Editors Pick
കൂട്ടക്കൊലയെ അതിജീവിച്ച് വളർന്നു; ബംഗ്ലാദേശിനെ നയിച്ചു; ഒടുവിൽ കൊലക്കയർ; ഷെയ്ഖ് ഹസീനയുടെ അഞ്ചു പതിറ്റാണ്ട്
ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന 78 വയസ്സുകാരിയായ ഷെയ്ഖ് ഹസീനയെ സംബന്ധിച്ച്, അധികാരത്തിന്റെ ഉയർച്ചകളെയും വീഴ്ചകളെയും, രാഷ്ട്രീയ പകപോക്കലുകളെയും അതിജീവിച്ച അര നൂറ്റാണ്ട് നീണ്ട യാത്രയുടെ ഭീതിജനകമായ അന്ത്യമാണിത്.
അഞ്ചു പതിറ്റാണ്ട് മുൻപ്, ഒരു അർദ്ധരാത്രിയിൽ നടന്ന പട്ടാള അട്ടിമറിയിൽ സ്വന്തം പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ അടക്കം കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട് രക്ഷപ്പെട്ട ഒരു യുവതി. ഇന്ന്, അതേ ബംഗ്ലാദേശിലെ കോടതി, ‘മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ’ ചുമത്തി അവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു. ജൂലൈയിൽ ധാക്കയെ പിടിച്ചുലച്ച വദ്യാർഥി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരെ കൊലപ്പെടുത്താൻ ഉത്തരവിട്ടതിനാണ് ഷെയ്ഖ് ഹസീനയെ ശിക്ഷിച്ചിരിക്കുന്നത്.
ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന 78 വയസ്സുകാരിയായ ഷെയ്ഖ് ഹസീനയെ സംബന്ധിച്ച്, അധികാരത്തിന്റെ ഉയർച്ചകളെയും വീഴ്ചകളെയും, രാഷ്ട്രീയ പകപോക്കലുകളെയും അതിജീവിച്ച അര നൂറ്റാണ്ട് നീണ്ട യാത്രയുടെ ഭീതിജനകമായ അന്ത്യമാണിത്. കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് ധാക്കയിൽ ഭരണമാറ്റമുണ്ടാകുകയും തുടർന്ന് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു.
വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെ ആക്രമണങ്ങൾക്ക് ഹസീന പ്രേരിപ്പിച്ചുവെന്നും അവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ സി ടി) കണ്ടെത്തി. കൂട്ടക്കൊലയുടെ ഇരയിൽ നിന്ന് നൂറുകണക്കിന് കൊലപാതകങ്ങളുടെ കുറ്റവാളി എന്ന സ്ഥാനത്തേക്കുള്ള ഷെയ്ഖ് ഹസീനയുടെ യാത്ര കല്ലും മുള്ളും നിറഞ്ഞതാണ്.
ദുരന്തത്തെ അതിജീവിച്ചവൾ
ഷെയ്ഖ് ഹസീനയുടെ ജീവിതത്തിലെ വഴിത്തിരിവായത് 1975 ഓഗസ്റ്റ് 15 ലെ ആ രാത്രിയാണ്. 1975 ജൂലൈയിൽ ഹസീനയും സഹോദരി രഹാനയും ഹസീനയുടെ ഭർത്താവ് അന്തരിച്ച ഭൗതികശാസ്ത്രജ്ഞനായ എം എ വാസേദ് മിയ പ്രവർത്തിച്ചിരുന്ന ജർമ്മനിയിലേക്ക് പോയതായിരുന്നു. കുടുംബത്തിലെ എല്ലാവരും യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ദശാബ്ദങ്ങൾക്കുശേഷം ഒരു അഭിമുഖത്തിൽ ഹസീന ആ യാത്രയയപ്പിനെക്കുറിച്ച് സംസാരിച്ചു: “എന്റെ ഭർത്താവ് വിദേശത്തായിരുന്നതുകൊണ്ട് ഞാൻ എന്റെ മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. അന്ന് എല്ലാവരും അവിടെ ഉണ്ടായിരുന്നു: എന്റെ പിതാവും മാതാവും മൂന്ന് സഹോദരങ്ങളും പുതുതായി വിവാഹിതരായ രണ്ട് സഹോദരിമാരും എല്ലാവരും.”

എന്നാൽ, 1975 ഓഗസ്റ്റ് 15 ന് ധാക്കയിലെ ധൻമോണ്ടിയിലുള്ള വീട്ടിൽ വെച്ച് മുജീബുർ റഹ്മാനും ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് മരുമക്കളും കൂട്ടക്കൊല ചെയ്യപ്പെട്ടു. ബംഗ്ലാദേശ് സൈനികർ വീട്ടിലേക്ക് ഇരച്ചുകയറി 36 പേരെയാണ് വധിച്ചത്. ലോക ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ അട്ടിമറികളിൽ ഒന്നാണിത്. ഈ കൂട്ടക്കൊലയ്ക്ക് ശേഷം ഹസീനയും ഭർത്താവും മക്കളായ സജീബ് വാസേദും സൈമ വാസേദും സഹോദരി രഹാനയും ഇന്ത്യയിൽ അഭയം തേടി.
ജനപ്രിയ നേതാവ്, സുവർണ്ണ കാലഘട്ടം
1981-ൽ ഇന്ത്യയിൽ അഭയം തേടിയിരിക്കെയാണ് ഷെയ്ഖ് ഹസീനയെ അവാമി ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കുകൊണ്ട് ‘ബംഗബന്ധു’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെട്ട പിതാവാണ് ഈ പാർട്ടിയെ നയിച്ചിരുന്നത്.
