local body election 2025
ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി; കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനം ആക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു
തിരുവനന്തപുരം | അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പുറത്തിറക്കിയ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനം ആക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും തെരുവ് നായ്ക്കളെ കൂട്ടായി പാര്‍പ്പിക്കാന്‍ സങ്കേതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രകടന പത്രിക പ്രഖ്യാപിക്കുന്നു. ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങള്‍ സൃഷ്ടിക്കും.സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആയിരിക്കും നടപടിയെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ലഹരി വിരുദ്ധ പ്രചാരണവും പ്രകടനപത്രികയിലുണ്ട്. എല്ലാവര്‍ക്കും ക്ഷേമവും വികസനവും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ഭരണത്തില്‍ കൂടുതല്‍ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തും.
രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് ബി ജെ പി അധികാരത്തില്‍ വന്നതും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനോടൊപ്പം ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. കോണ്‍ഗ്രസ് തുടക്കംകുറിച്ച നയങ്ങള്‍ പൂര്‍വാധികം ശക്തമായി ബി ജെ പി മുന്നോട്ട് കൊണ്ടുപോവുകയാണ്. സാമ്പത്തിക അഭിവൃദ്ധിയോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ക്ഷേമവും ഉറപ്പുവരുത്താനുതകുന്ന ഒരു സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാ നടപ്പാക്കുന്നതെന്നും പ്രകടനപത്രികയില്‍ പറയുന്നു.
എ കെ ജി സെന്ററില്‍ നടന്ന ചടങ്ങില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി ഐ നേതാവ് സത്യന്‍ മൊകേരി, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എം എല്‍ എ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.


