International
റഷ്യയില്‍ നിന്ന് എണ്ണ; ട്രംപിന്റെ ഭീഷണി തള്ളി ഹംഗറി
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുകയോ ഊര്‍ജത്തിനായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയോ ചെയ്യില്ലെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ ഷിയാര്‍ത്തോ.

ബുഡാപെസ്റ്റ് | റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി ഹംഗറി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുകയോ ഊര്‍ജത്തിനായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയോ ചെയ്യില്ലെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ ഷിയാര്‍ത്തോ പറഞ്ഞു. യു എന്‍ പൊതുസഭയുടെ ഭാഗമായി സംസാരിക്കവേയാണ് ഷിയാര്‍ത്തോ രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് യൂറോപ്പ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ട്രംപ് നാറ്റോ സഖ്യകക്ഷികള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടയിലാണ് വഴങ്ങാന്‍ മനസ്സില്ലെന്ന പ്രഖ്യാപനവുമായി ഹംഗറി രംഗത്തെത്തിയത്. ‘റഷ്യന്‍ എണ്ണയോ വാതകമോ കൂടാതെ രാജ്യത്തിന് സുരക്ഷിതമായ ഊര്‍ജ വിതരണം ഉറപ്പാക്കാന്‍ കഴിയില്ല. മറ്റെവിടെ നിന്നെങ്കിലും എണ്ണയും വാതകവും വാങ്ങുന്നതിനെ കുറിച്ച് സ്വപ്നം കാണാം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലങ്ങളില്‍ നിന്നു മാത്രമേ ഹംഗറിക്ക് അത് വാങ്ങാന്‍ കഴിയൂ.’- ഷിയാര്‍ത്തോ പറഞ്ഞു.
റഷ്യന്‍ ഊര്‍ജ ഇറക്കുമതി അവസാനിപ്പിക്കുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് ഹംഗറിയും സ്ലൊവാക്യയും. ഹംഗറിയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എം ഒ എല്‍ ഗ്രൂപ്പ്, ദ്രുഷ്ബ പൈപ്പ്‌ലൈന്‍ വഴി പ്രതിവര്‍ഷം ഏകദേശം അഞ്ച് ദശലക്ഷം ടണ്‍ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്.