1996-ലെ തിരഞ്ഞെടുപ്പിൽ അവാമി ലീഗ് മികച്ച വിജയം നേടി അധികാരത്തിലെത്തി. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി. 2009-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അവർ കഴിഞ്ഞ വർഷം പുറത്താക്കപ്പെടുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.
ഹസീന പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം ന്യൂ ഡൽഹിയും ധാക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയ സുവർണ്ണ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. അതിർത്തി സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർധിച്ചു. ഈ ദീർഘകാല സൗഹൃദമാണ് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തിന്റെ നിരന്തരമായ കൈമാറ്റാവശ്യങ്ങൾക്കിടയിലും ഇന്ത്യയെ അവർക്ക് അഭയം നൽകാൻ പ്രേരിപ്പിച്ചത്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി
പ്രധാനമന്ത്രിയായി നാലാം തവണ അധികാരമേറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ സംവരണ സമ്പ്രദായത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം ആരംഭിച്ചു. 1971-ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ‘മുക്തിജോദ്ധാക്കളുടെ’ (1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പോരാടിയ ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര സേനാനികളെ സൂചിപ്പിക്കുന്നു) കുടുംബാംഗങ്ങൾക്ക് ജോലികളിലും വിദ്യാഭ്യാസത്തിലും മുൻഗണന നൽകുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം.
പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് ഹസീന നടത്തിയ ഒരു പരാമർശമാണ് പ്രക്ഷോഭം ആളിക്കത്താൻ കാരണമായത്: “സ്വാതന്ത്ര്യസമര സേനാനികളുടെ പേരക്കുട്ടികൾക്ക് ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കേണ്ടെങ്കിൽ, അത് ‘രസകർമാരുടെ’ പേരക്കുട്ടികൾക്ക് പോകണമോ?” എന്നായിരുന്നു അവരുടെ ചോദ്യം.

‘രസകർ’ എന്നത് ബംഗ്ലാദേശ് രൂപീകരണത്തെ എതിർത്ത ഈസ്റ്റ് പാകിസ്ഥാൻ വോളണ്ടിയർ സേനയെ സൂചിപ്പിക്കുന്ന ഒരു ശക്തമായ പദമാണ്. സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ നിരവധി അതിക്രമങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ട്. ഈ പരാമർശം ക്വാട്ടാ വിരുദ്ധ പ്രക്ഷോഭത്തെ ഹസീനയെ നീക്കം ചെയ്യാനുള്ള പൂർണ്ണമായ പ്രസ്ഥാനമാക്കി മാറ്റി. ഇതിനോട് ഹസീന ശക്തമായ അടിച്ചമർത്തലിലൂടെ പ്രതികരിച്ചു. ചില കണക്കുകൾ പ്രകാരം ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി.
അടിച്ചമർത്തലുകൾ പ്രക്ഷോഭം അടക്കി നിർത്തുന്നതിൽ പരാജയപ്പെട്ടു, പ്രതിഷേധക്കാർ ഹസീനയുടെ വീട്ടുവാതിൽക്കൽ എത്തി. തുടർന്ന് അവർക്ക് സഹോദരി രഹാനയോടൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടേണ്ടി വന്നു. അതിനുശേഷം അവർ ഇന്ത്യയിൽ അഭയം തേടുകയാണ്.
പ്രവാസത്തിലെ ശിക്ഷാവിധി
പുറത്താക്കപ്പെട്ട് 15 മാസങ്ങൾക്ക് ശേഷം, മുൻ പ്രധാനമന്ത്രി മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിട്ടുവെന്നും പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് കോടതി അവർക്ക് വധശിക്ഷ വിധിച്ചത്. കോടതി സമൻസുകൾ നൽകിയിട്ടും ഹസീന വിചാരണയിൽ പങ്കെടുത്തില്ലെന്നും ഒളിച്ചോട്ടം കുറ്റബോധത്തെ സൂചിപ്പിക്കുന്നു എന്നും കോടതി പറഞ്ഞു.
എന്നാൽ ഈ വിധിയെ ഹസീന തള്ളിക്കളഞ്ഞു. തനിക്ക് സ്വയം പ്രതിരോധിക്കാൻ നീതിയുക്തമായ അവസരം ലഭിച്ചില്ലെന്ന് അവർ പറഞ്ഞു. ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൽ അന്തർദേശീയം ഒന്നുമില്ല എന്നും ഇത് നിഷ്പക്ഷമല്ലെന്നും അവർ ആരോപിച്ചു. “എനിക്കെതിരായ വിധി മുൻകൂട്ടി തീരുമാനിച്ചതായിരുന്നു, എന്നാൽ ലോകത്തിലെ ഒരു ബഹുമാന്യനായ നിയമജ്ഞനും ഈ വിധിയെ അംഗീകരിക്കില്ല” – എന്ന് അവാമി ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ ഹസീനയെ ഉദ്ധരിച്ച് പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയർത്തിപ്പിടിച്ച ഒരു ജനാധിപത്യ സർക്കാരിനെതിരെ പ്രതികാരം ചെയ്യാനുള്ള വ്യക്തിപരമായ ലക്ഷ്യം മാത്രമാണ് ഈ വിധിക്ക് പിന്നിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.


