Ongoing News
തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ: സംസ്ഥാന മത്സരം ജൂണ്‍ 15ന്
ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ പ്രഭാഷണം, ക്വിസ് തുടങ്ങിയ ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മത്സരങ്ങളും ഖുര്‍ആന്‍ സംബന്ധിയായ ചര്‍ച്ചകളും നടക്കും.

പത്തനംതിട്ട | വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് പ്രാമുഖ്യം നല്‍കി എസ് എസ് എഫ് സംഘടിപ്പിക്കുന്ന തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സംസ്ഥാന മത്സരങ്ങള്‍ ജൂണ്‍ 15 ന് പത്തനംതിട്ടയില്‍ നടക്കും. ഡിവിഷന്‍, ജില്ലാ മത്സരങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന മത്സരം നടക്കുന്നത്. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ പ്രഭാഷണം, ക്വിസ് തുടങ്ങിയ ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മത്സരങ്ങളും ഖുര്‍ആന്‍ സംബന്ധിയായ ചര്‍ച്ചകളും നടക്കും.
അനുബന്ധ ചര്‍ച്ചാ സംഗമത്തിന് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ : മുഹമ്മദ് ഫൈസല്‍ അഹ്സനി, രണ്ടത്താണി, കെ വൈ നിസാമുദ്ദീന്‍ ഫാളിലി കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ ദേശീയ മത്സരങ്ങള്‍ക്കും പഠനങ്ങള്‍ക്കും ജൂണ്‍ 29 ന് ബീഹാറിലെ കിഷന്‍ഗഞ്ച് വേദിയാകും. വിവിധ സംസ്ഥാനങ്ങളിലെ വിജയികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കും. തര്‍തീല്‍ ദേശീയ മത്സരത്തോടെ സമാപിക്കും. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുന്ദരമായ ആശയങ്ങള്‍ ഓരോ തര്‍തീലിലും ചര്‍ച്ച ചെയ്യും.
തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമാപന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്സനി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍, അഷ്‌റഫ് ഹാജി അലങ്കാര്‍, എ പി മുഹമ്മദ് അശ്ഹര്‍, സി കെ എം ഷാഫി സഖാഫി, പി വി ശുഐബ്, ബാസിം നൂറാനി, സ്വലാഹുദ്ധീന്‍ മദനി തുടങ്ങിയവര്‍ പ്രസംഗിക്കും.
അഷ്‌റഫ് ഹാജി അലങ്കാര്‍, എസ് ഷമീര്‍ കൊല്ലം, ഷാജഹാന്‍ സഖാഫി കോട്ടയം,
റിജിന്‍ഷ സ്വലാഹുദ്ധീന്‍ മദനി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.