Connect with us

International

ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാന്‍ യു എസ് ശ്രമിച്ചാല്‍ യുദ്ധത്തിനു തയ്യാറെടുക്കും; മുന്നറിയിപ്പുമായി താലിബാന്‍

യു എസ് നീക്കങ്ങളുമായി പാകിസ്താന്‍ സഹകരിച്ചാല്‍ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും താലിബാന്‍ നേതാക്കള്‍.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി താലിബാന്‍. വ്യോമത്താവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താന്‍ കാണ്ഡഹാറില്‍ ചേര്‍ന്ന തങ്ങളുടെ ഉന്നതതല നേതൃയോഗം തീരുമാനിച്ചതായി താലിബാന്‍ വ്യക്തമാക്കി.

യു എസ് നീക്കങ്ങളുമായി പാകിസ്താന്‍ സഹകരിച്ചാല്‍ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍, ഉലമ കൗണ്‍സില്‍ എന്നിവരെ ഉള്‍പ്പെടുത്തി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്സാദയാണ് രഹസ്യയോഗം വിളിച്ചുചേര്‍ത്തത്.

നയതന്ത്രപരമായോ സൈനികപരമായോ സാധനസാമഗ്രികള്‍ നല്‍കിയോ ഏതെങ്കിലും തരത്തില്‍ പാകിസ്താന്‍ അമേരിക്കയെ സഹായിച്ചാല്‍ പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുമെന്ന് താലിബാന്‍ നേതൃത്വം പ്രഖ്യാപിച്ചു. ഭീഷണി കണക്കിലെടുത്ത് ആഗോള, പ്രാദേശിക ശക്തികളുമായി അടിയന്തരമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയും വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയെയും നേതൃത്വം ചുമതലപ്പെടുത്തി.

തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം തിരിച്ചുനല്‍കണമെന്നും അതിന് താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ ‘മോശം കാര്യങ്ങള്‍’ സംഭവിക്കുമെന്നും ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

 

 

 

Latest