Connect with us

Aksharam Education

വറ്റിപ്പോയ കടല്‍

മധ്യേഷ്യയിലെ ഒരു തടാകമായിരുന്നു അരാൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്താനിലും തെക്ക് ഭാഗം ഉസ്‌ബെക്കിസ്താനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്.

Published

|

Last Updated

രുപാതം നൂറ്റാണ്ടിൽ അപ്രത്യക്ഷമായ അരാൽ കടലിനെ (aral sea) കുറിച്ച് കേട്ടിട്ടുണ്ടോ. കടൽ വറ്റുകയോ, കേൾക്കുമ്പോൾ അത്ഭുതം തോന്നും അല്ലേ. എന്നാൽ സംഭവം സത്യമാണ്. മധ്യേഷ്യയിലെ ഒരു തടാകമായിരുന്നു അരാൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്താനിലും തെക്ക് ഭാഗം ഉസ്‌ബെക്കിസ്താനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്.

കടലിന്റെ നശീകരണം

അരാൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഇതിലുണ്ടായിരുന്നു. 68,000 സ്‌ക്വയർ കിലോമീറ്ററിലധികം വിസ്തീർണവുമുണ്ടായിരുന്നു ഈ കടലിന്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും ഒത്തുചേർന്നതോടെയാണ് പഴയ യു എസ് എസ് ആറിലെ അരാൽ കടലിന്റെ നാശം ആരംഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ജലാശയവും യു എസ് എസ് ആറിലെ ഏറ്റവും വലിയ ഉൾനാടൻ ജലാശയവുമായിരുന്നു അരാൽ കടൽ.

ശ്രീലങ്കയുടെ അത്ര വിസ്തൃതിയുണ്ടായിരുന്ന ഈ ജലാശയം മത്സ്യസമ്പന്നമായിരുന്നു. 20ാം നൂറ്റാണ്ടിൽ ഉസ്ബക്കിസ്താനിലെയും തുർക്കിമെനിസ്താനിലെയും കാർഷികോത്പാദനം വർധിപ്പിക്കാൻ യു എസ് എസ് ആർ തീരുമാനമെടുത്തതോടെ അരാൽ കടലിന്റെ കഷ്ടകാലവും ആരംഭിച്ചു. കടലിലേക്കെത്തുന്ന ജലം കനാൽ മാർഗങ്ങളിലൂടെ കൃഷിയിടങ്ങളിൽ എത്തിക്കാൻ തുടങ്ങിയതോടെ വിപുലമായ മത്സ്യസമ്പത്ത് പൂർണമായും നശിച്ചു. അതോടെ ഈ കടലിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ഗ്രാമീണ ജനത പട്ടിണിയിലേക്ക് വഴുതിവീഴാനും തുടങ്ങി.

വഴി തിരിച്ചുവിടൽ

ജലസേചനം ആരംഭിച്ച് പതിറ്റാണ്ടു തികയും മുന്പേ ജലസമ്പത്തിന്റെ 83 ശതമാനത്തോളം അരാൽ കടലിൽ നിന്ന് അപ്രത്യക്ഷമായി. അരാൽ കടലിലേക്ക് വെള്ളമെത്തിയിരുന്നത് പ്രധാനമായും രണ്ട് നദികളിലൂടെയായിരുന്നു. ഒന്ന് സിർ ദാര്യ നദിയും മറ്റൊന്ന് അമു ദാര്യ നദിയും. ഈ നദികളിലെ ശുദ്ധജലം പ്രദേശത്തേക്ക് കൃഷിക്ക് ഉപയോഗിക്കാനായിരുന്നു യു എസ് എസ് ആറിന്റെ പദ്ധതി. അരാൽ കടലിലേക്ക് എത്തിച്ചേരുന്ന രണ്ട് നദികളെയും യു എസ് എസ് ആർ വഴിതിരിച്ചുവിടുകയായിരുന്നു. അതോടെ, അരാൽ കടൽ ഏകദേശം പൂർണമായും അപ്രത്യക്ഷമായി.

20ാം നൂറ്റാണ്ടിലെ ഏറ്റവും അത്ഭുതപ്പെടുത്തിയ ദുരന്തങ്ങളിൽ ഒന്നായി ഇത് അടയാളപ്പെട്ടതോടെ ഇതു സംബന്ധിച്ച നിരവധി പഠനങ്ങളും നടന്നു. നാസയുടെ എർത്ത് ഒബ്‌സർവേറ്ററി വഴിയാണ് കടലിന്റെ നാശത്തിന്റെ കാരണങ്ങൾ കണ്ടെത്തിയത്. അരാൽ കടലിലേക്കൊഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ കടലിന്റെ വലുപ്പം പതിയെ കുറഞ്ഞുതുടങ്ങി. കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ അടിതട്ടി നിന്നു. പതിയെ പതിയെ അവിടം ഒരു മരുഭൂമിയായി രൂപാന്തരപ്പെടുകയായിരുന്നു. ചിലയിടങ്ങളിൽ കാണുന്ന വെള്ളക്കെട്ടുകൾ മാത്രമാണ് ഇന്ന് അരാൽ കടലിന്റെ ഓർമ നിലനിർത്തുന്നത്.

---- facebook comment plugin here -----

Latest