Kerala
ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍
താല്‍ക്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കാനാണ് തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് കൈക്കൂലി വാങ്ങിയത്
കൊച്ചി | താല്‍ക്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കാന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്.
പരാതിക്കാരന്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി, കൊച്ചി പനമ്പള്ളി നഗറിന് സമീപം നാല് നിലകളിലായി പൂര്‍ത്തീകരിച്ച കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തേവര കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ നിന്ന് താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് താല്‍ക്കാലിക കണക്ഷന്‍ മാറ്റി കെട്ടിടത്തിലേക്ക് സ്ഥിരം കണക്ഷന്‍ സ്ഥാപിക്കുന്നതിന് കെട്ടിട ഉടമയും പരാതിക്കാരനും കൂടി തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ എത്തി. അസിസ്റ്റന്റ് എന്‍ജിനിയറായ പ്രദീപനെ നേരിട്ട് കണ്ടാല്‍ മാത്രമേ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ മാറ്റി സ്ഥിര കണക്ഷനാക്കാന്‍ കഴിയുകയുള്ളുവെന്ന വിവരമാണ് ഓഫീസില്‍ നിന്ന് ലഭിച്ചത്.
തുടര്‍ന്ന് പരാതിക്കാരനും കെട്ടിട ഉടമയും കൂടി അപേക്ഷയുമായി അസിസ്റ്റന്റ്‌റ് എന്‍ജിനീയര്‍ പ്രദീപനെ നേരിട്ട് കണ്ട സമയം സ്ഥിരകണക്ഷന്‍ നല്‍കുന്നതിനും മറ്റ് ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴുവാക്കുന്നതിനും ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈക്കൂലി പണവുമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഫോണ്‍ വിളിച്ചിട്ട് ചെല്ലാനും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.

