Connect with us

Kerala

ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥക്കു കാരണം വെള്ളാപ്പള്ളി; രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍

35 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന വ്യക്തി, സമുദായത്തിന് ഇതുവരെ ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാ

Published

|

Last Updated

കോട്ടയം | ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥക്കു കാരണം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന വിമര്‍ശനവുമായി മുന്‍ എം എല്‍ എ. പി വി അന്‍വര്‍. സമുദായത്തെ, ലഭ്യമാകേണ്ട എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി വളര്‍ത്തേണ്ടതിനു പകരം സ്വയം വളരാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. ഇതിന്റെ പരിണിതഫലമാണ് സമുദായത്തിന്റെ പിന്നാക്കാവസ്ഥ. വിഷയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വവും അദ്ദേഹത്തിനാണെന്നും അന്‍വര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

35 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന വ്യക്തി, സമുദായത്തിന് ഇതുവരെ ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. സമുദായത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട വ്യക്തി കേന്ദ്ര സഹായം പോലും വെട്ടിമാറ്റി. ഇതിനെതിരെ കേസ് കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഇടവും വലവും നിന്നവരാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്താണ് മലപ്പുറം ജില്ലക്കെതിരെ വര്‍ഗീയ വിദ്വേഷം തുളുമ്പുന്ന ആരോപണങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍ വേദികളിലെത്തിയത്. തിരികെ കോട്ടയത്ത് എത്തിയപ്പോള്‍ അത് ക്രൈസ്തവ സമൂഹത്തിന് എല്ലാം നല്‍കി എന്നായി മാറി.

ആഗോള അയ്യപ്പ സംഗമം വെറും രാഷ്ട്രീയ നാടകമായിരുന്നുവെന്നും പിണറായിയെ പേടിക്കുന്നവരാണ് സ്റ്റേജിലുണ്ടായിരുന്നതെന്നും അന്‍വര്‍ ആരോപിച്ചു. ജാതീയ, വര്‍ഗീയ ഇടപെടല്‍ നടത്തി മൂന്നാമതും അധികാരത്തില്‍ വരാനുള്ള വഴിതേടുകയാണ് പിണറായി വിജയന്‍. ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് ആഗോള സംഗമ വേദിയില്‍ പിണറായി നടത്തിയത്. പങ്കെടുക്കേണ്ട യഥാര്‍ഥ ഭക്തര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തില്ല. പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാകും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന കണ്‍വീനര്‍ കൂടിയായ അന്‍വര്‍ വ്യക്തമാക്കി.

 

Latest