ പിന്‍മടക്കത്തോടെ മറ്റു സമരങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്. ഇന്ധന സെസ് അടക്കം നികുതി വര്‍ധനക്കെതിരെ യു ഡി എഫ് സമരം ഇനി നിയമ സഭയ്ക്കു പുറത്തായിരിക്കുമെന്നു പ്രഖ്യാപിച്ചാണ് എം എല്‍ എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചത്.

നിയമസഭാനടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞതോടെയാണ് പ്രതിപക്ഷം സമരവുമായി തെരുവിലേക്ക് ഇറങ്ങുകയാണെന്നു പ്രഖ്യാപിച്ചു. യു ഡി എഫ് ഘടക കക്ഷികള്‍ സ്വന്തം നിലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തില്‍ നിന്ന് പിന്‍മാറണമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അഭ്യര്‍ഥനം തള്ളിയാണു പ്രതിപക്ഷം സമരത്തിനിറങ്ങിയത്.

ഇന്ധന സെസ് രണ്ടു രൂപ ഏര്‍പ്പെടുത്തിയതു പ്രതിപക്ഷ പ്രതിഷേധം ഉയരുമ്പോള്‍ ഒരു രൂപ കുറച്ച് സമരം ഒത്തു തീര്‍പ്പാക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന നിലയില്‍ പ്രമുഖ മാധ്യമങ്ങളും പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഉയര്‍ത്തിയ വികാരത്തിനു പിന്നാലെ യു ഡി എഫ് സമരത്തിനിറങ്ങി എന്ന ആരോപണവും ഉയര്‍ന്നു.

ഇന്ധന സെസ് രണ്ടുരൂപ ചുമത്തിയത് ക്ഷേമ പെന്‍ഷന്‍ നല്‍കാനാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ, സെസ്സിനെതിരെ രൂക്ഷമായ ജനവികാരം ഉയര്‍ന്നില്ല. ഇതോടെ സമരം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന അങ്കലാപ്പിലാണ് യു ഡി എഫ്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest