Connect with us

Editors Pick

എസ് ഐ ആർ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി

2025-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് നിലവിലെ എസ് ഐ ആർ. നടത്തുന്നത്. ഈ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ വോട്ടർമാർക്കും എന്യൂമറേഷൻ ഫോം വിതരണം ചെയ്യും.

Published

|

Last Updated

വോട്ടർ പട്ടിക പുതുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ് ഐ ആർ.) 2026 നെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരാളം സംശയങ്ങളും ആശങ്കകളുമുണ്ട്. എന്നാൽ ഈ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കുന്നു. എസ് ഐ ആർ. പ്രക്രിയയുമായി ബന്ധപ്പെട്ട് പൊതുവായി ഉന്നയിക്കപ്പെടുന്ന പ്രധാന സംശ്യങ്ങൾക്കുള്ള മറുപടി നൽകുകയകാണ് ചീഫ് ഇലക്ടറൽ ഓഫീസിലെ സെക്ഷൻ ഓഫീസർ ശിവ്‍ലാൽ ആർ വി

? നിലവിലെ എസ് ഐ ആർ. നടത്തുന്നത് ഏത് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ്?

! 2025-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് നിലവിലെ എസ് ഐ ആർ. നടത്തുന്നത്. ഈ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ വോട്ടർമാർക്കും എന്യൂമറേഷൻ ഫോം വിതരണം ചെയ്യും.

? 2002-ലെ വോട്ടർ പട്ടികയുടെ പ്രാധാന്യം എന്താണ്?

! സംസ്ഥാനത്ത് അവസാനമായി എസ് ഐ ആർ. നടന്നത് 2002-ലാണ്. അന്ന് രേഖകളെല്ലാം പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തിയാണ് വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അന്നത്തെ പട്ടികയിൽ ഉൾപ്പെട്ടവരോ അവരുടെ ബന്ധുക്കളോ ഇപ്പോൾ രേഖകൾ സമർപ്പിക്കേണ്ടതില്ല.

? എന്യൂമറേഷൻ ഫോം ലഭിച്ച ഒരു വോട്ടർക്ക് 2002-ലെ പട്ടികയിൽ തൻ്റെ പേരോ ബന്ധുവിൻ്റെ പേരോ എങ്ങനെ കണ്ടെത്താൻ സാധിക്കും?

! ഇലക്ഷൻ കമ്മീഷൻ്റെ വോട്ടേഴ്സ് പോർട്ടലിലോ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലോ കൂടാതെ ബൂത്ത് ലെവൽ ഓഫീസറുടെ പക്കലുള്ള പട്ടികയിലോ പരിശോധിക്കാവുന്നതാണ്.

? 2025-ലെ പട്ടികയിൽ ഉള്ളയാൾ ആ വിലാസത്തിൽ നിന്ന് താമസം മാറിയിട്ടുണ്ടെങ്കിൽ എന്യൂമറേഷൻ ഫോം എങ്ങനെ കൈപ്പറ്റി തിരിച്ചേൽപ്പിക്കും?

! വോട്ടുള്ള സ്ഥലത്തെ ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെട്ട് ഫോം കൈപ്പറ്റി പൂരിപ്പിച്ച് നൽകാവുന്നതാണ്. ബൂത്ത് ലെവൽ ഓഫീസർമാരുടെ വിവരങ്ങൾ സി ഇ ഓ.യുടെ വെബ്സൈറ്റ് വഴി കണ്ടെത്താം. കൂടാതെ ഓൺലൈൻ വഴിയും പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. നിലവിലെ മേൽവിലാസത്തിലേക്ക് വോട്ടറുടെ പേര് മാറ്റുന്നതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം എട്ടിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

? ഒരു വോട്ടർക്ക് ഒന്നിലധികം എന്യൂമറേഷൻ ഫോം ലഭിച്ചാൽ എന്തു ചെയ്യണം?

! ഒന്നിലധികം ഫോമുകൾ ലഭിച്ചാൽ, വോട്ടറുടെ പേര് ഒന്നിലധികം തവണ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അർഥമാക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. നിലവിലുള്ള മേൽവിലാസത്തിലുള്ള ഒരു എന്യൂമറേഷൻ ഫോം മാത്രം പൂരിപ്പിച്ചു നൽകാൻ ശ്രദ്ധിക്കുക.

? ഒരാൾ പ്രവാസി വോട്ടറായും ജനറൽ വോട്ടറായും വോട്ടർ പട്ടികയിൽ ഉൾപ്പെടുകയും രണ്ട് എന്യൂമറേഷൻ ഫോമുകൾ ലഭിക്കുകയും ചെയ്താൽ എന്തു ചെയ്യണം?

