local body election 2025
തിരുവനന്തപുരം കോര്‍പ്പറേഷന്‍: യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ കലക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി
ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ന്ന് നീതി നടപ്പാകുന്നത് വരെ പോരാടുമെന്ന് പരാതിക്കാരന്‍
കൊച്ചി | തിരുവനന്തപുരം കോര്‍പ്പറേഷനിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നല്‍കിയ അപ്പീല്‍ പരിഗണിക്കാനാണ് ഹൈക്കോടതി ഉത്തരവ്.
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന് ഇതില്‍ എന്താണ് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു. കോര്‍പ്പറേഷന്‍ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇടക്കാല ഉത്തരവു പുറപ്പെടുവിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തപ്പോള്‍ അപേക്ഷിച്ച വീട്ട് നമ്പര്‍ തെറ്റായി നല്‍കിയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. അന്തിമ വോട്ടര്‍ പട്ടികയിലും സപ്ലിമെന്ററി പട്ടികയിലും വൈഷ്ണയുടെ പേരില്ല. തിരുവനന്തപുരം മുട്ടട വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാണ് കെ എസ് യു ജില്ല വൈസ് പ്രസിഡന്റായ വൈഷ്ണ. പേര് ഒഴിവാക്കിയതോടെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. ഇതിനെതിരെ വൈഷ്ണ തിരുവനന്തപുരം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. ഈ പരാതി പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. സപ്ലിമെന്ററി ലിസ്റ്റില്‍ പേരില്ലാത്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോണ്‍ഗ്രസ് വാദം. സാങ്കേതികത്വത്തിന്റെ പേരില്‍ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.
മുട്ടട വാര്‍ഡില്‍ താമസക്കാരി അല്ലാത്ത വൈഷ്ണ മുട്ടട വാര്‍ഡിലെ വ്യാജ വിലാസം ഉപയോഗിച്ച് ഇവിടെ വോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്ന പരാതിയെ തുടര്‍ന്നു നടന്ന പരിശോധനയില്‍ വൈഷ്ണ മുട്ടട വാര്‍ഡ് പരിധിക്കുള്ളില്‍ അല്ല താമസമെന്നു ബോധ്യപ്പെടുകയും വൈഷ്ണ സമര്‍പ്പിച്ച കെട്ടിട നമ്പര്‍ മറ്റൊരു വ്യക്തിയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ ഉടമസ്ഥന്‍ വൈഷ്ണയുടെ വോട്ട് ഈ വിലാസത്തില്‍ ചേര്‍ക്കരുത് എന്ന് നഗരസഭാ സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തത്.
അന്തിമ വോട്ടര്‍ പട്ടിക വന്നതിനുശേഷം അഡ്രസ്സ് തെറ്റിപ്പോയതാണ് എന്ന് പറഞ്ഞുകൊണ്ട് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ അപാകത തിരുത്തുന്നതിന് അപേക്ഷ നല്‍കുന്നതിന് രണ്ട് അവസരം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരുന്നെങ്കിലും വൈഷ്ണ അപേക്ഷ നല്‍കിയിരുന്നില്ല. ഇലക്ഷന്‍ ചട്ട പ്രകാരം അന്തിമ വോട്ടര്‍ പട്ടികയില്‍ ആക്ഷേമമുള്ളവര്‍ ഒന്നാം അപ്പീല്‍ കളക്ടര്‍ക്കും രണ്ടാമത്തേത് സംസ്ഥാന ഇലക്ഷന്‍ കമ്മീഷനുമാണ് നല്‍കേണ്ടത്.
ഇത്തരത്തില്‍ അപ്പീലികള്‍ ഒന്നും നല്‍കാതെ വൈഷ്ണ നേരിട്ട് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഒരു ഭാഗം മാത്രം കേട്ട് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ഇരുകക്ഷികളെയും നേരില്‍കേട്ട് തീരുമാനം കൈക്കൊള്ളുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി ചുമതലപ്പെടുത്തുകയാണ് ചെയ്തത്.
മുട്ട വാര്‍ഡില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ അധികമായി താമസമില്ലാത്ത വൈഷ്ണയുടെ വോട്ട് മുട്ടട വാര്‍ഡില്‍ ചേര്‍ക്കുന്നതിന് അനുവദിക്കരുത് എന്നും വൈഷ്ണയുടെ വിഷയത്തില്‍ ഉണ്ടായത് സാങ്കേതിക പിഴവല്ല എന്നും വോട്ടു ചേര്‍ക്കാന്‍ ബോധപൂര്‍വ്വം വൈഷ്ണയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തിയ ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ആയിരുന്നു പരാതിക്കാരനായ ധനീഷ് പറഞ്ഞത്. ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ വൈഷ്ണ നടത്തിയ തെറ്റായ പ്രവര്‍ത്തനങ്ങളും ഇലക്ഷന്‍ സംവിധാനത്തിന് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച വ്യാജ രേഖകളും തുറന്നു കാട്ടുമെന്നും ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ന്ന് നീതി നടപ്പാകുന്നത് വരെ പോരാടുമെന്നും പരാതിക്കാരന്‍ അറിയിച്ചു.


