Uae
ദുബൈയിൽ 'നോയ്‌സ് റഡാറുകൾ' വിപുലീകരിക്കുന്നു
നിയമലംഘകർക്ക് 2000 ദിർഹം പിഴ
ദുബൈ|വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പുറപ്പെടുവിക്കുന്ന ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രദേശങ്ങളിൽ “നോയ്‌സ് റഡാറുകളുടെ’ പ്രവർത്തനം വ്യാപിപ്പിച്ചതായി ദുബൈ പോലീസ് അറിയിച്ചു. ദുബൈയുടെ വിവിധ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതിനായി റഡാറുകളുടെ എണ്ണത്തിൽ ക്രമേണ വർധനവ് ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഇമാറാത്തിലെ ജീവിത നിലവാരവും പൊതു സമാധാനവും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബൈയുടെ നാഗരിക രൂപം സംരക്ഷിക്കുന്നതിനുള്ള സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദേശങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അവർ ചൂണ്ടിക്കാട്ടി.
ഗതാഗതം നിയന്ത്രിക്കുന്നതിൽ ആശ്രയിക്കുന്ന സ്മാർട്ട് ടെക്‌നോളജി സിസ്റ്റത്തിന്റെ ഭാഗമായാണ് ഇവയെന്ന് ദുബൈ പോലീസിലെ ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു. പരിഷ്‌കരിച്ച വാഹനങ്ങളുടെ ശബ്ദ നില അളക്കാനും അതിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാനും അനുവദനീയമായ പരിധി കവിയുമ്പോഴെല്ലാം വീഡിയോ ഉപയോഗിച്ച് ലംഘനം രേഖപ്പെടുത്താനും ഈ ഉപകരണങ്ങൾക്ക് കഴിയും. കൂടാതെ, അനാവശ്യമായി ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ അവർ നിരീക്ഷിക്കുകയും വാഹനങ്ങളിലെ ഓഡിയോ ഉപകരണങ്ങളിൽ നിന്നുള്ള ശബ്ദം കണ്ടെത്തുകയും ചെയ്യുന്നു.
റഡാറുകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഘടകങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ, റെക്കോർഡിംഗ് ഉപകരണങ്ങൾ മൂലമുണ്ടാകുന്ന ശബ്ദം, അല്ലെങ്കിൽ ആവശ്യമില്ലാതെ ഹോൺ ഉപയോഗിക്കുന്നത് എന്നിവ ഉൾപ്പെടുന്നു. 12 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുന്നതോടെ നിയമലംഘനത്തിന്റെ മൂല്യം 2,000 ദിർഹത്തിലെത്തുമെന്നും ഇംപൗണ്ട്‌മെന്റ് റിലീസ് ചെയ്യുന്നതിനുള്ള ഫീസ് 10,000 ദിർഹമാണ്.


