Travelogue
മലാംഗിലെ മധുരസ്മൃതികൾ
കിഴക്കൻ ജാവയിലെ പ്രധാന നഗരങ്ങളിലൊന്നാണ് മലാംഗ്. മികച്ച കാലാവസ്ഥയാണ് മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ പ്രത്യേകത.സമീപത്തായി അഗ്നിപർവതങ്ങളും സ്ഥിതിചെയ്യുന്നു. ദീനീ പഠനകേന്ദ്രങ്ങൾക്ക് പേരുകേട്ട നാടാണിത്. പെസാൻട്രൻ എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. ഉസ്താദുമാർ ക്യായി എന്നും വിളിക്കപ്പെടുന്നു.

നൂറ്റിയൊന്ന് വയസ്സ്. കണ്ണിന് നല്ല കാഴ്ച. ദൃഢമായ സ്വരം. ഓർമ. മധ്യാഹ്ന സമയത്ത് മൗലദ്ദവീലാ തങ്ങൾ കുടുംബത്തിലെ തലമുതിർന്ന കാരണവരുടെ ഭവനത്തിൽ ഞങ്ങൾ എത്തുമ്പോൾ അവിടുന്ന് ഉറക്കെ ഖുർആൻ ഓതുകയാണ്. മലയാളികൾക്ക് സുപരിചിതമായ പേരാണ് മൗലദ്ദവീല. മമ്പുറം തങ്ങളുടെ കുടുംബപ്പേര്. ഇന്തോനേഷ്യയിൽ പ്രസ്തുത കുടുംബത്തിൽ ഇത്രയധികം പ്രായം ചെന്ന ഒരാൾ ജീവിച്ചിരിപ്പില്ല. കണ്ടതും സലാം മടക്കി ഇരിക്കാൻ പറഞ്ഞു. സ്വീകരണ മുറിയിൽ പണ്ടുകാലത്തെ പടാപ്പുറം പോലെ സജ്ജീകരിച്ച ഒരിടം. ഞങ്ങളുടെ തറവാട്ടിന്റെ പൂമുഖത്തും ഉണ്ടായിരുന്നു അതുപോലൊന്ന്.
ഹബീബ് ബാഖിർ ബ്ൻ സ്വാലിഹ് മൗലദ്ദവീല രാജ്യത്ത് ഏറെ പേരും പെരുമയുമുള്ള തങ്ങളാണ്. വ്യാഴായ്ച രാവിലെ ആ സന്നിധി ജനനിബിഢമാകും. നൂറുകണക്കിന് വിശ്വാസികൾ. അതും വെള്ള വസ്ത്രമണിഞ്ഞ്. അവർക്ക് മുന്നിൽ സന്നിഹിതരായി അവിടുന്ന് ദിക്റുകൾ ചൊല്ലിക്കൊടുക്കും. മഹാന്മാരെ തവസ്സുലാക്കി ദുആ ചെയ്യും. വീടിന് സമീപം പ്രവിശാലമായ ദർസ് ഹാളുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അതിൽ വെച്ച് വെവ്വേറെ ദർസ് നടന്നു വരുന്നു. കാതങ്ങൾ താണ്ടി അവിടേക്ക് ആളുകളെത്തുന്നു. ഹളറമൗത് മാതൃകയിലാണ് ഇവിടെ കാര്യങ്ങൾ. വിശ്രുത പണ്ഡിതനായ ഹബീബ് ഉമർ ബ്ൻ ഹഫീള് തങ്ങൾ മഹാനെ സന്ദർശിക്കുക പതിവാണ്.
ഖുർആൻ പാരായണം കഴിഞ്ഞതും ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി. ആത്മീയ ബന്ധങ്ങൾ, വഴികാട്ടികൾ, ജീവിതാനുഭവങ്ങൾ അങ്ങനെ പലതും. മമ്പുറം തങ്ങളുടെ ചരിത്രവും കൂട്ടത്തിൽ കടന്നു വന്നു. അതിനിടെ ഇജാസതുകൾ ചോദിച്ചു. ഹസ്തദാനം ചെയ്ത് അവ ഏറ്റുവാങ്ങി. എന്തൊരു ചൈതന്യം. ഇത്ര ദൂരം യാത്ര ചെയ്തത് വെറുതെയായില്ലല്ലോ എന്നോർത്ത് മനസ്സിൽ കുളിരു കോരി.
അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ. സുകൃതങ്ങളാൽ അലങ്കൃതമായ ജീവിത ചുറ്റുപാടുകൾ. എത്ര ഭാഗ്യവാന്മാരാണവർ. നന്മകൾക്ക് വേണ്ടി ചെലവഴിച്ച പതിറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ടവർക്ക്. അവ കേട്ടിരിക്കാൻ എന്ത് രസമാണ്. ദീർഘകാലമിങ്ങനെ നന്മകൾ ചെയ്ത്, അറിവുകൾ പകർന്നു ജീവിക്കാൻ ദീർഘായുസ്സ് നൽകണേയെന്ന ആഗ്രഹം അറിയാതെ അപ്പോൾ പ്രാർഥനാമന്ത്രങ്ങളായി അകതാരിൽ നിറഞ്ഞു.
