local body election 2025
പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍
തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക ചുമതലയൊന്നും രാഹുലിന് നല്‍കിയിട്ടില്ലെങ്കിലും പാര്‍ട്ടി അച്ചടക്ക വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്
പാലക്കാട് | ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍. രാഹുലിന്റെ സാന്നിധ്യത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടമാക്കി.
അച്ചടക്ക നടപടി നേരിടുന്ന ആള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക ചുമതലയൊന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി നല്‍കിയിട്ടില്ല. എങ്കിലും പാര്‍ട്ടി അച്ചടക്ക വ്യവസ്ഥയെ രാഹുല്‍ വെല്ലുവിളിക്കുകയാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ഇതൊക്കെ കോണ്‍ഗ്രസ്സിലെ നടക്കു എന്നാണ് രാഹുലിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്നവര്‍ പറയുന്നത്.
പാലക്കാട് കണ്ണാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടി പഞ്ചായത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലും രാഹുല്‍ പങ്കെടുത്തിരുന്നു. കണ്ണാടി പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലാണ് രാഹുല്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന ഫോട്ടോഷൂട്ടിലും നിന്നു. യുഡിഎഫ് വിജയത്തിനായി കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അതിന്റെ ഭാഗമായാണ് ഇത്തരം വേദികളില്‍ എത്തുന്നതെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.


