Connect with us

National

മദീന ബസ് അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേർ; ഒമ്പത് പേർ കുട്ടികൾ

ഉംറ തീർത്ഥാടനത്തിനായി പോയ ഈ കുടുംബം ശനിയാഴ്ച ഹൈദരാബാദിൽ മടങ്ങിയെത്തേണ്ടതായിരുന്നു.

Published

|

Last Updated

ഹൈദരാബാദ് | ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഈ ദാരുണമായ അപകടത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിനാണ്. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 അംഗങ്ങളാണ് അപകടത്തിൽ ഇല്ലാതായത്.

ഉംറ തീർത്ഥാടനത്തിനായി പോയ ഈ കുടുംബം ശനിയാഴ്ച ഹൈദരാബാദിൽ മടങ്ങിയെത്തേണ്ടതായിരുന്നു. എട്ട് ദിവസം മുൻപാണ് അവർ യാത്ര പുറപ്പെട്ടത്. തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ 1:30 ഓടെയാണ് ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചത്.

“എന്റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരെല്ലാം പോയിരുന്നു. അവർ എട്ട് ദിവസം മുമ്പാണ് പോയത്. ഉംറ കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുകയായിരുന്നു. 1:30 ഓടെ അപകടമുണ്ടായി, ബസ് കത്തി നശിച്ചു. അവർ ശനിയാഴ്ച മടങ്ങിയെത്തേണ്ടവരായിരുന്നു” – കുടുംബാംഗമായ മൊഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പു വരെ തങ്ങൾ ബന്ധുക്കളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്നും ആസിഫ് പറഞ്ഞു. “ഒമ്പത് മുതിർന്നവരും ഒമ്പത് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 18 പേരാണ് മരിച്ചത്. ഇത് ഞങ്ങൾക്ക് താങ്ങാനാവാത്ത ദുരന്തമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

മദീനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ വെച്ചാണ് ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറങ്ങുകയായിരുന്നു. കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനത്തിന് തീപിടിച്ചതിനാൽ അവർക്ക് സമയത്ത് രക്ഷപ്പെടാനായില്ല. അപകടത്തിൽ മരിച്ച 42 പേരിൽ അധികപേരും ഹൈദരാബാദിൽ നിന്നുള്ളവരാണ്.

Latest