Connect with us

organisation

മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിക്ക് എസ് വൈ എസ് നിവേദനം

ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മലപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി

Published

|

Last Updated

മലപ്പുറം | ദിവസവും നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടി വരുന്ന മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ വിവിധ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സ്ഥലം എം എല്‍ എ പി ഉബൈദുല്ലയുടെ സാന്നിധ്യത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന് നിവേദനം നല്‍കി.

വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ കുറവ്, വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തത്, ഒ പി സമയം വര്‍ധിപ്പിക്കല്‍, മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സാന്നിധ്യം, താലൂക്ക് ഹോസ്പിറ്റല്‍ വിപുലീകരണം, റാംപ് സൗകര്യമൊരുക്കല്‍, മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യം തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മലപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

എസ് വൈ എസ് ഗള്‍ഫ് ഘടകമായ ഐ സി എഫിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം ആശുപത്രിയില്‍ പുരോഗമിക്കുന്നുണ്ട്. കൂടാതെ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനവും ഇവിടെയുണ്ട്. എല്ലാ ദിവസവും ഭക്ഷണ വിതരണം, ആവശ്യമായ മരുന്നുകള്‍ എത്തിച്ച് നല്‍കല്‍, കൂട്ടിരിപ്പുകാരില്ലാത്ത രോഗികള്‍ക്ക് സഹായങ്ങളെത്തിക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴില്‍ താലൂക്ക് ഹോസ്പിറ്റലില്‍ നടന്നു വരുന്നുണ്ട്.

എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി, വൈസ് പ്രസിഡന്റ് മുസതഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, സെക്രട്ടറിമാരായ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്റുദ്ധീന്‍ കോഡൂര്‍, അക്ബര്‍ പുല്ലാണിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.

Latest