ബാസൗദാൻ എന്നാണ് ഹബീബ് ബാഖിർ തങ്ങളുടെ നേതൃത്വത്തിൽ വ്യാഴാഴ്ചകളിൽ രാവിലെ മലാംഗിൽ നടക്കുന്ന മജ്്ലിസിന്റെ പേര്. ഹിജ്റ പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച യമനീ സ്വൂഫിയായ ശൈഖ് അബ്ദുല്ല ബ്ൻ അഹ്മദ് ബാസൗദാൻ തയ്യാറാക്കിയ ദിക്ർ സമാഹാരമാണിത്. ബാസൗദാൻ ഹള്റക്ക് വിവിധ രാജ്യങ്ങളിൽ പ്രചാരമുണ്ട്. ഹബീബ് അലി ബ്ൻ മുഹമ്മദ് ബ്ൻ സാലിം ബ്ൻ ഹഫീളിന്റെ നിർദേശപ്രകാരം 2003ലാണ് ഹബീബ് ബാഖിർ മലാംഗിൽ ഈ മജ്്ലിസ് ആരംഭിച്ചത്.
ഹബീബ് മുഹമ്മദ് ബ്ൻ ഹുസൈൻ ബാഅബൂദിന് കീഴിൽ പോണ്ടോക്ക് ദാറുന്നാസിഹീനിലായിരുന്നു ഹബീബ് ബാഖിർ തങ്ങളുടെ പഠനം. ഹബീബ് അബ്ദുൽ ഖാദിർ ബ്ൻ അഹ്മദ് ബാഫഖീഹ്, ഹബീബ് അലവി ബിൻ സാലിം ഐദറൂസ് എന്നിവരാണ് ആത്മീയ വഴികാട്ടികൾ. ഇരുവർക്കുമൊപ്പം ജാവയിലെ ഗ്രാമീണ മേഖലകളിൽ ഹബീബ് പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനായി. അവരുടെ വിയോഗാനന്തരം മലാംഗിൽ അധ്യാപനത്തിന് തുടക്കം കുറിച്ച അദ്ദേഹം നിരവധി പണ്ഡിതന്മാരെയും പണ്ഡിതകളെയും സമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്.
കിഴക്കൻ ജാവയിലെ പ്രധാന നഗരങ്ങളിലൊന്നാണ് മലാംഗ്. മികച്ച കാലാവസ്ഥയാണ് മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ പ്രത്യേകത. സമീപത്തായി അഗ്നിപർവതങ്ങളും സ്ഥിതിചെയ്യുന്നു. ദീനീ പഠനകേന്ദ്രങ്ങൾക്ക് പേരുകേട്ട നാടാണിത്. പെസാൻട്രൻ എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. ഉസ്താദുമാർ ക്യായി എന്നും വിളിക്കപ്പെടുന്നു. ബാഖിർ തങ്ങളുടെ വസതിക്കടുത്താണ് സൈൻ ബാഅബൂദ് തങ്ങളുടെ ഭാര്യവീട്. ഞങ്ങൾ അങ്ങോട്ടു നടന്നു. ഭാര്യാപിതാവും സഹോദരങ്ങളും പണ്ഡിതന്മാരാണ്. ഖുർആൻ ഹൃദിസ്ഥമാക്കിയവർ. വല്ലാത്ത സന്തോഷം തോന്നി. അധികം തങ്ങാൻ നേരമില്ല. വെള്ളിയാഴ്ചയാണ്. വാങ്ക് കൊടുക്കാനായിട്ടുണ്ട്. അടുത്ത് തന്നെയാണ് പള്ളി. ബാഅബൂദ് തങ്ങളാണ് ഖുതുബക്ക് നേതൃത്വം. നിസ്കാരം കഴിഞ്ഞ് തങ്ങൾ വിശ്വാസികൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി പ്രാർഥന നിർവഹിക്കാനായി ക്ഷണിച്ചു.
അത്യാവശ്യം വലിയ, ജനനിബിഢമായ ജുമാ മസ്ജിദ്. ഹ്രസ്വമായി സംസാരിച്ച്, ദുആ ചെയ്തു.
ഹബീബ് ബാഖിർ തങ്ങളുടെ വഴികാട്ടിയും ഇന്തോനേഷ്യയിലെ പ്രമുഖ പണ്ഡിതനുമായ ഹബീബ് അബ്ദുൽഖാദിർ ബ്ൻ അഹ്മദ് ബാഫഖിയുടെ മഖ്ബറ സന്ദർശനമാണ് അടുത്തത്. ജുമുഅ കഴിഞ്ഞ് കാറിൽ കയറി. ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ജനലക്ഷങ്ങൾ സംഗമിക്കുന്ന ആണ്ടുനേർച്ച നടക്കാറുള്ള പൈതൃക കേന്ദ്രം. ബാഖിർ തങ്ങൾ സംസാരത്തിനിടെ പലതവണ തന്റെ ആത്മീയ ഗുരുവിന്റെ അപദാനങ്ങൾ പരാമർശിച്ചിരുന്നു. നിരവധി അത്ഭുത സിദ്ധികൾ പ്രകടിപ്പിച്ച, നാല് കർമശാസ്ത്ര സരണികളിലും പ്രാവീണ്യമുള്ള പ്രതിഭ. തീർത്തും ഗ്രാമീണമായ അന്തരീക്ഷം. മറ്റു പല തീർഥാടക സംഘങ്ങളുമുണ്ട്.