Connect with us

Uae

ചിക്കാഗോയില്‍ സ്വാദിഖ് അഹമ്മദ് ഓടും ... ഇന്ത്യക്ക് വേണ്ടി

ബര്‍ലിന്‍ മാരത്തോണില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കക്കയെ പിന്നിലാക്കിയ ചരിത്രവും സ്വാദിഖിനുണ്ട്

Published

|

Last Updated

അബൂദബി  |  വേള്‍ഡ് മേജര്‍ മാരത്തോണ്‍ ഒക്ടോബര്‍ എട്ടിന് അമേരിക്കയിലെ ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന മാരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ സ്വാദിഖ് അഹമ്മദ് ഓടും. എട്ടിന് രാവിലെ ഏഴിന് നടക്കുന്ന മാരത്തോണിലാണ് കണ്ണൂര്‍ തളിപ്പറമ്പ സ്വദേശിയായ സ്വാദിഖ് പങ്കെടുക്കുന്നത്. അബൂദബി അഡ്‌നോകില്‍ ജോലി ചെയ്യുന്ന സ്വാദിഖ് നിരവധി ദേശീയ അന്തര്‍ദേശീയ മാരത്തോണില്‍ ഇതിന് മുമ്പ് പങ്കെടുത്തിട്ടുണ്ട്. ലോകത്തിലെ പ്രധാന മാരത്തോണുകളില്‍ ഒന്നായ വേള്‍ഡ് മേജര്‍ മാരത്തോണ്‍ ഒക്ടോബറിലാണ് ചിക്കാഗോയില്‍ നടക്കുക. നേരെയുള്ള ഓട്ടത്തിന് പേരുകേട്ട ചിക്കാക്കോ മാരത്തോണ്‍ വ്യക്തിഗത ഓട്ടക്കാര്‍ക്കുള്ള പ്രധാന തിരഞ്ഞെടുപ്പാണ്.

ലോകത്ത് ആറ് സ്ഥലങ്ങളിലാണ് പ്രധാനമായും വേള്‍ഡ് മേജര്‍ മാരത്തോണ്‍ സംഘടിപ്പിക്കാറുള്ളത്. ടോക്കിയോ, ചിക്കാഗോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍, ലണ്ടന്‍ എന്നിവിടങ്ങളാണ് അവ. ആറ് സ്ഥലങ്ങളിലെ മരത്തോണിലും പങ്കെടുക്കുന്നവര്‍ക്ക് സിക്‌സ് സ്റ്റാര്‍ ലഭിക്കും. സ്വാദിഖ് കഴിഞ്ഞ പ്രാവശ്യം ബെര്‍ലിന്‍ മാരത്തോണില്‍ പങ്കെടുത്തിട്ടുണ്ട്. ഇനിയുള്ള നാല് സ്ഥലങ്ങളിലെ മരത്തോണില്‍ കൂടി പങ്കെടുത്താല്‍ സ്വാദിഖിനും സിക്‌സ് സ്റ്റാര്‍ ലഭിക്കും. കായിക ക്ഷമതക്ക് വേണ്ടിയാണ് സ്വാദിഖ് ആദ്യമായി ഓടിയത്. പിന്നീട് ഓട്ടം ഒരു മത്സരത്തിന് വേണ്ടിയുള്ളതാക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 47000 ഓട്ടക്കാരാണ് ചിക്കാഗോ മാരത്തോണില്‍ പങ്കെടുക്കുക.

സ്വന്തം രാജ്യമായ ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്വാദിഖ് വിശദമാക്കി. കുടുംബത്തോടൊപ്പം അബുദബിയില്‍ താമസിക്കുന്ന സ്വാദിഖിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നതും സഹപ്രവര്‍ത്തകരും കുടുംബവുമാണ്. യു എ ഇ യില്‍ നടന്ന വിവിധ മാരത്തോണുകളില്‍ ജോലി ചെയ്യുന്ന സ്ഥാപനമായ അഡ്‌നോക്കിന് വേണ്ടിയും സ്വാദിഖ് ഓടിയിട്ടുണ്ട്. ബര്‍ലിന്‍ മാരത്തോണില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കക്കയെ പിന്നിലാക്കിയ ചരിത്രവും സ്വാദിഖിനുണ്ട്. 42 കിലോമീറ്റര്‍ വരുന്ന ബെര്‍ലിന്‍ മാരത്തോണ്‍ മൂന്ന് മണിക്കൂറും 38 മിനിറ്റും 6 സെക്കന്റും കൊണ്ടാണ് ബ്രസീലിന്റെ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കക്ക ഫിനിഷ് ചെയ്തത്. എന്നാല്‍ ഇതേ ദൂരം മൂന്ന് മണിക്കൂറും 37 മിനിറ്റും 17 സെക്കന്റുകളും കൊണ്ടാണ് കക്കയെ സ്വാദിഖ് മറികടന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest