Connect with us

Travelogue

കർബലയിലെ കദനകഥകൾ

അതി മനോഹര നഗരമാണ് കർബല.നല്ല വൃത്തിയും വെടിപ്പുമുണ്ട്. പാതയോരങ്ങളിൽ നിറയെ ഷോപ്പുകൾ. പള്ളിയിൽ ആൾത്തിരക്കുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരപ്പണികളാണ് എങ്ങും.

Published

|

Last Updated

ഉമ്മു അബീദ സന്ദർശനം കഴിഞ്ഞ് അർധരാത്രിയോടെയാണ് ഞങ്ങൾ കർബലയിൽ തിരിച്ചെത്തിയത്. അൽപ്പ നേരം മയങ്ങി സുബ്ഹി നിസ്കാരത്തിന് മുമ്പ് തന്നെ ഇമാം ഹുസൈൻ(റ) മൗസോളിയത്തിലെത്തി. അതി മനോഹര നഗരമാണ് കർബല.നല്ല വൃത്തിയും വെടിപ്പുമുണ്ട്. പാതയോരങ്ങളിൽ നിറയെ ഷോപ്പുകൾ. പള്ളിയിൽ ആൾത്തിരക്കുണ്ട്. ശീഈ സംഘടിത നിസ്കാരം നടക്കുന്നു. ഹുസൈൻ തങ്ങളുടെ പേരിലുള്ള പ്രത്യേക പ്രാർഥന ചൊല്ലിയാണ് കർമങ്ങൾ. അതുകഴിഞ്ഞ് ഞങ്ങളും നിസ്കരിച്ചു. കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരപ്പണികളാണ് എങ്ങും. മഖ്ബറയിലും മഹാനവർകളെ വധിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലവുമെല്ലാം രക്തവർണം പൂശിയിരിക്കുന്നു.

പ്രഭാത നേരത്ത് തന്നെ മയ്യിത്തുകളുമേന്തി നിരവധി പേർ നടന്നു നീങ്ങുന്നു. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലും ഇമാം ഹുസൈൻ(റ)ന്റെ പേരിലുള്ള ഒരു മഖ്ബറയുണ്ട്. അവിടുത്തെ ഛേദിക്കപ്പെട്ട ശിരസ്സ് മറവു ചെയ്തത് അതിനകത്താണ്. വിശ്രുത സർവകലാശാലയായ അൽ അസ്ഹറിന് സമീപത്താണത്. ഈജിപ്ത് യാത്രക്കിടെ പ്രസ്തുത കേന്ദ്രം സന്ദർശിച്ചിരുന്നു. അന്ന് മഖാം അധികൃതർ പ്രത്യേക സ്വീകരണം നൽകിയത് ഓർക്കുകയാണ്. ഉടൽ ഭാഗങ്ങളാണ് കർബലയിൽ അടക്കം ചെയ്തിട്ടുള്ളത്.

ബഗ്ദാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് കർബല ഗവർണറേറ്റ് സ്ഥിതി ചെയ്യുന്നത്. കർബല എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സമാന പേരുള്ള ഭാഷയിൽ നിന്നാണ് ഈ പ്രയോഗം നിഷ്പന്നമായതെന്നാണ് ചിലരുടെ വാദം. പുരാതന മൊസോപൊട്ടോമിയയിലെ ചില ഗ്രാമങ്ങളുടെ പേരുകൾ ചേർന്നാണിത്. മുഅജമുൽ ബുൽദാന്റെ രചയിതാവായ യാഖൂത് അൽഹമവി രേഖപ്പെടുത്തിയത് ഹുസൈൻ(റ) രക്ത സാക്ഷിത്വം വരിച്ച മൃദുവായ മണ്ണുള്ള പ്രദേശമായതിനാലാണ് ഈ പേര് വന്നതെന്നാണ്. വേദന, പീഡനം എന്നിവയെ സൂചിപ്പിക്കുന്ന കർബ്, ബലാഅ എന്നീ പദങ്ങൾ കൂടിച്ചേർന്നതാണ് കർബലയെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഹി. 61 (എ ഡി 680) മുഹർറം 10 ന്‌ നടന്ന യുദ്ധമാണ് പ്രദേശത്തിന്റെ ഖ്യാതി അനശ്വരമാക്കിയത്. ഇമാം ഹുസൈൻ ശഹീദായത് ഈ യുദ്ധത്തിൽ വെച്ചായിരുന്നു. വിജനമായ മരുഭൂമിയായിരുന്നു ഇവിടം.

തിരുനബി(സ്വ)യുടെ പുത്രി ഫാത്വിമ ബീവി(റ)യുടെയും അലി(റ)ന്റെയും ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ സ്നേഹ താരകമാണ് ഇമാം ഹുസൈൻ(റ). സ്വർഗീയ ലോകത്ത് യുവാക്കളുടെ നേതാവായാണ് ഇമാം ഹസൻ ഹുസൈൻ(റ)നെയും വിശേഷിപ്പിച്ചത്. തിരുനബി(സ്വ) അതീവ സ്നേഹത്തോടെയാണ് ഇരുവരെയും ലാളിച്ചിരുന്നത്. ആ പൂമേനിയിൽ അവിടുന്ന് മുത്തം നൽകി. വാരിപ്പുണർന്നു. തിരുനബി(സ്വ) സുജൂദിലായിരിക്കെ ഇരുവരും അവിടുത്തെ മുതുകിൽ കയറി കളിച്ച രംഗം സ്വഹാബികൾ പങ്കുവെച്ചിട്ടുണ്ട്.

ഏറ്റവും പ്രിയപ്പെട്ടവരെന്ന് തിരുദൂതർ വിശേഷിപ്പിച്ചവർ. ഇരുവരെയും സ്നേഹിച്ചവർ എന്നെയും സ്നേഹിച്ചവരാണെന്നും ഇരുവരെയും വിഷമിപ്പിച്ചവർ എന്നെയും വിഷമിപ്പിച്ചവരാണെന്നും ഹദീസിലുണ്ട്. സുമുഖനും ഉദാര മനസ്കനുമായിരുന്നു ഇമാം ഹുസൈൻ(റ). ഹിജ്റ 4ൽ ശഅ്ബാൻ മൂന്നിന് ജനനം. ജനനവേളയിൽ ചെവിയിൽ വാങ്ക് കൊടുത്തതും അഖീഖത് അറുത്തതും തിരുനബി(സ്വ)യാണ്. ആഫ്രിക്ക, ത്വബ്‌രിസ്ഥാൻ, ജുർജാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങളിൽ അവിടുന്ന് പങ്കാളിയായിരുന്നു.

മദീനയിലും മക്കയിലുമാണ് അവസാന കാല ജീവിതം നയിച്ചിരുന്നത്. അവിടെ നിന്ന് കൂഫയിലേക്കുള്ള യാത്രക്കിടയിൽ കർബലയിൽ വെച്ചാണ് ഇബ്നു സിയാദിന്റെ സൈന്യം ക്രൂരമായി അവിടുത്തെ വധിച്ചത്. മുഹർറം പത്തിന്റെ ചരിത്രത്തിലെ രക്തപങ്കിലമാക്കിയ സംഭവമായിരുന്നു അത്.
മുസ്‌ലിംകൾ ഇന്നും ദുഃഖത്തോടെ അനുസ്മരിക്കുന്ന നിമിഷങ്ങൾ. അതേ കുറിച്ച് വിശദമായി പരാമർശിക്കേണ്ടതുണ്ട്. കർബലയെ കുറിച്ചുള്ള ഉദ്വേഗജനകമായ ആ സംഭവം അടുത്ത ലക്കത്തിൽ വിശദീകരിക്കാം.

Latest