Connect with us

Kerala

ശബരിമല സ്വര്‍ണക്കവര്‍ച്ച: ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സ്വര്‍ണപാളികള്‍ ഇളക്കിമാറ്റി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിനു നിര്‍ദ്ദേശം നല്‍കി

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ നിര്‍ണായക തെളിവെടുപ്പിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ശബരിമല സന്നിധാനത്ത് നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ആരംഭിച്ച നടപടിയുടെ ഭാഗമായി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സ്വര്‍ണപാളികള്‍ ഇളക്കിമാറ്റി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തത്. പരിശോധനകള്‍ക്ക് ശേഷം ഇതു പുനസ്ഥാപിക്കും. സ്വര്‍ണപ്പാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം.

അതിനിടെ, സ്വര്‍ണ കവര്‍ച്ചയില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിനു നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാല്‍ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.

കേസിന്റെ എഫ് ഐ ആര്‍ , അനുബന്ധ മൊഴികള്‍, രേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്. ശബരിമല സ്വര്‍ണകവര്‍ച്ചയില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.

 

---- facebook comment plugin here -----

Latest