പ്രവാസി വോട്ടർ ആയോ ജനറൽ വോട്ടർ ആയോ ഏതാണോ നിലനിർത്തേണ്ടത് ആ എനുമറേഷൻ ഫോം മാത്രം പൂരിപ്പിച്ചു നൽകേണ്ടതാണ്.

? 2025ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടും എന്യൂമറേഷൻ ഫോം ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം

! ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടുകയോ Aഓൺലൈനആയി സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്

? എന്യൂമറേഷൻ ഫോമിനൊപ്പം ഏതെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ?

! എന്യൂമറേഷൻ ഫോമിനോടൊപ്പം രേഖകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല. എന്നാൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം രേഖകൾ ഹാജരാക്കേണ്ടതാണ്.

? എനുമറേഷൻ ഫോമിൽ ഫോട്ടോ പതിക്കേണ്ടത് നിർബന്ധമാണോ?

! എനുമറേഷൻ ഫോമിൽ നിലവിലുള്ള ഫോട്ടോ വ്യക്തമല്ലാത്തതും പഴക്കം ചെന്നതും ആണെങ്കിൽ പുതിയ ഫോട്ടോ പതിക്കാവുന്നതാണ്.

?എന്യൂമറേഷൻ ഫോമിൽ ബന്ധുവിന്റെ സ്ഥാനത്ത് 2002ലെ വോട്ടർ പട്ടികയിൽ പേരുള്ള എന്നാൽ അതിനുശേഷം മരണപ്പെട്ട ആളുടെ വിവരങ്ങൾ ഉൾപ്പെടുത്താമോ?

2002ലെ ഓട്ടർ പട്ടികയിലുള്ള ആൾ അതിനുശേഷം മരണപ്പെട്ടാലും എന്യൂമറേഷൻ ഫോമിൽ ബന്ധുവിന്റെ സ്ഥാനത്ത്
ഉൾപ്പെടുത്താവുന്നതാണ്.

? എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചു നൽകാതിരുന്നാൽ എന്താണ് സംഭവിക്കുക?

! തിരികെ ലഭിച്ച എന്യൂമറേഷൻ ഫോമുകളുടെ അടിസ്ഥാനത്തിലാണ് എസ് ഐ ആർ. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഫോം പൂരിപ്പിച്ച് തിരികെ നൽകാതിരുന്നാൽ കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്താവാനും ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്.

? കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നവരുടെ പേരുവിവരം പ്രസിദ്ധീകരിക്കുമോ?

! വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്നവരുടെ പേരുവിവരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ നോട്ടീസ് ബോർഡിലും സി ഇ ഓ.യുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഓൾറെഡി എൻറോൾഡ്, ഡെത്ത്, പെർമനൻ്റ്ലി ഷിഫ്റ്റഡ്, അൺട്രൈസബിൾ, ആബ്സൻ്റ് എന്നീ കാരണങ്ങളാലാണ് പേര് ഒഴിവാക്കുന്നത്.

? 2025-ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ട് എന്യൂമറേഷൻ ഫോം ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം?

! ഫോം ലഭിക്കാത്തവർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടർ പട്ടികയിൽ പേരില്ല എന്ന് ഉറപ്പുവരുത്തി പുതുതായി പേര് ചേർക്കുന്നതിനുള്ള അപേക്ഷ ഫോം ആറിലോ (പ്രവാസി വോട്ടർ ആണെങ്കിൽ ഫോം സിക്സ് എയിലോ) സമർപ്പിക്കാവുന്നതാണ് .

? ഓൺലൈൻ വഴി എന്യൂമറേഷൻ ഫോം സമർപ്പിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്?

! വോട്ടറുടെ ആധാർ കാർഡിലെ പേരും വോട്ടർ പട്ടികയിലെ പേരും തമ്മിലുള്ള വ്യത്യാസം കാരണമാകാം ഓൺലൈൻ ഫോം സമർപ്പിക്കാൻ സാധിക്കാത്തത്. കൂടാതെ മൊബൈൽ നമ്പർ വോട്ടർ ഐ ഡി യു മായി ബന്ധിപ്പിച്ചിരിക്കണം.

? കരട് ഓട്ടർ പട്ടികയിൽ പേരില്ലെങ്കിൽ എന്തു ചെയ്യണം?

എന്യൂമറേഷൻ ഫോം സമർപ്പിച്ചിട്ടും കരട് ഓട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പട്ടികയിൽ പേരില്ലെങ്കിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപ്പീൽ നൽകാവുന്നതാണ്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം സിക്സിലോ പ്രവാസി വോട്ടർ ആണെങ്കിൽ ഫോം സിക്സ് എയിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചീഫ് ഇലക്ടറൽ ഓഫീസർ കേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

കടപ്പാട്: തിരഞ്ഞെടുപ്പ് കമ്മീഷൻ

---- facebook comment plugin here -----

Latest